ആർഎസ്എസിന് കടുത്ത പ്രഹരവുമായി പ്രിയങ്ക് ഖാർഗെ; കർണാടകയിൽ റൂട്ട് മാർച്ചുകൾക്ക് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധം,അനുമതി നൽകണോ വേണ്ടയോ എന്ന് ഭരണകൂടം തീരുമാനിക്കുക്കും
ബംഗളൂരു/കൽബുർഗി : ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന്റെ പതിവ് സ്വാധീനശൈലികൾക്കും റൂട്ട് മാർച്ചുകൾക്കും കർശനമായ പൂട്ടിടാൻ ഒരുങ്ങി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ആർഎസ്എസിന്റെ റൂട്ട് മാർച്ചുകൾക്കും മറ്റ് പൊതുപരിപാടികൾക്കും ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുമെന്ന് ഐടിബിടി മന്ത്രി പ്രിയങ്ക് ഖാർഗെ കൽബുർഗിയിൽ പ്രഖ്യാപിച്ചു. താൻ മന്ത്രിസ്ഥാനത്ത് തുടരുന്നിടത്തോളം കാലം ആർഎസ്എസിന് പ്രത്യേക പരിഗണനകളൊന്നും ഉണ്ടാകില്ലെന്നും, നിയമപരമായ അനുമതിയില്ലാതെ ഒരു പരിപാടിയും നടത്താൻ അനുവദിക്കില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മുൻകാലങ്ങളിൽ ആർഎസ്എസ് തങ്ങളുടെ റൂട്ട് മാർച്ചുകളെയും പരിപാടികളെയും കുറിച്ച് ഭരണകൂടത്തെയും പോലീസിനെയും വെറുതെ ഒന്ന് ‘അറിയിക്കുക’ (Intimation) മാത്രമായിരുന്നു ചെയ്യാറുള്ളത്. അധികാരികളെ വകവെക്കാതെയുള്ള ആർഎസ്എസിന്റെ ഈ പതിവ് രീതി ഇനി കർണാടകയുടെ മണ്ണിൽ നടപ്പില്ലെന്ന് പ്രിയങ്ക് ഖാർഗെ ഓർമ്മിപ്പിച്ചു. ഇനി മുതൽ വെറുമൊരു അറിയിപ്പ് നൽകി റൂട്ട് മാർച്ചിന് ഇറങ്ങിയാൽ നിയമനടപടി ഉണ്ടാകുമെന്നും, കൃത്യമായ ഫോർമാറ്റിൽ അപേക്ഷിച്ച് മുൻകൂർ അനുമതി വാങ്ങി മാത്രമേ പൊതുനിരത്തുകളിൽ ഇറങ്ങാൻ സാധിക്കൂ എന്നും മന്ത്രി അടിവരയിട്ടു പറഞ്ഞു.

ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും മുകളിലാണ് തങ്ങളെന്ന ഭാവത്തിൽ പ്രവർത്തിക്കുകയാണ് ആർഎസ്എസ് എന്നാണ് കർണാടക കോൺഗ്രസ് പറയുന്നത് ആർഎസ്എസിനെ കൃത്യമായ കൊട്ടാണ് കർണാടക സർക്കാർ ഇതിലൂടെ നൽകിയിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങൾക്കും ശേഷം, വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന എല്ലാത്തരം പരിപാടികൾക്കും കൃത്യമായ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കോടതി പരാമർശം കൂടി ചൂണ്ടിക്കാണിച്ചാണ് ആർഎസ്എസിനെതിരെ മന്ത്രി പ്രിയങ്ക് ഖാർഗെ നിലപാട് കടുപ്പിച്ചത്. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാണെന്നും ആർഎസ്എസിന് മാത്രമായി പ്രത്യേക നിയമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതിക്കായി ആർഎസ്എസ് നേതൃത്വം ആദ്യം സർക്കാരിലേക്ക് അപേക്ഷിക്കട്ടെ എന്നും, അതിനുശേഷം അതത് പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യങ്ങളും ക്രമസമാധാന നിലയും കൃത്യമായി വിലയിരുത്തി മാത്രമായിരിക്കും അനുമതി നൽകണോ വേണ്ടയോ എന്ന് ഭരണകൂടം തീരുമാനിക്കുകയെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ റൂട്ട് മാർച്ചുകൾ പലപ്പോഴും വർഗീയ ചേരിതിരിവുകൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നാണ് ഇവർ ഉന്നയിക്കുന്ന അക്ഷരം . നിയമത്തിന് മുന്നിൽ ആരും വലിയവരല്ലെന്ന ശക്തമായ മുന്നറിയിപ്പാണ് സിദ്ധരാമയ്യ സർക്കാർ ഇതിലൂടെ ആർഎസ്എസിന് നൽകിയിരിക്കുന്നത്.



