വിഐപി സുരക്ഷയ്ക്ക് മുന്നിൽ ജീവൻ പുല്ലുവില ? ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്; പ്രതിഷേധം ശക്തം
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ വിഐപി യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു . പൊലീസ് നിർദേശം ലംഘിച്ചെന്നാരോപിച്ച് ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് .
ഈ മാസം 16-ന് കോഴിക്കോട് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടയിലാണ് വിവാദമായ സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു സന്നദ്ധ സംഘടനയുടെ ആംബുലൻസ്. എന്നാൽ, വിഐപി സുരക്ഷയുടെ പേരിൽ ഈ വാഹനം പൊലീസ് തടഞ്ഞുവെച്ചെന്നാണ് ഡ്രൈവറുടെയും രോഗിയുടെ ബന്ധുക്കളുടെയും ഗുരുതരമായ ആരോപണം.

ആംബുലൻസിന്റെ വാതിൽ തുറന്ന് രോഗിയുടെ ഗുരുതരാവസ്ഥ പൊലീസിനെ ബോധ്യപ്പെടുത്തിയിട്ടും വാഹനം കടത്തിവിടാൻ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷവും തടസ്സം തുടർന്നുവെന്നും, ഈ സാഹചര്യത്തിലാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഡ്രൈവർ ശിഹാബുദ്ദീൻ പൊലീസ് നിർദേശം അവഗണിച്ച് വാഹനം മുന്നോട്ടെടുത്തത് .. എന്നാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കാരശ്ശേരി സ്വദേശിയായ ഡ്രൈവർ ശിഹാബുദ്ദീനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റയാൾ മൂന്ന് ദിവസത്തോളമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടർന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയത്. ഒരു നിമിഷം വൈകിയാൽ പോലും ജീവൻ നഷ്ടപ്പെടാമായിരുന്ന സന്ദർഭത്തിലാണ് ഈ ക്രൂരതയെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഐപികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അത്യാഹിത വിഭാഗത്തിലുള്ള ആംബുലൻസുകളെ തിരിച്ചറിയാനും അവയ്ക്ക് അടിയന്തരമായി വഴിയൊരുക്കാനും ചുമതലപ്പെട്ടവർ എവിടെയായിരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. രോഗിയുടെ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടിട്ടും ആംബുലൻസ് തടഞ്ഞുവെച്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് ആദ്യം അന്വേഷിക്കേണ്ടത്. രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ ശ്രമിച്ച ഡ്രൈവറെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് കടുത്ത നീതികേടാണ്
ഔദ്യോഗിക സുരക്ഷയും മനുഷ്യജീവന്റെ വിലയും തമ്മിൽ ഏറ്റുമുട്ടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന നിലപാടിലാണ് പൊതുസമൂഹവും സന്നദ്ധ സംഘടനകളും. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.
വിഐപികൾക്ക് വഴിയൊരുക്കുന്ന അതേ ജാഗ്രതയോടെ ജീവൻ രക്ഷിക്കാൻ പായുന്ന ആംബുലൻസുകൾക്കും വഴി നൽകേണ്ട സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ടതുണ്ട്. തെറ്റായ പൊലീസ് നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് രോഗിയുടെ കുടുംബവും ഡ്രൈവറും.



