വീട്ടിലെ ബാധയൊഴിപ്പിക്കാനെത്തിയ തങ്ങൾ വീട്ടിലെ സ്വർണ്ണവും കൊണ്ടുപോയി ! മുട്ടയും വെറ്റിലയും ചുണ്ണാമ്പും കൊണ്ടുള്ള ക്രിയകൾക്ക് ശേഷം മഞ്ഞൾവെള്ളത്തിൽ മുക്കിയത് 15 പവൻ സ്വർണം , അന്ധവിശ്വാസത്തിൽ കുടുങ്ങിയപ്പോൾ നഷ്ടം ലക്ഷങ്ങൾ, സംഭവം മഞ്ചേശ്വരത്ത്
അന്ധവിശ്വാസത്തിന്റെ ആഴക്കടലില്‍ വിശ്വാസികള്‍ വീണ്ടും വീണ്ടും മുങ്ങിത്താഴുന്നതിന്റെ മറ്റൊരു ഞെട്ടിക്കുന്ന ഉദാഹരണമാണ് മഞ്ചേശ്വരത്തുനിന്ന് പുറത്തുവരുന്നത്. പ്രസവാനന്തരമുള്ള ശാരീരിക അസ്വസ്ഥതകളാല്‍ ബുദ്ധിമുട്ടിയ യുവതിയെയും കുടുംബത്തെയും അറിവില്ലായ്മയുടെയും വിശ്വാസത്തിന്റെയും മറവില്‍ പറ്റിച്ച ഒരു ‘തങ്ങൾ’ നടത്തിയത് സിനിമയെ വെല്ലുന്ന തട്ടിപ്പാണ്. വിശ്വാസത്തിന്റെ ഇഴകീറി പരിശോധിക്കുമ്പോൾ ഇത്തരം ചൂഷകർ നമ്മുടെ സമൂഹത്തിൽ പടർത്തിവിടുന്ന അന്ധകാരത്തിന്റെ ആഴം എത്ര വലുതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കാസർകോട് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാത്തൂരിലെ 27 കാരിയായ യുവതി രണ്ട് മാസം മുമ്പ് പ്രസവിച്ചതുമുതൽ കടുത്ത വയറു വേദനയും മറ്റു അസുഖങ്ങളും കൊണ്ട് വലയുകയായിരുന്നു. നല്ല ഡോക്ടർമാരെ കണ്ട് സ്കാനിങ്ങും പരിശോധനകളും നടത്തിയിട്ടും അസുഖം ഭേദമാകാതിരുന്നതോടെയാണ് കുടുംബം വഴിതെറ്റി ചിന്തിച്ചു തുടങ്ങിയത്. രോഗാവസ്ഥയുടെ ആ നിസ്സഹായാവസ്ഥയാണ് ഇത്തരം കബളിപ്പിക്കൽ വീരന്മാർക്ക് ചൂഷണം ചെയ്യാനുള്ള ഏറ്റവും വലിയ വളക്കൂറുള്ള മണ്ണായി മാറുന്നത്. ബന്ധു വഴി ബണ്ട്വാളിലെ ‘സഫുവാൻ തങ്ങളെ’ക്കുറിച്ചറിഞ്ഞ ഇവർ, രോഗം മാറ്റാമെന്ന വ്യാമോഹത്തിൽ അയാളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു.
വീട്ടിലെത്തിയ തങ്ങൾ, ഇവിടെ ഗുരുതരമായ ‘ബാധ’യുടെയും ശൈത്താനിയത്തിന്റെ പ്രശ്നങ്ങളുണ്ടെന്നും അത് വീട്ടിലുള്ള എല്ലാവരെയും ബാധിക്കുമെന്നും പറഞ്ഞ് കുടുംബത്തെ ഭയപ്പെടുത്തി വരുതിയിലാക്കി. പ്രശ്നം തീർക്കാനെന്ന പേരിൽ മുട്ട, വെറ്റില, ചുണ്ണാമ്പ് എന്നിവയുമായി മൂന്ന് തവണയാണ് ഇയാൾ നാടകം കളിച്ചത്. ഒടുവിൽ നവംബർ ഒന്നിന് വീണ്ടും എത്തിയ തങ്ങൾ നടത്തിയ തട്ടിപ്പ് വരേണ്യവർഗ്ഗത്തിന്റെ പോലും കണ്ണുതുറപ്പിക്കുന്നതാണ്. വീട്ടിലുള്ള അസുഖങ്ങളും ദോഷങ്ങളും മാറ്റാൻ സ്വർണ്ണാഭരണങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും, മാലയും വളയും മോതിരവുമടക്കം 15 പവൻ സ്വർണ്ണം ഒരു കലത്തിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് മഞ്ഞൾപ്പൊടിയും വെള്ളവും കലക്കി അതിലേക്ക് സ്വർണ്ണാഭരണങ്ങൾ ഇട്ട്, പച്ചത്തുണി കൊണ്ട് കലം മൂടിക്കെട്ടി സ്വന്തം വീട്ടിൽ കൊണ്ടുപോയി പ്രത്യേക ക്രിയകൾ ചെയ്ത് തിരിച്ചേൽപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് തങ്ങൾ ആ സ്വർണ്ണവുമായി മുങ്ങുകയായിരുന്നു. ആയിരം തവണ ഇത്തരം തട്ടിപ്പുകളും ചൂഷണങ്ങളും നടന്നിട്ടും, കൺമുന്നിൽ അന്ധവിശ്വാസത്തിന്റെ പേരിൽ സർവ്വസ്വവും നഷ്ടപ്പെട്ടിട്ടും വിശ്വാസികൾ വീണ്ടും ഇത്തരം ആൾദൈവങ്ങളുടെയും മന്ത്രവാദികളുടെയും പിറകെ തന്നെ പോകുന്നതിന്റെ ദുരന്തമുഖമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ബാധയൊഴിപ്പിക്കാനെന്ന പേരിൽ നടത്തുന്ന ഇത്തരം ശൈത്താനിയായ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ട സമൂഹം തന്നെയാണ് ഇത്തരം ചൂഷകർക്ക് വളം നൽകുന്നത്.
ഒടുവിൽ സ്വർണ്ണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് യുവതി മഞ്ചേശ്വർ പൊലീസിൽ പരാതി നൽകിയതും, ബണ്ട്വാളിൽ അമ്മമ്മാർ വീട്ടിൽ താമസിക്കുന്ന കാസിമിന്റെ മകനായ സഫുവാൻ തങ്ങൾക്കായുള്ള പൊലീസ് അന്വേഷണം ആരംഭിച്ചതും. അന്ധവിശ്വാസത്തിന്റെ പുറകെ പോയി ജീവിതത്തിലെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഇനിയെങ്കിലും കണ്ണുതുറക്കേണ്ടിയിരിക്കുന്നു.



