കുട്ടികളുടെ വണ്ടിഭ്രാന്തിന് രാഷ്ട്രീയ സംരക്ഷണമില്ല; ‘ശുപാർശയുമായി ആരും വരരുത്’ എന്ന് കാസർഗോട്ടെ ജനപ്രതിനിധികൾ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നിയമവിരുദ്ധമായ വാഹനമോടിക്കലിനും വണ്ടിഭ്രാന്തിനും യാതൊരുവിധ രാഷ്ട്രീയ-ഭരണ സ്വാധീനവും ഉപയോഗിച്ച് കൂട്ടുനിൽക്കില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത കർശന നിലപാടുമായി കാസർഗോഡ് ജില്ലയിലെ ജനപ്രതിനിധികൾ. റോഡുകളിൽ ചോരയൊഴുക്കുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇത്തരം നിയമലംഘകരെ രക്ഷിക്കാൻ ഒരു കാരണവശാലും തങ്ങളെ ആരും സമീപിക്കരുത് എന്നാണ് ജനപ്രതിനിധികൾ പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദ്ദേശം . കഴിഞ്ഞദിവസം പോലീസ് പിടിയിലായ വിദ്യാർത്ഥിയെ പിഴയിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷിക്കാൻ പാർട്ടി സ്വാധീനമുള്ള രക്ഷിതാവ് ജില്ലയിലെ മൂന്ന് എംഎൽഎമാരെയും മാറിമാറി സമീപിച്ചെങ്കിലും, നിയമവിരുദ്ധമായ യാതൊരു സഹായവും തങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജനപ്രതിനിധികൾ മുഖത്തടിച്ചതുപോലെ വ്യക്തമാക്കുകയായിരുന്നു. നിയമലംഘനം നടത്തുന്നവരെയും നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും സംരക്ഷിക്കുന്നത് ജനപ്രതിനിധിയുടെ ചുമതലയല്ലെന്നും, നിയമം അതിന്റെ വഴിക്ക് നടപ്പിലാക്കാൻ പോലീസിനെ പൂർണ്ണമായി അനുവദിക്കുകയാണ് വേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.

പൊതുജനങ്ങൾക്ക് മാത്രമല്ല, സ്വന്തം പാർട്ടി പ്രവർത്തകർക്കും ജനപ്രതിനിധികൾ ഇതിൽ കടുത്ത താക്കീത് നൽകിയിട്ടുണ്ട്; പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിക്കപ്പെട്ടാൽ കേസ് ഒതുക്കാൻ വേണ്ടി ആരും പോലീസ് സ്റ്റേഷനുകളുടെ പടികടക്കരുത്. വലിയ തുക പിഴയും തടവുശിക്ഷയും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കലും കുട്ടികൾക്ക് 25 വയസ്സുവരെ ലൈസൻസ് നിഷേധിക്കലും ഉൾപ്പെടെ കടുത്ത മോട്ടോർ വാഹന നിയമങ്ങൾ നിലനിൽക്കെ, ഉണ്ടാകുന്ന അപകടങ്ങളുടെ ക്രിമിനൽ ഉത്തരവാദിത്തം രക്ഷിതാക്കൾക്കായിരിക്കും. സ്വന്തം മക്കളുടെ ജീവൻ മാത്രമല്ല, നിരത്തിലൂടെ യാത്ര ചെയ്യുന്ന നിരപരാധികളുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന ഈ ദുരന്തത്തിന് കൂട്ടുനിൽക്കില്ലെന്ന ജനപ്രതിനിധികളുടെ മാതൃകാപരമായ ഈ തീരുമാനത്തോട് പൊതുസമൂഹം പൂർണ്ണമായും സഹകരിക്കണമെന്നാണ് ഇവരുടെ ആവശ്യം , മാത്രമല്ല അന്യായമായി ഇത്തരത്തിലുള്ള ഒരു ആവശ്യങ്ങൾക്കും തങ്ങളെ സമീപിക്കേണ്ട എന്ന് ഇവർ തുറന്നു പറയുകയാണ് . ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമാനരീതിയിലുള്ള നിർദ്ദേശം നേരത്തെ ലഹരിയുമായി ബന്ധപ്പെട്ട് നൽകിയിരുന്നതാണ് .



