ചന്തം കണ്ട് മയങ്ങേണ്ട; മാന്യന്മാരെന്ന വ്യാജേന മയക്കുമരുന്ന് വിറ്റ രണ്ട് ‘സുന്ദരന്മാർ’ തൃക്കരിപ്പൂരിൽ കുടുങ്ങി
തൃക്കരിപ്പൂർ : കണ്ടാൽ മാന്യന്മാർ, ചോക്ലേറ്റ് ഹീറോ ലുക്ക്… സമൂഹത്തിൽ നല്ല പിള്ളച്ചമഞ്ഞ് നടക്കുന്ന ഇവരെ കണ്ടാൽ ആരെങ്കിലും പറയുമോ മയക്കുമരുന്ന് കച്ചവടക്കാരാണെന്ന്? എന്നാൽ സംഗതി സത്യമാണ്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പൊലീസ് വലവിരിച്ചപ്പോൾ കുടുങ്ങിയത് കാഴ്ച്ചയിൽ സുന്ദരന്മാരായ രണ്ട് യുവാക്കളാണ്.
തൃക്കരിപ്പൂരിൽ ചന്തേര പൊലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് 1.20 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മാടക്കാൽ സ്വദേശി എം.കെ. മുനീർ (39), പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് (35) പിടിയിലായത്
തിങ്കളാഴ്ച രാത്രി പത്തോടെ തൃക്കരിപ്പൂർ ഷാബാ ഷെട്ടി റോഡ് ജംങ്ഷനിൽ എസ്ഐ എം. അജ്മലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുകയായിരുന്നു. ഈ സമയം ആഡംബരത്തോടെ ബുള്ളറ്റിൽ വരികയായിരുന്നു നമ്മുടെ നായകന്മാർ. എന്നാൽ ദൂരെനിന്നേ പൊലീസിന്റെ യൂണിഫോം കണ്ടതോടെ ഇവരുടെ സകല ‘മാന്യതയും’ ചോർന്നു. വണ്ടി തിരിച്ച് വേഗം രക്ഷപ്പെടാൻ നോക്കിയെങ്കിലും പൊലീസ് വിട്ടില്ല. പിന്നാലെ പാഞ്ഞ് ചെന്ന് ഇരുവരേയും തള്ളിപ്പിടികൂടി. പൊലീസ് ഇവരെ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് അസ്സൽ കച്ചവടം പുറത്തായത്. സുന്ദരൻ മുനീറിന്റെ പാൻ്റ്സിന്റെ കീശയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാരക മയക്കുമരുന്ന്. ഒപ്പം വിൽപന നടത്തി കിട്ടിയതെന്ന് കരുതുന്ന 1300 രൂപയും പൊലീസ് പിടിച്ചെടുത്തു.

പിടിക്കപ്പെട്ടതോടെ, സ്വന്തം ഉപയോഗത്തിനും ഒപ്പം കാശുണ്ടാക്കാൻ വിൽക്കാനുമായി കൊണ്ടുവന്നതാണ് ഈ സാധനമെന്ന് പ്രതികൾക്ക് സമ്മതിക്കേണ്ടി വന്നു. ഇതിൽ മുനീർ കക്ഷി അത്ര നിസ്സാരക്കാരനല്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പിൽ നേരത്തെയുണ്ടായ ഒരു എംഡിഎംഎ കേസിലും ഇയാൾക്ക് പങ്കുണ്ട്. അന്ന് പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം ഈ മുനീറിന്റേതായിരുന്നു. ജില്ലയിലെ വൻകിട മയക്കുമരുന്ന് ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കുന്നു.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുനിൽകുമാർ, നരേന്ദ്രൻ എന്നിവരും ഈ ‘സുന്ദരൻമാരെ’ പൂട്ടിയ റെയ്ഡിൽ പങ്കെടുത്തു. പുറമെ കാണുന്ന രൂപം കണ്ട് ആരെയും വിശ്വസിക്കരുതെന്ന് തെളിയിക്കുന്നതാണ് ഈ അറസ്റ്റ്.



