bncmalayalam.in

മന്ത്രവാദ-സിദ്ധ-തട്ടിപ്പുവീരന്മാർക്ക് ഇനി അഴിക്കുള്ളിൽ കിടക്കാം; ദുർമന്ത്രവാദത്തിനും വ്യാജചികിത്സയ്ക്കും ജീവപര്യന്തം വരെ തടവ്; വാട്‌സാപ്പിൽ തട്ടിപ്പ് ഷെയർ ചെയ്യുന്ന അഡ്മിൻമാർക്കും പണി വരുന്നു

612: മന്ത്രവാദ-സിദ്ധ-തട്ടിപ്പുവീരന്മാർക്ക് ഇനി അഴിക്കുള്ളിൽ കിടക്കാം; ദുർമന്ത്രവാദത്തിനും വ്യാജചികിത്സയ്ക്കും ജീവപര്യന്തം വരെ തടവ്; വാട്‌സാപ്പിൽ തട്ടിപ്പ് ഷെയർ ചെയ്യുന്ന അഡ്മിൻമാർക്കും പണി വരുന്നു

മന്ത്രവാദ-സിദ്ധ-തട്ടിപ്പുവീരന്മാർക്ക് ഇനി അഴിക്കുള്ളിൽ കിടക്കാം; ദുർമന്ത്രവാദത്തിനും വ്യാജചികിത്സയ്ക്കും ജീവപര്യന്തം വരെ തടവ്; വാട്‌സാപ്പിൽ തട്ടിപ്പ് ഷെയർ ചെയ്യുന്ന അഡ്മിൻമാർക്കും പണി വരുന്നു

തിരുവനന്തപുരം: ആത്മീയതയുടെയും അമാനുഷിക ശക്തികളുടെയും പേരിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്മാർക്കും തങ്ങന്മാർക്കും മന്ത്രവാദികൾക്കും കനത്ത പ്രഹരമേൽപ്പിച്ച് സംസ്ഥാനത്ത് അതിശക്തമായ നിയമനിർമാണം വരുന്നു. മാരകരോഗങ്ങൾക്ക് ആധുനിക ചികിത്സ നിഷേധിച്ച് ജപിച്ചുനൽകലും നൂലുകെട്ടും പച്ചിലമരുന്നും മന്ത്രവാദവും നടത്തി രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന ഏർപ്പാട് ഇനി കേരളത്തിൽ നടപ്പില്ല. അന്ധവിശ്വാസങ്ങളുടെ പേരിൽ ജനങ്ങളെ പറ്റിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നവർക്കും അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്യുന്ന ആൾദൈവങ്ങൾക്കും തടവറ ഉറപ്പാക്കുന്ന ‘ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബില്ലിന്റെ’ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി.

kerala-anti-black-magic-bill-draft-strict-jail-term-for-sorcery-fake-healers

പത്തനംതിട്ട ഇലന്തൂരിൽ നാടിനെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരം രൂപവത്കരിച്ച വിദഗ്ധസമിതിയാണ് സർക്കാരിന് കരട് ബിൽ സമർപ്പിച്ചത്. നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷൻ കെ. ശശിധരൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതിയാണ് ഭരണഘടനാപരമായ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ചൂഷണങ്ങൾക്ക് തടയിടുന്ന കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കിയത്. 22 ഇനം മനുഷ്യത്വരഹിതമായ ക്രൂരതകളെ ക്രിമിനൽ കുറ്റകൃത്യങ്ങളായി പ്രഖ്യാപിക്കുന്ന നിയമത്തിൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിലെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമേയായിരിക്കും ഈ കടുത്ത ശിക്ഷാനടപടികൾ.

കുറ്റകൃത്യങ്ങളുടെ തീവ്രതയനുസരിച്ച് മൂന്ന് തലങ്ങളിലായാണ് കർശന ശിക്ഷകൾ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നരബലി, ജീവനോടെ കുഴിച്ചുമൂടൽ തുടങ്ങിയ ദാരുണമായ കൊലപാതകങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കും. ആഭിചാരക്രിയകളുടെ പേരിൽ ശരീരത്തിൽ പരിക്കേൽപ്പിക്കൽ, അംഗഭംഗം വരുത്തൽ, ലൈംഗികാതിക്രമം, ജീവന് ഭീഷണിയാകുന്ന വസ്തുക്കൾ തീറ്റിക്കൽ എന്നിവയ്ക്ക് പത്തുവർഷം വരെ കഠിനതടവും പിഴയുമാണ് വ്യവസ്ഥ.

ബാധയൊഴിപ്പിക്കാനെന്ന വ്യാജേനയുള്ള ശാരീരിക മർദനങ്ങൾ, ലഹരിവസ്തുക്കളോ വിസർജ്യമോ നൽകൽ, മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീകളെ ലൈംഗികമായോ മാനസികമായോ അധിക്ഷേപിക്കൽ, ഭയം വിതച്ച് പണവും സ്വർണവും തട്ടിയെടുക്കൽ, ഗർഭച്ഛിദ്രം നടത്തൽ തുടങ്ങിയവയൊന്നും ഇനി വെറുമൊരു സാമ്പത്തിക തട്ടിപ്പായി കണക്കാക്കില്ല. പ്രത്യേകിച്ച്, അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് വൈദ്യചികിത്സ നിഷേധിച്ച് മന്ത്രവാദവും ആഭിചാരവും നടത്തുന്ന വ്യാജന്മാർക്ക് ഏഴുവർഷം വരെ തടവും കനത്ത പിഴയും ലഭിക്കും.

മന്ത്രവാദ സിദ്ധികളെയും അത്ഭുതപ്രവർത്തികളെയും പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ആളെക്കൂട്ടുന്ന ഏജന്റുമാർക്കും സൈബർ തട്ടിപ്പുകാർക്കും പിടിവീഴും. ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവ് ഉറപ്പാക്കുന്ന വകുപ്പും ബില്ലിലുണ്ട്. നിയമം കടലാസിൽ ഒതുങ്ങാതിരിക്കാൻ ഓരോ ജില്ലയിലും ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും സംസ്ഥാനതലത്തിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള കർശന നിരീക്ഷണ സമിതിയെയും നിയോഗിക്കാനും കരട് നിർദേശിക്കുന്നു. ഭക്തിയുടെയും അന്ധവിശ്വാസത്തിന്റെയും മറവിൽ മനുഷ്യജീവൻ വെച്ചുപന്താടുന്ന ചൂഷകർക്ക് കേരളത്തിന്റെ മണ്ണിൽ ഇനി ഇടമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ നിയമം നൽകുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *