കാസർകോട് നഗരസഭയിലെ കന്നുകാലി വിൽപ്പനയിൽ ഗുരുതര ആരോപണങ്ങൾ; തെരുവിൽ നിന്നും പിടികൂടി വിറ്റ 17 പശുക്കൾക്ക് വില 1.69 ലക്ഷം മാത്രം; 3 ലക്ഷം വാഗ്ദാനം ചെയ്തവരെ അറിയിച്ചില്ലെന്ന് ആരോപണം; ഭരണ–പ്രതിപക്ഷ ഭായി ഭായി കളിക്ക് പിന്നിൽ കമ്മീഷൻ ഇടപാടോ?
കാസർകോട്: നഗരത്തിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടന്ന കറവപ്പശുക്കൾ ഉൾപ്പെടെയുള്ള 17 കന്നുകാലികളെ പിടികൂടി വെറും 1,69,000 രൂപയ്ക്ക് വിറ്റഴിച്ച കാസർകോട് നഗരസഭയുടെ നടപടി പുതിയ വിവാദത്തിലേക്ക്. ലക്ഷങ്ങളുടെ വിപണിമൂല്യമുണ്ടാകാമെന്ന് വിലയിരുത്തുന്ന കന്നുകാലികളെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചതും വിൽപ്പനയിൽ നിയമം അനുശാസിക്കുന്ന സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യവുമാണ് നഗരസഭാ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇത്രയും വലിയൊരു സാമ്പത്തിക ഇടപാടിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ധാരണയുള്ളതുപോലെയാണ് നീക്കങ്ങൾ ഉണ്ടായതെന്ന ആരോപണമാണ്. സാധാരണ രാഷ്ട്രീയ വിഷയങ്ങളിൽ പരസ്പരം പോരടിക്കുന്നവർക്ക് ഈ കന്നുകാലി വിൽപ്പനയുടെ കാര്യത്തിൽ എന്താണ് ഇത്രയേറെ ഐക്യം? അതോ രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം എല്ലാവർക്കും സ്വീകാര്യമായ ഒരു ‘ഭായി ഭായി’ കച്ചവടമാണോ ഇവിടെ നടന്നത്?
ഒരു പശുവിന് ശരാശരി വില വെറും 9,941 രൂപ!
17 കന്നുകാലികളെ വിറ്റതിലൂടെ നഗരസഭയ്ക്ക് ലഭിച്ചത് ആകെ 1,69,000 രൂപയാണ്. അതായത് ഒരു കന്നുകാലിക്ക് ശരാശരി ലഭിച്ചത് വെറും 9,941 രൂപ മാത്രം.
ഈ 17 കന്നുകാലികൾക്കും കൂടി വിപണിവിലയുടെ അടിസ്ഥാനത്തിൽ ഏകദേശം 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ ലഭിക്കുമായിരുന്നുവെന്നാണ് ഉയരുന്ന വാദം. എന്നാൽ ഈ വിപണിവില സംബന്ധിച്ച സ്വതന്ത്ര വെറ്ററിനറി അല്ലെങ്കിൽ വിദഗ്ധ മൂല്യനിർണയ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
പശുക്കളുടെ പ്രായം, ആരോഗ്യം, കറവശേഷി, ഇനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചുള്ള ഔദ്യോഗിക മൂല്യനിർണയം നഗരസഭ നടത്തിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. വിപണിവില സംബന്ധിച്ച ഉയർന്നുവരുന്ന കണക്കുകൾ ശരിയാണെങ്കിൽ നഗരസഭയ്ക്ക് കുറഞ്ഞത് 3.31 ലക്ഷം മുതൽ 5.31 ലക്ഷം രൂപ വരെ വരുമാനനഷ്ടമുണ്ടായിരിക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിയമവും ലേലനടപടികളും എവിടെ?
കന്നുകാലികളെ പിടിച്ചെടുക്കുന്നതിനും നിയമാനുസൃതമായി വിൽക്കുന്നതിനും നഗരസഭയ്ക്ക് അധികാരമുണ്ടെങ്കിലും അതിന് വ്യക്തമായ നിയമപരമായ നടപടിക്രമങ്ങളുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്ട് 1994-ലെ 439(3)-ാം വകുപ്പ് പ്രകാരം പൊതുവഴികളിലും തെരുവുകളിലും ഗതാഗതതടസ്സമോ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പിടിച്ചെടുക്കാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ട്. എന്നാൽ തുടർന്നുള്ള നടപടികൾ കേരള കന്നുകാലി അതിക്രമം തടയൽ നിയമം 1961 അനുസരിച്ചായിരിക്കണം. ഈ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം പിടിച്ചെടുക്കുന്ന ഓരോ കന്നുകാലിയുടെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. പിടിച്ചെടുത്ത തീയതി, സമയം, സ്ഥലം, മൃഗങ്ങളുടെ എണ്ണം, വിവരണം, ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ അതിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
13-ാം വകുപ്പ് പ്രകാരം ഏഴു ദിവസത്തിനുള്ളിൽ ഉടമ കന്നുകാലികളെ അവകാശപ്പെട്ടില്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം അവയുടെ വിവരങ്ങൾ ഓഫീസിൽ പ്രദർശിപ്പിക്കണം. നോട്ടീസ് നൽകിയ തീയതി മുതൽ വീണ്ടും ഏഴു ദിവസം കൂടി കഴിഞ്ഞിട്ടും ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ പൊതുലേലത്തിലൂടെ വിൽക്കണമെന്നാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്.
17 കന്നുകാലികളെയും പിടിച്ചെടുത്തതിന്റെ ഔദ്യോഗിക രേഖകൾ എവിടെ? ഓരോ കന്നുകാലിയുടെയും വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടോ? നിയമം അനുശാസിക്കുന്ന രീതിയിൽ നോട്ടീസ് പ്രദർശിപ്പിച്ചിരുന്നോ? പൊതുലേലം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തീയതി, സ്ഥലം, ലേലനോട്ടീസ്, ലേലത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ എന്നിവ പുറത്തുവിടുമോ? ന്യായമായ വില ലഭിക്കില്ലെന്ന് ബന്ധപ്പെട്ട ഡയറക്ടർക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിൽ അതിന്റെ അടിസ്ഥാനത്തിലുള്ള രേഖാമൂലമുള്ള ഉത്തരവ് എവിടെ?ഇതിനൊക്കെ നഗരസഭ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്.

മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങാൻ ആളുകൾ തയ്യാറായിരുന്നിട്ടും അറിയിച്ചില്ലേ?
ഈ ഇടപാടിൽ ഏറ്റവും ഗൗരവമുള്ള മറ്റൊരു ആരോപണം, മൂന്ന് ലക്ഷം രൂപയ്ക്ക് കന്നുകാലികളെ വാങ്ങാൻ തയ്യാറായി ആളുകൾ എത്തിയിരുന്നുവെങ്കിലും അവരെ അറിയിക്കാതെയാണ് വിൽപ്പന നടപടികൾ നടന്നതെന്നതാണ്.
ഈ ആരോപണം ശരിയാണെങ്കിൽ ലേലത്തിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളാണ് ഉയരുന്നത്. കൂടുതൽ തുക നൽകാൻ തയ്യാറായവരെ അറിയിക്കാതെ കുറഞ്ഞ തുകയ്ക്ക് കന്നുകാലികളെ വിറ്റതെന്തിനാണ്? ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അവസരം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണ്?
നഗരസഭയുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കേണ്ടവർ തന്നെ കൂടുതൽ വരുമാനം ലഭിക്കാനുള്ള അവസരം ഒഴിവാക്കിയോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
കമ്മീഷൻ ഇടപാട് നടന്നോ? ഭരണ–പ്രതിപക്ഷ മൗനത്തിന് പിന്നിലെന്ത്?
ഈ വിൽപ്പനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയതലത്തിൽ കമ്മീഷൻ ഇടപാട് നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ചില ഇടനിലക്കാർക്ക് ലക്ഷം രൂപ വീതം കമ്മീഷൻ ലഭിച്ചുവെന്നാണ് ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്ന ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളോ ആരോപണവിധേയരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യപ്രതിപക്ഷമായ ബിജെപി മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാണ്. സാധാരണ നഗരസഭയിലെ ചെറിയ വിഷയങ്ങൾ പോലും രാഷ്ട്രീയ പോരാട്ടമാക്കുന്നവർക്ക് 17 പശുക്കളുടെ വിൽപ്പനയുടെ കാര്യത്തിൽ എന്താണ് ഇത്ര വലിയ മൗനം? ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് നിർത്തുന്ന എന്തെങ്കിലും പൊതുതാൽപര്യം ഈ ഇടപാടിലുണ്ടോ? കന്നുകാലി വിൽപ്പനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ അവ തള്ളിക്കളയാനും വസ്തുതകൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനും നഗരസഭാ ഭരണസമിതിക്ക് ബാധ്യതയുണ്ട്.
നഗരസഭാ സെക്രട്ടറി, ചെയർപേഴ്സൺ, ബന്ധപ്പെട്ട സ്ഥിരംസമിതി, ഭരണസമിതി അംഗങ്ങൾ എന്നിവർ ഈ വിഷയത്തിൽ ജനങ്ങളോട് മറുപടി പറയണം. ലേലത്തിന്റെ മിനിറ്റ്സ്, നോട്ടീസ്, വാങ്ങിയവരുടെ വിവരങ്ങൾ, ലഭിച്ച തുകയുടെ രസീത്, കന്നുകാലികളുടെ മൂല്യനിർണയ റിപ്പോർട്ട്, ഡയറക്ടറുടെ പ്രത്യേക ഉത്തരവ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. 17 പശുക്കളെ വിറ്റപ്പോൾ ലഭിച്ചത് 1.69 ലക്ഷം രൂപയാണെങ്കിൽ ആ തുകയുടെ കണക്കും വിൽപ്പനയുടെ നടപടിക്രമങ്ങളും പുറത്തുവിടാൻ എന്തിനാണ് മടി? ജനാധിപത്യത്തിൽ നഗരസഭയുടെ യഥാർത്ഥ ഉടമകൾ ജനങ്ങളാണ്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഭരണസമിതി ബാധ്യസ്ഥമാണ്.



