‘ജയിലിൽ പോകുമ്പോൾ അസുഖം; പുറത്തിറങ്ങിയാൽ വിദേശത്ത് ജോലി’; തച്ചങ്കരിയുടെ ഹർജിയിൽ ഹൈക്കോടതി
വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.

“ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം,” എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരസ്യവിമർശനം. തച്ചങ്കരി ആശുപത്രിയിൽ കഴിഞ്ഞതിന്റെ മുഴുവൻ ചികിത്സാ വിവരങ്ങളും രേഖകളും കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജി വരും വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
2003 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ സർവീസിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ ശിക്ഷിച്ചത്. 4 വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. തുടർന്ന് കേസിൽ സമർപ്പിച്ച അപ്പീൽ തീർപ്പാകുന്നത് വരെ വിജിലൻസ് കോടതി ശിക്ഷ മരവിപ്പിച്ച് ഒക്ടോബർ 15-ന് ഹൈക്കോടതി തച്ചങ്കരിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.



