നീലേശ്വരം യുവാക്കളുടെ അപകടമരണം: ലോറി ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം; ജാമ്യം നിഷേധിച്ച് കോടതി. ദേശീയപാതയിലെ അപകടകരമായ പാർക്കിങ്ങിന് ഇനിയും നിയന്ത്രണമില്ല
കാഞ്ഞങ്ങാട്: ദേശീയപാത 66-ൽ പടന്നക്കാട് കാർഷിക കോളേജിന് മുന്നിൽ അപായ മുന്നറിയിപ്പുകളില്ലാതെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ കർണാടക ബെംഗളൂരു സ്വദേശി റഹിം ബസത്തൂരിനെതിരായ കുറ്റം ബോധപൂർവമല്ലാത്ത നരഹത്യയിൽനിന്ന് ബോധപൂർവമുള്ള നരഹത്യയായി മാറ്റി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് പിന്നാലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

നവംബർ 2-ന് രാത്രി 10.30-ഓടെയായിരുന്നു പടിഞ്ഞാറ്റം കൊഴുവൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം. ദേശീയപാതയിൽ ആവശ്യമായ അപായ സൂചനകളില്ലാതെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചാണ് രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്ത റഹിം ബസത്തൂർ നിലവിൽ റിമാൻഡിലാണ്.
ആദ്യഘട്ടത്തിൽ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 106-ാം വകുപ്പ് പ്രകാരമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. എന്നാൽ അന്വേഷണത്തിനിടെ കുറ്റത്തിന്റെ സ്വഭാവം വിലയിരുത്തി ഇത് ബോധപൂർവമുള്ള നരഹത്യയുമായി ബന്ധപ്പെട്ട 105-ാം വകുപ്പാക്കി മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച പുതുക്കിയ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു.
പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാദം കേട്ടിരുന്നു. അതിനിടെ കുറ്റം ഗുരുതരമായ വകുപ്പിലേക്ക് മാറ്റിയുള്ള പോലീസ് റിപ്പോർട്ട് കോടതിയിലെത്തി. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ദേശീയപാതയിൽ മരണവല വിരിച്ച് വാഹന പാർക്കിങ്
രണ്ട് യുവാക്കളുടെ ജീവനെടുത്ത ദുരന്തം ദേശീയപാതയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വീണ്ടും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ആറുവരി ദേശീയപാതയിൽ പലയിടങ്ങളിലും വാഹനങ്ങൾ അപകടകരമായ രീതിയിൽ നിർത്തിയിടുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാതെ റോഡരികിലും മറ്റ് അപകടസാധ്യതയുള്ള ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കാം.
ഇതിനുപുറമെ, ദേശീയപാതയിൽ ചില സമയങ്ങളിൽ കൗമാരക്കാർ ‘സ്വകാര്യ ആവശ്യങ്ങൾക്കായി’ വാഹനങ്ങൾ നിർത്തിയിടുന്ന പ്രവണതയും ശ്രദ്ധയിൽപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് ദേശീയപാതയിലെ മേൽപ്പാലത്തിന് സമീപം ഇത്തരത്തിൽ ഒരു കാർ നിർത്തിയിട്ടത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കാസർകോട് നഗരത്തിലെ ഒരു ഡോക്ടർ സ്വന്തം വാഹനം നിർത്തി ഇടപെട്ട് കാർ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
അപകടം സംഭവിച്ചശേഷം മാത്രം നടപടിയോ?
ആറുവരി ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനും കാര്യക്ഷമമായ സംവിധാനമുണ്ടോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത്തരം സംഭവങ്ങൾക്കെതിരെ മതിയായ പരിശോധനയോ തുടർച്ചയായ നിരീക്ഷണമോ ഇല്ലെന്ന ആരോപണവും ശക്തമാണ്.
രണ്ട് യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് പിന്നാലെയെങ്കിലും ദേശീയപാതയിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. അപകടം സംഭവിച്ചശേഷം മാത്രം ഉണരുന്ന സംവിധാനമല്ല, അപകടം സംഭവിക്കാതിരിക്കാൻ മുൻകരുതലെടുക്കുന്ന സംവിധാനമാണ് ദേശീയപാതയിൽ വേണ്ടത്.



