പ്രവാസികളുടെ വിയർപ്പിന്റെ വില ചോരുന്നുവോ? അബുദാബി കെ.എം.സി.സിയിലെ കോടികളുടെ സാമ്പത്തിക തിരിമറികളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും, മൗനം പാലിക്കണമെന്നും അതിൽ ബർക്കത്ത് ഉണ്ടെന്നും നേതാക്കളുടെ ഉപദേശം
അബുദാബി: ഗൾഫ് നാടുകളിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി രൂപീകരിക്കപ്പെട്ട പ്രസ്ഥാനങ്ങളിൽ പോലും സാധാരണക്കാരുടെ കണ്ണീരിൽ നിന്ന് സമാഹരിക്കുന്ന പണം ധൂർത്തടിക്കപ്പെടുകയും വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും ചെയ്യുന്നുവെന്ന ഗൗരവകരമായ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ഏറ്റവും ഒടുവിൽ അബുദാബി കെ.എം.സി.സി (KMCC) നേതൃത്വത്തിന്റെ കീഴിൽ അരങ്ങേറിയ ഞെട്ടിക്കുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാതൊരുവിധ കൃത്യമായ കണക്കുകളോ സുതാര്യതയോ ഇല്ലാതെ പ്രവാസികളുടെ വിയർപ്പുതുളമ്പി ഉണ്ടാക്കിയ സമ്പത്ത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആക്ഷേപം പ്രവാസി സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

‘കെയർ’ (CARES) പദ്ധതിയും ലക്ഷങ്ങളുടെ തിരിമറിയും
അബുദാബി കെ.എം.സി.സിയുടെ കീഴിലുള്ള ‘കെയർ’ (CARES) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതിൽ ഏറ്റവും വലിയ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് അടിയന്തര സഹായമായും നോമിനികൾക്ക് തുക നൽകാനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതുപോലെ പ്രവാസികളുടെ അർഹരായ ഭാര്യമാർക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപയും നൽകിവരുന്നുണ്ട്.
ഒരു വർഷത്തിൽ ഒരാളിൽ നിന്ന് 60 ദിർഹംസ് വീതം സമാഹരിക്കുന്ന ഈ ഫണ്ടിൽ നിന്ന് 50 ദിർഹം ബാങ്ക് നിക്ഷേപിക്കുകയും 10 ദിർഹം സംഘടനാ അടിയന്തര ആവശ്യങ്ങൾക്കായി കയ്യിൽ കരുതുകയും ചെയ്യും , ഇങ്ങനെ കയ്യിൽ ശേഖരിച്ച ശേഖരിച്ച പണത്തിൽ നിന്ന് മാത്രം ഏകദേശം 2,80,000 ദിർഹംസ് നഷ്ടപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഈ വിലപ്പെട്ട തുകയിൽ വലിയ തിരിമറികളാണ് നടന്നിരിക്കുന്നത്. ഷുക്കൂർ മലപ്പുറം എന്ന വ്യക്തി കമ്മിറ്റിയുടെയോ മറ്റോ അംഗീകാരമില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തുക കൈകാര്യം ചെയ്തതെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ഇയാളെ സംഘടനയുടെ എല്ലാ ചുമതലയിൽ നിന്നും മാറ്റിയിട്ടുണ്ട് ,
ചന്ദ്രിക ഫണ്ടും കയ്യാങ്കളിയും അബുദാബി സർക്കാരിന്റെ മുന്നറിയിപ്പും
ചന്ദ്രിക ഫണ്ടിലേക്ക് നൽകിയ 2,80,000 ദിർഹം കമ്മിറ്റിയുടെ അനുവാദമോ ആലോചനയോ ഇല്ലാതെ ഷുക്കൂർ സ്വന്തം നിലയ്ക്കാണ് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ യോഗത്തിൽ കയ്യാങ്കളി വരെ ഉണ്ടായി. ഇസ്ലാമിക് കൾച്ചറൽ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ ഇത്തരത്തിലുള്ള കയ്യാങ്കളികളും അക്രമങ്ങളും അരങ്ങേറിയത് വലിയ ചർച്ചയായപ്പോൾ, അബുദാബി സർക്കാർ തന്നെ നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു എന്നത് ഈ പ്രസ്ഥാനത്തിന്റെ യശസ്സിന് ഏറ്റ കറുത്ത കളങ്കമാണ്. അബുദാബി കെഎംസിസിയുടെ പ്രവർത്തനം ഏറെ ശോചനീയമാണ്
നിക്ഷേപ ഫണ്ടുകളുടെ മറവിലും കൊള്ളയടി
ഇതിനുപുറമെ, കെ.എം.സി.സിയുടെ നിക്ഷേപ ഫണ്ടുകളുടെ മറവിലും വലിയ സാമ്പത്തിക തട്ടിപ്പുകളാണ് അരങ്ങേറിയിരിക്കുന്നത്. സംഘടനയുടെ പേരിൽ മാസം തോറും 200 ദിർഹം നിക്ഷേപമായി സ്വീകരിച്ച് ബിസിനസ്സുകളിൽ മുതൽമുടക്കുന്ന പദ്ധതികളിൽ ഒന്നാണ് കെ എം സി സി ഇൻവെസ്റ്റ്മെന്റ് . ഈ ബിസിനസ്സിനായി അബുദാബി കെ.എം.സി.സി വൈസ് പ്രസിഡന്റായ അനീഷ് മാങ്ങാടിന്റെ നേതൃത്വത്തിൽ രണ്ടര ലക്ഷം ദിർഹംസ് (2.5 ലക്ഷം) നൽകിയിരുന്നുവെങ്കിലും, ഈ തുകയോ അതിന്റെ ലാഭമോ ഇതുവരെ നിക്ഷേപകർക്ക് തിരികെ ലഭിച്ചിട്ടില്ല. ചാർക്കോൾ ബിസിനസ് നഷ്ടമാണെന്നാണ് ഒരാളെ കെഎംസിസിയിൽ എത്തിച്ച് ഇയാൾ വെളിപ്പെടുത്തിയത്. നിലവിൽ അബുദാബി കെ.എം.സി.സിയുടെ വൈസ് പ്രസിഡന്റായ അനീഷ് മാങ്ങാടും ഷുക്കൂറും ചേർന്ന് ഈ ഫണ്ടുകൾ ഒത്തുകളിച്ചു തീർക്കുകയായിരുന്നുവെന്നാണ് പരാതി ഉയരുന്നത്.
സാധാരണക്കാരെ വഞ്ചിക്കുന്ന ക്രൂരത: മഞ്ചേശ്വരം ശെരീഫിന്റെ അനുഭവം
സാധാരണക്കാരായ പ്രവാസികളുടെ ദുരിതജീവിതത്തിന് നേരെ കണ്ണടയ്ക്കുന്ന നേതൃത്വത്തിന്റെ ക്രൂരതയ്ക്ക് ഉത്തമ ഉദാഹരണമാണ് മഞ്ചേശ്വരം സ്വദേശിയായ ശെരീഫിന്റെ അനുഭവം. നാട്ടിൽ പ്രവാസിയായിരിക്കെ ഇൻവെസ്റ്റ്മെന്റിൽ നിക്ഷേപിച്ച 4000ത്തിലധികം ദിർഹംസ് ശെരീഫിന് ഇതുവരെയും തിരികെ ലഭിച്ചിട്ടില്ല. 1300 മുതൽ 1400 രൂപ വരെ മാത്രം ശമ്പളമുള്ള കാലത്ത് മാസന്തോറും 200 രൂപ വീതം മുടക്കി ഫണ്ടിലേക്ക് പണം നൽകിയ ആളാണ് ശെരീഫ്. തനിക്ക് അർഹമായ പണം തിരികെ ചോദിച്ച് എത്രയോ തവണ സംഘടനയെ ബന്ധപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല. ശെരീഫിനെപ്പോലെയുള്ള നൂറുകണക്കിന് സാധാരണക്കാർ ഇത്തരത്തിൽ വേട്ടയാടപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുകയാണ്.
കൂടാതെ, ‘കെ.എം.സി.സി ഇവന്റ്’ എന്ന പേരിൽ ചെലവഴിച്ച 1,60,000 ദിർഹംത്തിൽ നിന്നും ഇതുവരെ ഒരു ദിർഹം പോലും തിരിച്ചു കിട്ടിയിട്ടില്ല. പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട പണം പലപ്പോഴും വ്യക്തികളുടെ താൽപ്പര്യങ്ങൾക്കും ധൂർത്തുകൾക്കുമായി വകമാറ്റി ചെലവഴിക്കുകയാണെന്ന ആക്ഷേപം തികച്ചും ശക്തമാണ്. ഫണ്ടുകൾ നൽകിയവരും അർഹതപ്പെട്ടവരും കണക്കുകൾ ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുന്ന പുച്ഛത്തോ കൂടിയുള്ള നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്. മാത്രമല്ല, ചോദ്യങ്ങൾ ചോദിക്കുന്നവരെ സംഘടനയിൽ നിന്നും ഭയപ്പെടുത്തി പുറത്താക്കുന്ന ഫാസിസ്റ്റ് രീതിയും ഇവർ സ്വീകരിക്കുന്നുണ്ട്.
ചോദിക്കാൻ ആരുമില്ലേ? മൗനത്തിന് പിന്നിലെ കാപട്യം
സംഘടനയുടെ പേരിൽ നടത്തുന്ന ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ യഥാർത്ഥത്തിൽ അർഹതപ്പെട്ട അനേകം പ്രവാസികളെയാണ് സർവ്വനാശത്തിലേക്ക് തള്ളിവിടുന്നത്. പാവപ്പെട്ട പ്രവാസികളുടെ വിയർപ്പിന്റെ വിലയായ പണം ചില സ്വാർത്ഥ താല്പര്യക്കാർ സ്വന്തം ഇഷ്ടപ്രകാരം ധൂർത്തടിക്കുമ്പോൾ ഇവിടെ ചോദിക്കാൻ ആരുമില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
നേതാക്കൾ പലരും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും, അതിൽ ‘ബർകത്ത്’ (അനുഗ്രഹം) ഉണ്ടെന്നുപോലുമുള്ള വിചിത്രമായ ന്യായീകരണങ്ങളാണ് ലഭിക്കുന്നത് എന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തകർ മൗനംപാലിച്ചെങ്കിലും, ഇനിയും ഇത്തരത്തിലുള്ള കൊള്ളയും വഞ്ചനയും കണ്ടുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കില്ല. അർഹതപ്പെട്ടവന്റെ കണ്ണീരിൽ കുതിർന്ന പണം തട്ടിയെടുക്കുന്ന ഈ കൊള്ളയടിക്കെതിരെ വരും ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ കൂടുതൽ ശക്തമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് പ്രവർത്തകർ നൽകുന്ന കടുത്ത സൂചന



