ആഗ്ര: താജ്‌മഹൽ യഥാർഥത്തിൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച സ്മാരകമല്ല, മറിച്ച് ‘തേജോമഹാലയ’ എന്ന ശിവക്ഷേത്രമാണ് എന്ന പഴയ അവകാശവാദം വീണ്ടും ഉയർത്തി അഖില ഭാരത ഹിന്ദു മഹാസഭ (ABHM) പ്രവർത്തകർ തിങ്കളാഴ്ച താജ്‌മഹലിൽ ജലാഭിഷേകം നടത്താൻ ശ്രമിച്ചു. എന്നാൽ കനത്ത സുരക്ഷ ഒരുക്കിയിരുന്ന പൊലീസ് സംഘം ഇവരെ താജ്‌മഹലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തടഞ്ഞു.
ശ്രാവൺ മാസത്തിലെ കാൻവാർ യാത്രയുടെ ഭാഗമായി ഗംഗാജലം കൊണ്ടുവന്ന 11 വനിതാ പ്രവർത്തകരാണ് ജലാഭിഷേകം നടത്താനെത്തിയത്. താജ്‌മഹൽ യഥാർത്ഥത്തിൽ “തേജോമഹാലയ” എന്ന ശിവക്ഷേത്രമാണെന്നും അതിനാൽ അവിടെ ഗംഗാജലം അർപ്പിക്കാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്നും പ്രവർത്തകർ വാദിച്ചു.

പോലീസ് ഇവരെ താജ്‌മഹലിലേക്ക് പ്രവേശിപ്പിക്കാതെ സമീപത്തെ മറ്റൊരു ശിവക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് അവിടെ അവർ ഗംഗാജലം ഉപയോഗിച്ച് ജലാഭിഷേകം നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കിയിരുന്നു.
സംഭവത്തിൽ അഖില ഭാരത ഹിന്ദു മഹാസഭ നേതാക്കൾ പറയുന്നത് ഇങ്ങനെയാണ് .. താജ്‌മഹൽ ഒരു ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീട് മുഗൾ ഭരണകാലത്ത് അതിനെ ശവകുടീരമാക്കി മാറ്റിയെന്നുമാണ്. എന്നാൽ ഈ അവകാശവാദത്തിന് ചരിത്രപരമായോ പുരാവസ്തു ഗവേഷണപരമായോ തെളിവുകളില്ലെന്നാണ് ചരിത്രകാരന്മാരുടെയും പുരാവസ്തു വിദഗ്ധരുടെയും നിലപാട്.
പുരാവസ്തു സർവേ ഓഫ് ഇന്ത്യ (ASI)യുടെ ഔദ്യോഗിക രേഖകൾ പ്രകാരം താജ്‌മഹൽ ഷാജഹാൻ തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി 17-ാം നൂറ്റാണ്ടിൽ നിർമിച്ച ശവകുടീരമാണ്. “തേജോമഹാലയ” സിദ്ധാന്തം ASI നേരത്തേ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഈ വിവാദം പുതിയതല്ല. 2022, 2024 വർഷങ്ങളിലും ഹിന്ദു മഹാസഭ പ്രവർത്തകർ താജ്‌മഹലിൽ ജലാഭിഷേകം നടത്താനും പൂജ നിർവഹിക്കാനും ശ്രമിച്ചിരുന്നു. ചിലരെ പൊലീസ് തടയുകയും ചില സംഭവങ്ങളിൽ കേസെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, 2026 ജൂലൈയിൽ താജ്‌മഹൽ “തേജോമഹാലയ” ആണെന്ന അവകാശവാദം പരിശോധിക്കാൻ വീണ്ടും ASI സർവേ നടത്തണമെന്ന ആവശ്യം ഉന്നയിച്ച ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇടപെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.



