തിരുവനന്തപുരം: ആ വീട്ടിൽ ഇനി അവന്റെ കുറുമ്പുകളില്ല, ചിരികളില്ല. നെഞ്ചുപൊട്ടുന്ന വേദനയുടെ കരിനിഴലിലും ഒരു നാടിന് മുഴുവൻ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് ഏഴു വയസ്സുകാരൻ യാഷ് വാൻ. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ഈ കുരുന്നുമാലാഖയുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം അഞ്ച് മനുഷ്യർക്കാണ് ഭൂമിയിൽ പുതുജീവിതം സമ്മാനിക്കുന്നത്.
മാറത്തുരുമ്മി കിടന്ന തങ്ങളുടെ ജീവന്റെ കഷ്ണം ഇനിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ആ മാതാപിതാക്കൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മകന്റെ ചലനമറ്റ ശരീരം നോക്കി അവർ കരഞ്ഞുതീർത്ത കണ്ണീരിന് ഒടുവിലാണ്, ലോകത്തെ ഏറ്റവും വലിയ കാരുണ്യത്തിന്റെ തീരുമാനത്തിലേക്ക് ആ അച്ഛനും അമ്മയും എത്തിയത്. “ഞങ്ങളുടെ മകൻ പോയി, പക്ഷേ അവന്റെ ശ്വാസം മറ്റാരിലെങ്കിലും നിലനിൽക്കട്ടെ… അവന്റെ കണ്ണുകളിലൂടെ ഈ ലോകം അവൻ ഇനിയും കാണട്ടെ…” എന്ന ആ മാതാപിതാക്കളുടെ ചിന്ത തങ്ങളെപ്പോലെ തകർന്നടിഞ്ഞ മറ്റ് അഞ്ച് കുടുംബങ്ങൾക്ക് നൽകിയ ആശ്വാസം വാക്കുകൾക്ക് അപ്പുറമാണ്. സ്വന്തം മകനെ നഷ്ടപ്പെടുമ്പോഴും മറ്റുള്ളവരുടെ വേദന തുടച്ചുമാറ്റാൻ കാണിച്ച ആ വലിയ മനസ്സ്, മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ സാന്ത്വനമായി മാറുന്നു.
തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാരുടെ പരമാവധി ശ്രമങ്ങൾക്കും അപ്പുറം മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെയാണ്, ആ കുടുംബം ഈ കഠിനമായ തീരുമാനമെടുത്തത്.
അവയവങ്ങൾ കാത്തിരിക്കുന്ന രോഗികളിലേക്ക് സമയബന്ധിതമായി എത്തിക്കാൻ കേരള പൊലീസും ആരോഗ്യവകുപ്പും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി റോഡിലെ മറ്റ് വാഹനങ്ങൾ നിയന്ത്രിച്ച്, ആംബുലൻസിന് തടസ്സമില്ലാതെ പോകാൻ പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കും കോഴിക്കോട് ഉൾപ്പെടെയുള്ള വിദൂര കേന്ദ്രങ്ങളിലേക്ക് അവയവങ്ങൾ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.KL 16 W 424 എന്ന നമ്പറിലുള്ള ആംബുലൻസിലാണ് ജീവന്റെ തുടിപ്പുകളുമായി ഡ്രൈവർമാർ കോഴിക്കോട്ടേക്ക് കുതിക്കുന്നത്



