കാസർഗോഡ് : മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ച തുറന്നുസമ്മതിച്ചും, മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് മറുപടി നൽകിയും സോഷ്യൽ മീഡിയ വ്ലോഗർ ‘ഹെലൻ ഓഫ് സ്പാർട്ട’ (ധന്യ). ഒരു പരിപാടിക്കിടെ താൻ ബിയർ കഴിച്ചിരുന്നുവെന്നും ആ അവസ്ഥയിൽ വാഹനമോടിച്ചത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും ധന്യ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. തെറ്റിനെ ഒട്ടും ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ അവർ, തന്നെ സ്നേഹിക്കുന്നവരോടും ഫോളോവേഴ്സിനോടും ക്ഷമ ചോദിക്കുകയും ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വാഹനം പോലീസ് കസ്റ്റഡിയിലാണെന്നും മയക്കുമരുന്ന് (MDMA) കണ്ടെടുത്തതിനാലാണ് പോലീസ് പിടിച്ചതെന്നും ഉള്ള രീതിയിൽ ചാനലുകളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ധന്യ പറഞ്ഞു. പോലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയത്, തന്നെ അറിയുന്നവർ റോഡിൽ വെച്ച് വീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന ആശങ്ക കൊണ്ടാണ്. തുടർന്ന് വീടിന് മുന്നിൽ വെച്ച് പോലീസ് പരിശോധന നടത്തുകയും, മദ്യപിച്ചിട്ടുണ്ടെന്ന് താൻ സമ്മതിക്കുകയും ചെയ്തു. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച ശേഷം സ്വാഭാവിക നിയമനടപടിയുടെ ഭാഗമായി പിഴ കോടതിയിൽ അടയ്ക്കാൻ നിർദ്ദേശിച്ചാണ് പോലീസ് മടങ്ങിയത്. തന്റെ വാഹനം കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ലഹരിമരുന്ന് ഉപയോഗിച്ചു എന്ന തരത്തിലുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയാൻ കാസർകോട്ടെ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പോയി ഡ്രഗ് ആന്റ് ആൽക്കഹോൾ ടെസ്റ്റ് നടത്തിയതായും ധന്യ അറിയിച്ചു. ഇതിന്റെ മെഡിക്കൽ റിപ്പോർട്ടും അവർ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. താൻ ഒരു സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെ കള്ള വാർത്തകൾ നൽകി ആഘോഷിച്ച ചില മാധ്യമപ്രവർത്തകരുടെ നിലപാടിനെ ധന്യ രൂക്ഷമായി വിമർശിച്ചു.
തന്റെ തെറ്റ് കൃത്യമായി ഏറ്റുപറയാൻ കാണിച്ച ധന്യയുടെ ഈ നിലപാട്, കുറ്റങ്ങൾ മറച്ചുവെക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്ന ഇന്നത്തെ കാലത്ത് ഒരു നല്ല മാതൃകയാണ്. അതേസമയം, റീച്ചിന് വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങൾ, 16 ഓളം പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സൈറ്റിനെതിരെ താൻ നൽകിയ പരാതിയെക്കുറിച്ച് വാർത്ത നൽകാൻ തയ്യാറായില്ലെന്ന ആക്ഷേപവും ധന്യ വീഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് പിന്തുണയുമായി ഒപ്പം നിന്ന സുഹൃത്തുക്കൾക്കും ഫോളോവേഴ്സിനും ധന്യ നന്ദി അറിയിച്ചു.



