പോലീസിനെ വെട്ടിച്ച് ‘ഹെലൻ ഓഫ് സ്പാർട്ട’; സിനിമാറ്റിക്കൽ ചേസിംഗിനൊടുവിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ!
കാസർഗോഡ്: ദേശീയപാതയിൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് പാഞ്ഞ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ ഒടുവിൽ പിടിയിൽ. കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നമ്പർ 0373/2026 കേസിലാണ് ധന്യ എസ്.ആർ (28, പിതാവ്: രാജേഷ് കെ) പ്രതിയായത്.
ജൂലൈ ഒന്നിന് കാസർഗോഡ് അണങ്കൂർ NH 66 റോഡിൽ അപകടകരമായ രീതിയിൽ നിർത്തിയിട്ടിരുന്ന KL 14 AG 4060 നമ്പർ കാർ പരിശോധിക്കാൻ പോലീസ് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുമ്പള സി.ഐയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പ്രത്യേക ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന നടക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പോലീസ് അടുത്തേക്ക് ചെന്നയുടൻ ധന്യ നിയമപരമായ ആജ്ഞ ലംഘിച്ച് വണ്ടി ഓടിച്ചുപോവുകയായിരുന്നു.
ആദ്യം മയക്കുമരുന്ന് സംഘമാണോ എന്ന് സംശയിച്ച പോലീസ് വാഹനത്തെ പിന്തുടർന്നു. ഒടുവിൽ പുലർച്ചെ 02:00 മണിയോടെ മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് ഭഗവതി നഗർ പബ്ലിക് റോഡിൽ വെച്ചാണ് കാർ തടഞ്ഞുനിർത്തിയത്. പരിശോധനയിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും, മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലാണ് അശ്രദ്ധമായി വണ്ടിയോടിച്ചതെന്നും കണ്ടെത്തി. പ്രതിക്ക് BNSS 35(3) പ്രകാരം നോട്ടീസ് നൽകി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

ഞാൻ ജയിലിലൊന്നും പോയിട്ടില്ല!” എന്ന് ധന്യ
അതേസമയം, സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ധന്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു. “എന്നെ ആരും തൂക്കിയിട്ടൊന്നുമില്ല, എന്റെ മാതാപിതാക്കളെ വിളിച്ച് ആരും ബുദ്ധിമുട്ടിക്കരുത്, ഞാൻ നിലവിൽ ഡിവൈഎസ്പി ഓഫീസിലാണ് ഉള്ളത്” എന്ന് വ്യക്തമാക്കിയ താരം, എട്ടുമണിക്ക് ലൈവിൽ വന്ന് എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായി ജനങ്ങളോട് പറയുമെന്നും അറിയിച്ചിട്ടുണ്ട്.



