കാഞ്ഞങ്ങാട്: ഡിജിറ്റൽ യുഗത്തിൽ എല്ലാം വിരൽത്തുമ്പിലാകുമ്പോൾ, മയക്കുമരുന്ന് കടത്താനും ‘കാലഘട്ടത്തിന് മുമ്പേ സഞ്ചരിച്ച’ ഒരു പുത്തൻ മാർഗ്ഗം പരീക്ഷിച്ച ചിത്താരി സ്വദേശിക്ക് ഒടുവിൽ പാളി. കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കടത്താൻ ശ്രമിച്ച് ‘ഹൈടെക്’ ആകാൻ നോക്കിയ ജാവിദ് അലവി (33) എന്ന യുവാവാണ് ഇപ്പോൾ ഹോസ്ദുർഗ് പോലീസിന്റെ അതിഥിയായിരിക്കുന്നത്
പരമ്പരാഗതമായി ശരീരത്തിലൊളിപ്പിച്ചും ബാഗുകളിൽ ഒളിപ്പിച്ചും മയക്കുമരുന്ന് കടത്തുന്ന പഴയ രീതികളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ജാവിദ് ചിന്തിച്ചത്. അജാനൂർ ഗ്രാമത്തിലെ മടിയിലുള്ള ഒരു കൊറിയർ സ്ഥാപനം വഴി ആർക്കും സംശയം തോന്നാത്ത രീതിയിൽ പാക്കറ്റിലാക്കി സാധനം ഡെലിവറി ചെയ്യാനായിരുന്നു പ്ലാൻ. മെയ് 22-ന് രാത്രി എത്തിയ ജാവിദിന്റെ ഐഡിയ ഒക്കെ സൂപ്പറായിരുന്നു, പക്ഷെ കൊറിയർ അയക്കാൻ നൽകിയ ഫോമിൽ വിലാസം എഴുതിയപ്പോൾ പണി പാളി.
അപൂർണ്ണമായ വിലാസം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ, “ഭായ്, ഇതൊന്ന് തിരുത്തി കൃത്യമായ അഡ്രസ്സ് എഴുതൂ” എന്ന് ആവശ്യപ്പെട്ടതേയുള്ളൂ. അതോടെ നമ്മുടെ ‘പുതുയുഗ സംരംഭകൻ’ പതറി. സംശയത്തിന്റെ കരിനിഴൽ വീണതോടെ പാക്കറ്റ് അവിടെത്തന്നെ ഉപേക്ഷിച്ച് താരം ഒറ്റയോട്ടം.

യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ജീവനക്കാർ പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് സംഗതി ‘വേറെ ലെവലാണെന്ന്’ മനസ്സിലായത്. അകത്തിരിക്കുന്നത് 1.580 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ..
ഉടൻ തന്നെ വിവരമറിഞ്ഞ് ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി നിയമപ്രകാരമുള്ള സീഷർ മഹസ്സർ തയ്യാറാക്കി തൊണ്ടിമുതൽ കസ്റ്റഡിയിലെടുത്തു.
പുതിയ സാങ്കേതിക വിദ്യകളും മാർഗ്ഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ സൈബർ സെല്ലിന്റെയും മറ്റ് അന്വേഷണ മികവിന്റെയും സഹായത്തോടെ പോലീസ് ഒടുവിൽ ചിത്താരിയിൽ നിന്ന് തന്നെ പൊക്കി. ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിതിൻ, നീതു തച്ചഞ്ചേരി, പ്രേമൻ സിവി, സീനിയർ സിവിൽ പോലീസ് ഓഫീസർ രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, രമിത്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഈ ‘ബുദ്ധിമാനായ’ പ്രതിയെ വലയിലാക്കിയത്.
ഇത്തരത്തിലുള്ള ‘ആധുനിക’ കടത്തു രീതികൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്തായാലും കാലത്തിന് മുൻപേ സഞ്ചരിച്ച് കൊറിയർ വഴി മയക്കുമരുന്ന് കടത്താൻ നോക്കിയ യുവാവിപ്പോൾ പുതിയ ആശയങ്ങൾ ചിന്തിക്കുകയാണ്.



