ഇനി ചെറിയ മത്തി ഇല്ല , ഏറ്റവും ചുരുങ്ങിയത് 10 സെന്റീമീറ്റർ വേണം ; ചെറുമീനുകളുടെ പിടിത്തത്തിനും വിപണനത്തിനും കടിഞ്ഞാണിട്ട് ഫിഷറീസ് വകുപ്പ്, നിയമം ലംഘിച്ചാൽ 5 ലക്ഷം രൂപ വരെ പിഴ
കാസർഗോഡ് : കടലിന്റെ സമ്പത്ത് വരുംതലമുറകൾക്കായി കരുതിവെക്കാനുള്ള നിർണായക ചുവടുവെപ്പുമായി കേരള ഫിഷറീസ് വകുപ്പ് മുന്നോട്ട്. വളർച്ചയെത്താത്ത കൊച്ചുമീനുകളെ പിടികൂടി വിപണിയിലെത്തിക്കുന്ന നിയമവിരുദ്ധ പ്രവണതകൾക്കെതിരെ സംസ്ഥാനവ്യാപകമായി കർശന പരിശോധനകൾക്ക് തുടക്കമായിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആരംഭിച്ച പരിശോധന കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്. കടലിലെ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സുരക്ഷിതമാക്കാൻ ആണ് ഈ നീക്കം .

പ്രജനന കാലഘട്ടമെത്തുന്നതിന് മുൻപ് തന്നെ ലക്ഷക്കണക്കിന് ചെറുമീനുകൾ വലിയ തോതിൽ വലയിലാക്കപ്പെടുന്നത് നമ്മുടെ സമുദ്ര സമ്പത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 58 പ്രധാന വാണിജ്യ മത്സ്യ ഇനങ്ങൾക്ക് കൃത്യമായ കുറഞ്ഞ നിയമപരമായ വലുപ്പം സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് നെയ്യ് മത്തി പത്ത് സെന്റിമീറ്ററും, അയല പതിനാല് സെന്റിമീറ്ററും, മാന്തൽ ഒൻപത് സെന്റിമീറ്ററും, കേരയും ചൂരയും മുപ്പത്തിയൊന്ന് സെന്റിമീറ്ററും കുറഞ്ഞത് വളർച്ചയെത്തിയതിന് ശേഷം മാത്രമേ പിടിക്കാൻ പാടുള്ളൂ. ഇതിൽ താഴെ വലിപ്പമുള്ള മീനുകളെ പിടിക്കുന്നതും വിൽക്കുന്നതും പൂർണ്ണമായും നിയമവിരുദ്ധമാണ്.
മീനുകളുടെ വലിപ്പം പരിശോധിക്കുന്നതിനൊപ്പം തന്നെ മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന വലകളുടെ കണ്ണികളുടെ വലിപ്പത്തിലും കർശന മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ട്രോൾ വലകളിലും മറ്റ് പ്രത്യേക വലകളിലും നിശ്ചിത മെഷ് സൈസ് നിർബന്ധമാക്കിയത് വഴി കുഞ്ഞു മീനുകൾക്ക് കടലിലേക്ക് തന്നെ തിരികെ രക്ഷപ്പെടാൻ സാധിക്കുന്ന സംവിധാനങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഇത് പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള സുസ്ഥിര മത്സ്യബന്ധനരീതി പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകരമാകും എന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത് .
നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്. ബോട്ടിന്റെ എൻജിൻ ശേഷിക്കും കുറ്റത്തിന്റെ സ്വഭാവത്തിനും അനുസരിച്ച് അയ്യായിരം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കാം. കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുന്നതോടൊപ്പം ബോട്ടുകളുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കാനും പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ സർത്തിലേക്ക് കണ്ടുകെട്ടാനുമുള്ള നിയമപരമായ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിൽ എറണാകുളം മുനമ്പം മേഖലയിലും, സെപ്റ്റംബറിൽ ബേപ്പൂരിലും അനധികൃതമായി ചെറുമീൻ പിടിച്ച ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുക്കുകയും 5 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
വിപണിയിൽ ഇത്തരം ചെറുമീനുകൾ വാങ്ങാൻ വ്യാപാരികൾ തയ്യാറാകാതിരുന്നാൽ സ്വാഭാവികമായും അവയെ പിടികൂടി വിപണിയിലെത്തിക്കാനുള്ള പ്രവണതയും ഇല്ലാതാകും. “വ്യാപാരി വാങ്ങില്ലെങ്കിൽ തൊഴിലാളിയും കൊണ്ടുവരില്ല” എന്ന തിരിച്ചറിവിലൂടെ മാത്രമേ ഈ യജ്ഞം പൂർണ്ണ വിജയത്തിലെത്തുകയുള്ളൂ. കടലിന്റെ ജീവനാഡി സംരക്ഷിക്കപ്പെടുന്നതിലൂടെ നാളത്തെ മത്സ്യസമ്പത്തും അതിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ നിലനിൽപ്പുമാണ് സുരക്ഷിതമാകുന്നത്. നിയമങ്ങൾ പാലിച്ച് കടലിന്റെ കാവൽക്കാരായി മാറാൻ മുഴുവൻ ജനങ്ങളും മുന്നോട്ട് വരുന്നത് കേരളത്തിന്റെ സമുദ്രമേഖലയ്ക്ക് തികച്ചും മാതൃകാപരവും ശുഭകരവുമായ മാറ്റങ്ങൾ സമ്മാനിക്കുമെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു .



