അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം ; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും,എസ്പിയോട് റിപ്പോർട്ട് തേടി പൊലീസ് ഡിജിപി റാവഡ ചന്ദ്രശേഖർ
അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും. ശ്രീനാദേവിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെയും പ്രതിചേർക്കുമെന്നാണ് വിവരം. സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി പറഞ്ഞു. ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ശ്രീനാദേവിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവമുണ്ടായത്. ജൂലായ് 11ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മയും പ്രവർത്തകരും സെല്ലിനുള്ളിലായിരുന്ന രാജൻ ജോസഫിനോട് തട്ടിക്കയറുന്നതും സംസാരിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.



