കാസർകോട് നഗരസഭയിലെ ഫയൽ നാടകം, നേതാക്കൾ ഗ്രൂപ്പുകളാക്കി ചേരിതിരിഞ്ഞ് പടപൊരുതുന്നു; കാസർകോട് നഗരസഭയിൽ ‘വികസന’ത്തിന്റെ പുതിയ തിരക്കഥയും അനങ്ങാത്ത സെക്രട്ടറിയും
കാസർകോട് : കാസർകോട് നഗരസഭ ഓഫീസിൽ ഇപ്പോൾ ഭരണം കൈയാളുന്നവർ തന്നെ പുറത്തുവിട്ട ഒരു ‘അപൂർവ്വ’ വാർത്തയാണ് നാട്ടിലെങ്ങും പാട്ടായിരിക്കുന്നത്. ഓഫീസിൽ നിന്ന് പ്രധാനപ്പെട്ട ഫയലുകൾ കാണാതാകുന്നു എന്ന നിലവിളി മറ്റാരുമല്ല, സാക്ഷാൽ ഭരണാധികാരികൾ തന്നെയാണ് മുഴക്കിയിരിക്കുന്നത്! എന്നാൽ സംഗതി കേവലം ഫയൽ മോഷണമല്ല, മറിച്ച് മുസ്ലിം ലീഗിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരത്തിന്റെ ബാക്കിപത്രമാണ് ഈ നാടകമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുകാട്ടുന്നത്.

വികസന പ്രവർത്തനങ്ങളുടെ രേഖകളും കെട്ടിടങ്ങൾക്ക് നിയമം ലംഘിച്ച് അനുമതി നൽകിയ ഫയലുകളുമാണ് കാണാതായിരിക്കുന്നത്. ചട്ടങ്ങൾ കാറ്റിൽപ്പറത്തി പണിത കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകിയെന്നും ഇതിന്റെ ഫയലുകൾ കാണാതായെന്ന് ഭരണാധികാരികൾ തന്നെ പരസ്യമായി സമ്മതിക്കുമ്പോൾ, ഇതിലും വലിയൊരു നാണക്കേട് വേറെ ഏതുണ്ട്? എതിർ ഗ്രൂപ്പിലെ ചില നേതാക്കളെ നഗരസഭയിൽ ഒതുക്കാൻ നടത്തിയ അണിയറ നീക്കങ്ങളാണ് പെട്ടെന്നുണ്ടായ ഈ വാർത്തക്ക് പിന്നിൽ . എന്നാൽ ഇത്രയും വലിയ അഴിമതികൾ നടന്നിട്ടും, കൈക്കൂലി വാങ്ങി സകല തോന്നിവാസങ്ങൾക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇതിന്റെ പേരിൽ ‘ആശങ്ക’ എന്നുപറഞ്ഞ് വെള്ളപൂശാൻ ശ്രമിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
അതേസമയം, നഗരസഭയ്ക്കുള്ളിൽ ചില ഉദ്യോഗസ്ഥരുടെ പ്രത്യേക ‘പാനീയ’ പ്രയോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടും ഭരണാധികാരികൾക്ക് യാതൊരു കുലുക്കവുമില്ല. താൽക്കാലിക നിയമനങ്ങൾ വാതിലടച്ച് സ്ഥിരമാക്കിയതിനെക്കുറിച്ചാണെങ്കിൽ ആരും ഒരക്ഷരം മിണ്ടുന്നുമില്ല. ഫയലുകൾ ഓഫീസിന് പുറത്തേക്ക് കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നു എന്ന വ്യാജേനെ ഭരണാധികാരികൾ പുറത്തുവിട്ട വാർത്തയിൽ പറയുന്നത് . എന്നിട്ടും നഗരസഭാ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അനങ്ങുന്നില്ല പോലും . ജീവനക്കാരുടെ പരാതികൾ പോലും കേൾക്കാത്ത ഇത്തരം ‘സൂര്യകാന്തി’ സെക്രട്ടറിയെ എന്തിനാണ് നഗരസഭയിൽ വെറുതെ ഇരുത്തിയിരിക്കുന്നത്?
അടിമുടി അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചിരിക്കുന്ന നഗരസഭയ്ക്ക് ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ വലുത് ഗ്രൂപ്പ് രാഷ്ട്രീയവും പകവീട്ടലുകളുമാണ്. എന്നാൽ, ഇത്രയൊക്കെ നടന്നിട്ടും “ഇങ്ങനെ ഒരു സംഭവമേ എനിക്കറിയില്ല” എന്നാണ് സാക്ഷാൽ നഗരസഭ സെക്രട്ടറി കൈമലർത്തുന്നത് വിനോദയാത്രയുടെ സ്മരണ ഉള്ളതുകൊണ്ടായിരിക്കുമോ ഒന്നിനെക്കുറിച്ചും വിവരമില്ലാത്ത ഇത്തരം സെക്രട്ടറിമാരെയും ചുമന്ന് നഗരസഭ മുന്നോട്ടുപോകുന്നു എന്ന് ആലോചിക്കുമ്പോൾ, വോട്ടുചെയ്ത പാവം ജനങ്ങളുടെ വിവരക്കേടോർത്ത് സഹതാപമേ തോന്നുകയുള്ളൂ.



