bncmalayalam.in

ദുരിതാശ്വാസത്തിൽ അനർഹരുടെ പേരിൽ പഴിചാരൽ; പവർകട്ടിനും ന്യായീകരണക്കസറത്ത്: ജനങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി

604: ദുരിതാശ്വാസത്തിൽ അനർഹരുടെ പേരിൽ പഴിചാരൽ; പവർകട്ടിനും ന്യായീകരണക്കസറത്ത്: ജനങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി

ദുരിതാശ്വാസത്തിൽ അനർഹരുടെ പേരിൽ പഴിചാരൽ; പവർകട്ടിനും ന്യായീകരണക്കസറത്ത്: ജനങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടിലെ ചെളിയിലിറങ്ങി നിന്നാണോ അതോ സെക്രട്ടേറിയറ്റിലെ ശീതീകരിച്ച മുറിയിലിരുന്നാണോ ജനകീയ നയങ്ങൾ പടച്ചുവിടുന്നത് എന്ന ചോദ്യം വീണ്ടും പ്രസക്തമാകുന്നു. മഴവെള്ളപ്പാച്ചിലിൽ സർവസ്വവും നഷ്ടപ്പെട്ട് പെരുവഴിയിലായ ജനങ്ങൾ അടിയന്തര ധനസഹായത്തിനായി കേഴുമ്പോൾ, അവരെ ഒന്നടങ്കം തട്ടിപ്പുകാരായി ചിത്രീകരിക്കാനുള്ള വ്യഗ്രതയിലാണ് ഭരണകൂടം.

അർഹതപ്പെട്ട സഹായം ചോദിക്കുന്നവരെല്ലാം അനർഹരും പണം തട്ടിയെടുക്കാൻ ഇറങ്ങിത്തിരിച്ചവരുമാണെന്ന മുഖ്യമന്ത്രിയുടെ പുതിയ ന്യായീകരണ വാദം ഇതിന് തെളിവാണ്. ദുരിതബാധിതർക്ക് സഹായധനം ലഭിക്കാത്തത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല, മറിച്ച് വെള്ളം കയറാത്ത പ്രദേശങ്ങളിലെ ആളുകൾ വ്യാജമായി പണം കൈപ്പറ്റാൻ അപേക്ഷ നൽകുന്നതുകൊണ്ടാണെന്നാണ് സർക്കാരിന്റെ ഭാഷ്യം. പരിശോധന എന്ന പേരിൽ ഫയലുകളിൽ അടയിരുന്ന് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് ഈ ‘അനർഹർ’ വാദത്തിലൂടെ സ്വന്തം മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്. കളക്ടർമാരുടെ അക്കൗണ്ടിൽ കോടികൾ ഇരിപ്പുണ്ടെന്ന് മേനി പറയുമ്പോഴും, അടുപ്പിൽ തീ പുകയാത്ത സാധാരണക്കാരന്റെ കയ്യിലേക്ക് ആ ചില്ലിക്കാശ് എത്തിക്കാൻ വിരലനക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മാത്രം സർക്കാരിന് മറുപടിയില്ല.

ദുരിതാശ്വാസത്തിലെ ഈ പരിഹാസ്യ നാടകം അരങ്ങേറുമ്പോൾ തന്നെയാണ് സംസ്ഥാനത്തെ ഇരുട്ടിലാക്കിയ വൈദ്യുതി പ്രതിസന്ധിയിലും സർക്കാരിന്റെ ‘അത്ഭുത ന്യായീകരണം’ പുറത്തുവരുന്നത്. സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവർകട്ടും പതിവുപോലെ തുടരുമ്പോൾ, ഉപഭോഗം മുൻകൂട്ടി കണ്ട് പദ്ധതികൾ തയ്യാറാക്കാൻ കഴിയാത്ത ബോർഡിന്റെയും ഭരണകൂടത്തിന്റെയും പിടിപ്പുകേടല്ലത്രേ പ്രശ്നം. പഞ്ചാബിൽ പത്ത് മണിക്കൂർ കറന്റില്ല, തമിഴ്നാട്ടിലും കർണാടകയിലും പവർകട്ടാണ്, അപ്പോൾപ്പിന്നെ കേരളം മാത്രം വെളിച്ചത്തിൽ ഇരിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ് എന്ന മട്ടിലാണ് ഭരണാധികാരികളുടെ വിശദീകരണം.

465 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കി എന്ന പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കുകയാണ് സർക്കാർ മാത്രമല്ല ഉപഭോഗം കൂടിയതാണ് പവർകട്ടിന് കാരണമെന്ന് വരുത്തിത്തീർത്ത് ജനങ്ങളെ വീണ്ടും പഴിചാരുകയാണ് സർക്കാർ. ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പ്ലാന്റിൽ നിന്നും തുച്ഛമായ വിലയ്ക്ക് വൈദ്യുതി തരപ്പെടുത്തിയെന്നുമുള്ള സ്ഥിരം ഗീർവാണങ്ങൾ കേട്ട് വിയർത്തു കുളിച്ചിരിക്കാനാണ് ജനങ്ങളുടെ വിധി. യൂണിറ്റിന് 30 രൂപയ്ക്കുമൊന്നും വാങ്ങാതെ ‘സാമ്പത്തിക അച്ചടക്കം’ കാത്തുസൂക്ഷിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും, ഇടയ്ക്കിടെ നിലയ്ക്കുന്ന ഫാനുകളുടെയും വോൾട്ടേജ് വ്യതിയാനത്തിൽ കരിഞ്ഞുപോകുന്ന ഗൃഹോപകരണങ്ങളുടെയും കണക്കെടുക്കാൻ ആരുമില്ല. ഒരു വശത്ത് ഇരുട്ടടി, മറുവശത്ത് വൻ തുകയുടെ സർചാർജും ബില്ലടിയും; എന്നിട്ടും പ്രതിസന്ധി പരിഹരിച്ചെന്ന വ്യാജപ്രചാരണം തുടരുകയാണ്.

ഏറ്റവും ഒടുവിൽ, മ്യൂസിയം വളപ്പിലെ 54 ഏക്കർ വരുന്ന മൃഗശാലാ ഭൂമിയെക്കുറിച്ചുള്ള ‘കണ്ണുവെക്കൽ’ ഏറ്റുപറച്ചിലും വിവാദമാകുന്നു. മൃഗങ്ങളോടുള്ള സ്നേഹവും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വലിയ ആകുലതയും മുൻനിർത്തിയാണ് ആ കണ്ണായ ഭൂമി ഒഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. നഗരമധ്യത്തിലെ അമൂല്യമായ പൊതുഭൂമിയിൽ സർക്കാരിന് ‘കണ്ണുണ്ട്’ എന്ന് തുറന്നു സമ്മതിക്കുന്നിടത്താണ് ആശങ്കകൾ ഉയരുന്നത്. വിൽക്കാനല്ല, നഗരത്തിന്റെ ‘അഭിമാനം’ ഉയർത്താനാണത്രേ ഈ ഏറ്റെടുക്കൽ. രഹസ്യ നിക്ഷേപക സംഗമങ്ങൾ പതിവായ നാട്ടിൽ, വികസനത്തിന്റെ പേരിൽ ഈ ഭൂമി ഏത് വൻകിട കോർപ്പറേറ്റുകൾക്കാണ് തീറെഴുതി നൽകുക എന്ന സംശയം ജനങ്ങൾക്കിടയിൽ ശക്തമാണ്.

സാധാരണക്കാരന്റെ തലചായ്ക്കാനുള്ള മേൽക്കൂര ഒലിച്ചുപോകുമ്പോഴും വീടുകൾ ഇരുട്ടിലാകുമ്പോഴും കാണാത്ത അഭിമാനബോധമാണ് ഏക്കർ കണക്കിന് വരുന്ന പ്രൈം ഭൂമിയിലേക്ക് ഉറ്റുനോക്കാൻ ഭരണകൂടത്തിന് പ്രേരണയാകുന്നത്. അർഹരായ ദുരിതബാധിതരെ തട്ടിപ്പുകാരാക്കുകയും, സ്വന്തം പിടിപ്പുകേടുകളെ ഇതര സംസ്ഥാനങ്ങളിലെ പവർകട്ടിന്റെ പേരിൽ ന്യായീകരിക്കുകയും, നഗരത്തിലെ പൊതുഭൂമിയിൽ നോട്ടമിടുകയും ചെയ്യുന്ന ഭരണകൂട സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *