കാസർകോട്ടെ തെരുവോര പുനരധിവാസ പദ്ധതിയിലൂടെ മറയുന്നത് ലക്ഷങ്ങൾ : തെരുവ് കച്ചവടക്കാർക്ക് അനുവദിച്ച പുതിയ ബസ് സ്റ്റാൻഡിലെ ബങ്കുകൾ മേൽവാടകയ്ക്ക് മറിച്ച് നൽകി . നഗര മാതാവിന്റെ മിണ്ടാട്ടം മുട്ടി പോയോ .. നടപടി എടുക്കുന്നില്ലേ
കാസർകോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുകയെന്ന സദുദ്ദേശ്യത്തോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ‘വഴിയോര കച്ചവട കേന്ദ്രം’ പദ്ധതി ഭരണാധികാരികളുടെ ആശിർവാദത്തോടെ നടന്ന അഴിമതിയിൽ പൂർണ്ണമായും പാളിയിരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടന മാമാങ്കം കഴിഞ്ഞയുടൻ, അർഹരായ പാവപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കേണ്ട ബങ്കുകൾ ഭരണപക്ഷ നേതാക്കളുടെ ഒരു അർഹത ഇല്ലാത്ത ഏറാമൂളികൾക്ക് നൽകി ബനാമി-മേൽവാടക കച്ചവട കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ജനങ്ങളെ പച്ചയായി കബളിപ്പിക്കുന്ന ഈ സംഭവം വൻ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്

അർഹരെ പുറത്താക്കി ബനാമി വാടകക്കച്ചവടം; കൊയ്യുന്നത് ലക്ഷങ്ങൾ
മുൻ എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ,ആദ്യ ഘട്ടത്തിൽ, നഗരസഭയുടെ തെരുവോര കച്ചവട സമിതി പരിശോധിച്ച് കൗൺസിൽ അംഗീകരിച്ച എം.ജി. റോഡിലെ 28 തെരുവോര കച്ചവടക്കാർക്കും 5 ലോട്ടറി സ്റ്റാളുകൾക്കുമാണ് ബങ്കുകൾ അനുവദിച്ചു എന്നാണ് അവകാശപ്പെട്ടത് . മാസംതോറും വെറും 750 രൂപ വാടകയും സൗജന്യ വൈദ്യുതിയും നൽകി പാവങ്ങളെ സഹായിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, നഗരസഭയിലെ ഉന്നതരുടെ സ്വാധീനത്തിൽ നിൽക്കുന്നവരുടെ കൈകളിലേക്കാണ് ഈ കടമുറികൾ എത്തിയത് , രണ്ട് മുറികൾ കൂട്ടിയോജിപ്പിച്ച് വലിയ ഷോപ്പുകളാക്കി മാറ്റിയ ഇവിടെ, ഭൂരിഭാഗവും മൊബൈൽ കടകളാണ് പ്രവർത്തിക്കുന്നത്. വെറും 750 രൂപ വാടകയുള്ള ഒരു ബങ്കിന് നഗരസഭയുടെ യാതൊരുവിധ അനുമതിയും ഇല്ലാതെ അനധികൃതമായി മാസം 12,000 രൂപയോളമാണ് മേൽ വാടക ഈടാക്കുന്നത്, ജനങ്ങളെ വഞ്ചിച്ചുള്ള ഈ കൊള്ളമുതൽ പോക്കറ്റിലാക്കുന്നത് നഗരഭരണം കയ്യാളുന്ന ചില പ്രമുഖരുടെ കീശകളിലേക്കാണ്.
എം.ജി. റോഡിൽ വീണ്ടും കയ്യേറ്റം; നോക്കുകുത്തിയായി അധികാരികൾ
ബങ്കുകൾ അനുവദിച്ചുകിട്ടിയ പല വ്യക്തികളും ആ ഇടങ്ങൾ ഉയർന്ന വാടകയ്ക്ക് മറിച്ചു നൽകിയശേഷം , പഴയതുപോലെ എം.ജി. റോഡിൽ വീണ്ടും തെരുവ് കച്ചവടവുമായി സജീവമാണ്. ഇതേസമയം, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ ഫാത്തിമ ഹോസ്പിറ്റൽ വരെ വീണ്ടും കൂണുപോലെ പുതിയ തെരുവ് കച്ചവട ടെന്റുകൾ ഉയരുകയാണ്. ഇതെല്ലാം കൃത്യമായ ഗൂഢാലോചനയോടെ വീണ്ടും വാടകയ്ക്ക് നൽകാൻ വേണ്ടി ഒരുക്കിക്കഴിഞ്ഞു.
നഗരസഭയുടെ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വഴിയോര കച്ചവട കേന്ദ്രങ്ങൾ സ്ഥാപിച്ച് എം.ജി. റോഡിലെ മുഴുവൻ തെരുവോര കച്ചവടക്കാരെയും മാറ്റി പുനരധിവസിപ്പിക്കുമെന്ന മുൻ നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗത്തിന്റെ വാഗ്ദാനങ്ങൾ ഇവിടെ പൂർണ്ണമായും തകർന്നു തരിപ്പണമായിരിക്കുകയാണ്. ജനങ്ങളുടെ ഒരു പ്രശ്നത്തിലും ഇടപെടാത്ത, നോക്കുകുത്തികളായ ഈ ഭരണാധികാരികൾ ഇത്തരം നിയമവിരുദ്ധ ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നത് എന്തിനുവേണ്ടിയാണ്? ഒരു നടപടി സ്വീകരിക്കാനും സാധിക്കാത്തത് ഇവർക്കും ഇതിന്റെ ഓഹരി കിട്ടിയതുകൊണ്ടുതന്നെയല്ലേ , ജനങ്ങളുടെ പണം കട്ടുമുടിക്കുന്നതിനേക്കാൾ ഭേദം നഗരസഭ കസേരയിലിരിക്കുന്നവർ വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്നാണ് നഗരവാസികൾ ഒറ്റക്കെട്ടായി ചോദിക്കുന്നത്. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നഗരസഭയെ ഭരിക്കുന്ന നഗരമാതാവും ഇതിന് ഉത്തരം പറഞ്ഞേ മതിയാകൂ . പണം സമ്പാദിക്കാൻ സർക്കാർ ഭൂമികൾ പദ്ധതികൾ ആക്കി പ്രഖ്യാപിച്ചത് നിങ്ങളുടെയൊന്നും പോക്കറ്റിൽ ആക്കേണ്ടതല്ല എന്ന് ജനം പറഞ്ഞാൽ ഭരണാധികാരികൾക്കൊക്കെ തലതാഴ്ത്തി ഇരിക്കേണ്ടിവരും



