bncmalayalam.in

കാസർകോടിന്റെ യാത്രാദുരിതത്തിന് അറുതിയാകുന്നു; എം.ജി. റോഡ് വികസനത്തിന് വഴിതെളിയുന്നു, സർക്കാരിന്റെ ഉറപ്പുമായി കല്ലട്ര മാഹിൻ എം.എൽ.എ

കാസർകോടിന്റെ യാത്രാദുരിതത്തിന് അറുതിയാകുന്നു; എം.ജി. റോഡ് വികസനത്തിന് വഴിതെളിയുന്നു, സർക്കാരിന്റെ ഉറപ്പുമായി കല്ലട്ര മാഹിൻ എം.എൽ.എ

കാസർഗോഡ് : നാടിന്റെ വികസനത്തിനായി മുന്നോട്ടുവരുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി സർക്കാർ. റോഡ് വികസനത്തിനും നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതായി സൗജന്യമായി ഭൂമി വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അർഹമായ ഇളവുകൾ അനുവദിക്കുന്ന കാര്യത്തിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ നിയമസഭയിൽ ഉന്നയിച്ച അടിയന്തര പ്രാധാന്യമുള്ള സബ്‌മിഷന് മറുപടിയായാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

kallat-mahin-mla-mg-road-development-kasaragod-government-assurance

റോഡ് വികസനത്തിന് തടസ്സമായ സാങ്കേതിക കുരുക്കുകൾക്ക് വിരാമം

കാസർകോട് നഗരത്തിന്റെ മുഖച്ഛായ മാറ്റേണ്ട എം.ജി. റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധരായിരുന്നെങ്കിലും, സാങ്കേതിക തടസ്സങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നൂലാമാലകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. റോഡ് വീതികൂട്ടാനായി സ്ഥലം വിട്ടുനൽകിയ ശേഷം ബാക്കി വരുന്ന ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്തുമ്പോഴും, ഭാഗികമായി പൊളിച്ച കെട്ടിടങ്ങൾ ബലപ്പെടുത്തുമ്പോഴും ഉടമകൾ കടുത്ത ദുരിതമാണ് നേരിട്ടിരുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ തടസ്സവാദങ്ങൾ കാരണം പലരും സ്ഥലം നൽകാൻ മടിക്കുന്നതും വിഷയങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് നീളുന്നതും വികസന പദ്ധതികളെ ഗുരുതരമായി ബാധിച്ചിരുന്നു.

കാസർകോടിന്റെ വേദന സർക്കാരിന് മുന്നിൽ തുറന്നുകാട്ടി എം.എൽ.എ

നാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന ദാരുണമായ അപകടങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും കാസർകോട് നഗരവാസികൾക്ക് വലിയ തലവേദനയായിരുന്നു. പ്രത്യേകിച്ചും, എം.ജി. റോഡ് പ്രവേശന കവാടത്തിലുണ്ടായ രണ്ട് വലിയ അപകടങ്ങളും, നഗരത്തിന് വലിയ സേവനങ്ങൾ നൽകിയ പൊതുപ്രവർത്തകൻ ഹനീഫയുടെ ദാരുണമായ മരണവും ചൂണ്ടിക്കാണിച്ചാണ് കല്ലട്ര മാഹിൻ എം.എൽ.എ നിയമസഭയിൽ ശക്തമായ നിലപാടെടുത്തത്.

ഈ ദുസ്ഥിതിക്ക് ശാശ്വത പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെ, ഫ്ലോർ ഏരിയ റേഷ്യോ (FAR), കവറേജ്, പാർക്കിംഗ് എന്നിവയിൽ അർഹമായ ഇളവുകൾ നൽകണമെന്നും കർണാടകയിലെ ബി.ബി.എം.പി മാതൃകയിലുള്ള ടി.ഡി.ആർ (വികസന അവകാശ സർട്ടിഫിക്കറ്റ്) കേരളത്തിലും നടപ്പിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

സർക്കാരിന്റെ അനുകൂല മറുപടി; പ്രതീക്ഷയോടെ നാടും

എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്, ഭൂമി വിട്ടുനൽകുന്നവർക്ക് ചട്ടങ്ങളിൽ നിലവിൽ തന്നെ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. 2019-ലെ കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ അധ്യായം 10 പ്രകാരം ഭൂമി സൗജന്യമായി വിട്ടുകൊടുത്തവർക്ക് പുതിയ കെട്ടിട നിർമ്മാണത്തിനും മാറ്റങ്ങൾക്കും നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി ഭൂവുടമകൾ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകിയാൽ മതിയെന്നും, നടപടിക്രമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കിൽ അത് അടിയന്തരമായി പരിശോധിച്ച് പരിഹരിക്കുമെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി. ജനങ്ങളുടെ ജീവന് വില കൽപ്പിച്ചും നാടിന്റെ വികസനം മുൻനിർത്തിയും കല്ലട്ര മാഹിൻ എം.എൽ.എ നടത്തിയ ഈ നിരന്തര ശ്രമങ്ങളും നിയമസഭയിലെ ഇടപെടലും കാസർകോട് നഗരത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തുമെന്നും, എം.ജി. റോഡ് വികസനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വേഗത പകരുമെന്നുമാണ് നാടിന്റെ പൊതുവായ പ്രതീക്ഷ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *