കരിപ്പൂർ: സ്വർണ്ണം കടത്താൻ പലവിധ വിദ്യകൾ കേട്ടിട്ടുണ്ടെങ്കിലും, ഇങ്ങനെയൊരു ‘കുടുംബശ്രീ മാതൃക’ ഒരുപക്ഷേ കസ്റ്റംസ് ചരിത്രത്തിൽ ആദ്യമായിരിക്കും. എട്ടുമാസം മാത്രം പ്രായമുള്ള സ്വന്തം ചോരക്കുഞ്ഞിന്റെ ഡയപ്പർ പോലും സ്വർണ്ണം ഒളിപ്പിക്കാൻ തിരഞ്ഞെടുത്ത ഒരു വിരുതൻ പിതാവ് ഒടുവിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായി. മലപ്പുറം പൊന്നാനി കോക്കൂർ സ്വദേശിയായ മുപ്പത്തിനാലുകാരൻ ഫാറൂഖാണ് തന്റെ വമ്പൻ ‘മാസ്റ്റർ പ്ലാൻ’ പൊളിഞ്ഞ് അഴിയെണ്ണാൻ ഒരുങ്ങുന്നത്.
റാസൽഖൈമയിൽ നിന്ന് മൂന്ന് പിഞ്ചുമക്കളെയും കൂട്ടി കരിപ്പൂരിലിറങ്ങുമ്പോൾ, ‘കുട്ടികളുള്ള കുടുംബസ്ഥനായ യാത്രക്കാരനെ ആരെങ്കിലും സംശയിക്കുമോ’ എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു കക്ഷി. എന്നാൽ വിമാനത്താവളത്തിലിറങ്ങിയ ഫാറൂഖിന്റെ കൈയിലെ കുഞ്ഞിനെ കണ്ടതോടെ തന്നെ ഉദ്യോഗസ്ഥർക്ക് എന്തോ പന്തികേട് മണത്തു. രഹസ്യവിവരത്തിന്റെ ബലത്തിൽ നടത്തിയ വിശദ പരിശോധനയിൽ ഉദ്യോഗസ്ഥർ പോലും അന്തംവിട്ടുപോയി. എട്ടുമാസം പ്രായമുള്ള പാവം കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ച നിലയിൽ സ്വർണ്ണ മിശ്രിതം. ഇതുകൊണ്ടും തീർന്നില്ല, കുട്ടിയുടെ അച്ഛന്റെ സ്വന്തം ദേഹപരിശോധന നടത്തിയപ്പോൾ ശരീരത്തിനുള്ളിലും ഒളിപ്പിച്ചിരിക്കുന്നു അടുത്ത ഘഡു സ്വർണ്ണം. അങ്ങനെ കുഞ്ഞിൽ നിന്നും പിതാവിൽ നിന്നുമായി ആകെ പൊക്കിയത് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ്.

പിന്നീട് ഡി.ആർ.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ ‘കുടുംബ സ്നേഹിയുടെ’ അന്താരാഷ്ട്ര തരികിടകളുടെ ചുരുളഴിയുന്നത്. വെറുമൊരു സാധാരണ സ്വർണ്ണക്കടത്തുകാരനല്ല, മറിച്ച് കല്യാണം കഴിച്ച് ഭാര്യമാരെയും മക്കളെയും വരെ സ്വർണ്ണക്കടത്തിന് ഇറക്കുന്ന ആളാണ് ഫാറൂഖ് എന്നാണ് പുറത്തുവരുന്ന വിവരം. നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഒരു ഭാര്യയെ കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് കോടി രൂപയുടെ സ്വർണ്ണവുമായി ഡി.ആർ.ഐ പൊക്കിയത്. 1.78 കിലോ സ്വർണ്ണം സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ചു കടത്താൻ നോക്കിയ ഈ ഇരുപത്തിയെട്ടുകാരി, “എല്ലാം ഭർത്താവ് ചെയ്ത് തന്നതാണ് സാറേ” എന്ന് കട്ടായം മൊഴി നൽകിയതോടെയാണ് അന്വേഷണസംഘത്തിന്റെ റഡാറിൽ ഫാറൂഖ് പെടുന്നത്.
ഭാര്യ വഴി നെടുമ്പാശ്ശേരി പൂട്ടിയതോടെ ഫാറൂഖിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു ഡി.ആർ.ഐ സംഘം. സ്വന്തം ഭാര്യമാരെയും ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളെയും മറയാക്കി, അവരുടെ രഹസ്യഭാഗങ്ങളിൽ വരെ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ യാതൊരു ഉളുപ്പുമില്ലാത്ത ഈ ‘ഉത്തമ പിതാവിനെ’ എന്തായാലും ഉദ്യോഗസ്ഥർ കൃത്യമായി വലയിലാക്കി. സ്വർണ്ണക്കടത്തിലെ ഈ പുതിയ ‘ഫാമിലി പാക്കേജ്’ തന്ത്രം കണ്ട് മൂക്കത്ത് വിരൽ വെച്ച ഉദ്യോഗസ്ഥർ, കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഇയാളെയും കൊണ്ട് കൂടുതൽ വേരുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.



