പ്രിയദർശിനി സൗജന്യ യാത്ര: കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് പൂർണം; ഉൾനാടൻ മേഖലകളിൽ ജനജീവിതം ദുസ്സഹം
കാസർകോട്: സർക്കാരിന്റെ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായെന്ന് ആരോപിച്ച് കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. ബസ് ഉടമകളും തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് രാവിലെ 10 മണിയോടെ കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അനുകൂലമായ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.
ദേശീയപാതകളെ ആശ്രയിക്കുന്ന യാത്രക്കാരെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കാസർകോട് – മംഗളൂരു, കാസർകോട് – കണ്ണൂർ റൂട്ടുകളിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
എന്നാൽ ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിലും മലയോര പഞ്ചായത്തുകളിലും പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ഈ മേഖലകളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ നാമമാത്രമാണ്. പൂർണ്ണമായും സ്വകാര്യ ബസുകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾക്കും നിത്യവേതനക്കാരായ തൊഴിലാളികൾക്കും നഗരങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും എത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ കളക്ഷൻ കുത്തനെ ഇടിഞ്ഞതായി ഉടമകൾ പറയുന്നു. ഉൾനാടുകളിൽ നിന്ന് സ്വകാര്യ ബസുകളിൽ കയറുന്ന യാത്രക്കാർ പോലും, കെ.എസ്.ആർ.ടി.സി സർവീസുള്ള പ്രധാന ജംഗ്ഷനുകളിൽ എത്തിയാൽ അവിടെയിറങ്ങി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുകയാണ്. ഇത് പ്രതിദിനം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ബസ് ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണെന്നുമാണ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല



