ഗ്യാനേഷ് കുമാർ രാജിവെക്കണം; ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം; അട്ടിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകൾ പ്രതിപക്ഷം ബഹിഷ്കരിക്കണമെന്ന് സിജെപി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെച്ചൊഴിയണമെന്ന അന്ത്യശാസനവുമായി സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി). നിശ്ചിത സമയത്തിനകം രാജി പ്രഖ്യാപനമുണ്ടായില്ലെങ്കിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രതിഷേധ പരിപാടികൾ വരുംദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നതിനെതിരെ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയോടെയാകും പ്രക്ഷോഭമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ സുതാര്യതയിൽ ഗുരുതരമായ സംശയങ്ങൾ നിലനിൽക്കെ, പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ നിലപാടുകളെയും അഭിജീത് ദിപ്‌കെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് പരസ്യമായി ആരോപിക്കുന്ന പ്രതിപക്ഷം, അതേ പ്രക്രിയയിൽ സജീവ പങ്കാളികളാകുന്നത് ജനവിരുദ്ധമായ സംവിധാനത്തിന് നിയമസാധുത നൽകുന്നതിന് തുല്യമാണ്. കൃത്രിമം നടക്കുന്നെന്ന് ആവർത്തിച്ച് പറയുകയും എന്നാൽ മത്സരരംഗത്ത് തുടരുകയും ചെയ്യുന്നത് വഴി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ മാത്രമേ പ്രതിപക്ഷത്തിന് കഴിയുന്നുള്ളൂവെന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരം പങ്കാളിത്തം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന പ്രവണതകൾക്ക് ലഭിക്കുന്ന അംഗീകാരമായി മാറുകയാണ്.
സ്വന്തം രാഷ്ട്രീയ അസ്തിത്വവും താൽക്കാലിക നിലനിൽപ്പും ഭയന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന വാദത്തെയും സിജെപി തള്ളിക്കളയുന്നു. ജനവിധി അട്ടിമറിക്കപ്പെടുകയും, എംഎൽഎമാരും എംപിമാരും നിരന്തരം കൂറുമാറ്റപ്പെടുകയും, പാർട്ടികൾ കൃത്രിമമായി പിളർത്തപ്പെടുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് നിലനിൽപ്പിനെക്കുറിച്ചാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. രാഷ്ട്രീയ അതിജീവനമെന്ന വ്യാജേന ജനവിശ്വാസം തകർക്കുന്ന വ്യവസ്ഥിതിക്ക് മുന്നിൽ കീഴടങ്ങുന്നത് ആത്മഹത്യാപരമാണ്. അധികാര സമവാക്യങ്ങൾ മാറ്റിമറിക്കപ്പെടുന്ന ഒരു ഘടനയിൽ കേവലം ഒത്തുതീർപ്പുകളിലൂടെ അധികകാലം മുന്നോട്ടുപോകാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സാധിക്കില്ല.
തെരഞ്ഞെടുപ്പ് ക്രമക്കേടുകളിലെ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പും ശക്തമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലോ സ്വന്തം കക്ഷികളെ ബാധിക്കുന്ന ഘട്ടങ്ങളിലോ മാത്രം ശബ്ദമുയർത്തുകയും, മറ്റിടങ്ങളിൽ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന സമീപനം കപടമാണ്. ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഏത് അട്ടിമറിയും ഏത് സംസ്ഥാനത്ത് നടന്നാലും ഒരേ തീവ്രതയോടെ എതിർക്കപ്പെടണം. കളിയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചുകൊണ്ട് അതേ കളിയിൽ തുടർന്നും ഏർപ്പെടുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേവല രാഷ്ട്രീയ ഭാവിയെക്കാൾ ഉപരി രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് മുൻഗണന നൽകി, അട്ടിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകൾ പൂർണ്ണമായി ബഹിഷ്കരിക്കാൻ പ്രതിപക്ഷ കക്ഷികൾ ചങ്കൂറ്റം കാണിക്കണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു.



