കാസറഗോഡ് നഗരസഭയ്ക്കെതിരായ അസത്യ പ്രചരണങ്ങൾ: ഭരണസമിതിയുടെ ശക്തമായ പ്രതിഷേധം,വ്യാജ പ്രചരണങ്ങളും അപവാദ ബ്ളോഗിംഗും ജനങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥന
കാസറഗോഡ്: നഗരത്തിന്റെ വികസന പ്രവർത്തനങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും ബോധപൂർവ്വം അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ തെറ്റായ ധാരണകൾ പടർത്താനുമുള്ള ചില പ്രാദേശിക മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും അസത്യ പ്രചരണങ്ങൾക്കെതിരെ കാസറഗോഡ് നഗരസഭ ഭരണസമിതി ശക്തമായ വിയോജിപ്പും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി. വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾക്കും അർദ്ധസത്യങ്ങൾക്കുമെതിരെ നഗരസഭയുടെ സുതാര്യവും ജനക്ഷേമകരവുമായ നിലപാടുകൾ ഭരണസമിതി വിശദീകരിച്ചു.
പ്രധാന യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് നഗരസഭ മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ:
- സീ വ്യൂ പാർക്ക് നവീകരണം: റെയിൽവേ സ്റ്റേഷന് സമീപമുള്ള സീ വ്യൂ പാർക്ക് നവീകരിച്ച് കൂടുതൽ ആകർഷകമാക്കാൻ കഴിഞ്ഞ കൗൺസിൽ യോഗം ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (Joint Venture) നടത്തിപ്പിനായി തികച്ചും സുതാര്യമായ നടപടികളിലൂടെയാണ് താല്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. കൗൺസിലിൽ ഒരൊറ്റ വരി പോലും എതിർക്കാതിരുന്ന ബി.ജെ.പി. നേതാക്കൾ, ഇപ്പോൾ പുറത്തുപോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചരണം നടത്തുകയാണ്.
- പേ പാർക്കിംഗ് സംവിധാനം: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വർഷങ്ങൾക്ക് മുമ്പ് നയപരമായി തീരുമാനിച്ചതാണ് പേ പാർക്കിംഗ് സമ്പ്രദായം. കെ.പി.ആർ. റാവു റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് ഒഴിവാക്കി പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സൗകര്യം ഒരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിൽ ബി.ജെ.പി. അംഗങ്ങളും സജീവമായി പങ്കെടുത്ത് പൂർണ്ണ പിന്തുണ നൽകിയതാണ്. എന്നാൽ ഇപ്പോൾ പത്രങ്ങളിലൂടെ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ കാപട്യവും ജനവഞ്ചനയുമാണ്.
- വികസന പ്രവർത്തനങ്ങളുടെ പുരോഗതി: 2025 ഡിസംബറിൽ അധികാരമേറ്റ പുതിയ ഭരണസമിതി വ്യക്തമായ വികസന കാഴ്ചപ്പാടോടെയാണ് മുന്നോട്ടുപോകുന്നത്. മുൻ ഭരണസമിതിയുടെ അവശേഷിച്ച പദ്ധതികളും സ്പിൽ ഓവർ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങളും ഡി.പി.സി. അംഗീകാരം വീണ്ടും എടുക്കേണ്ടി വന്നതും വികസന പ്രവൃത്തികളിൽ അല്പം കാലതാമസമുണ്ടാക്കിയിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം പദ്ധതികളുടെയും ആസൂത്രണങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഒക്ടോബർ 31-വരെയാണ് സി.എഫ്.സി. (CFC) പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിക്കാനുള്ള സമയ പരിധി. തുടർന്നു ലഭിക്കുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ യുദ്ധകാലാടിസ്ഥാനത്തിൽ ബാക്കി മുഴുവൻ പദ്ധതികളും പൂർത്തീകരിക്കാനുള്ള കർശന ഒരുക്കത്തിലാണ് നഗരസഭ.
- വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത: ഭരണസമിതി സ്വന്തം ആസൂത്രണത്തിലൂടെ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കി, പിന്നീട് അവ യാഥാർത്ഥ്യമാകുമ്പോൾ തങ്ങളുടെ സമ്മർദ്ദം മൂലമാണ് അത് ചെയ്തെന്ന് വരുത്തിതീർക്കാനുള്ള ചിലരുടെ കുൽസിത തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യാതൊരു ഔദ്യോഗിക പദവിയോ സാമൂഹിക ഉത്തരവാദിത്തമോ ഇല്ലാത്ത, ജനങ്ങൾ തീർത്തും എഴുതി തള്ളിയ ചിലർ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങളും അപവാദ ബ്ളോഗിംഗും തിരിച്ചറിഞ്ഞ് പൊതുജനങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്ന് നഗരസഭ അഭ്യർത്ഥിച്ചു.
നഗരത്തിന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി പൂർണ്ണമായും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന നഗരസഭ ഭരണസമിതിയുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളെ എല്ലാ അർത്ഥത്തിലും ജനാധിപത്യരീതിയിൽ പ്രതിരോധിക്കുകയും ജനങ്ങളെ അണിനിരത്തി നേരിടുകയും ചെയ്യുമെന്ന് ഭരണസമിതി കർശനമായി അറിയിച്ചു.



