ബെംഗളൂരു: അധികാരം ലഭിച്ചെങ്കിലും ആഗ്രഹിച്ച വകുപ്പ് ലഭിക്കാത്തതിന്റെ അതൃപ്തിയിൽ, ഡി.കെ. ശിവകുമാർ മന്ത്രിസഭയ്ക്ക് ആദ്യ വലിയ തിരിച്ചടിയായി മന്ത്രി ആർ. രാമലിംഗ റെഡ്ഡി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിടുന്നതിനുമുമ്പാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടനയിലും വകുപ്പുവിഭജനത്തിലും ഉണ്ടായ അസംതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ രാമലിംഗ റെഡ്ഡിക്ക് ലഭിച്ചത് വാട്ടർ റിസോഴ്സസ് (ജലസേചന വകുപ്പ് ) ആയിരുന്നു. എന്നാൽ, ബെംഗളൂരുവിന്റെ വികസനവുമായി ബന്ധപ്പെട്ട നിർണായകമായ ബെംഗളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പ് നൽകുമെന്ന ഉറപ്പ് നേരത്തെ ലഭിച്ചിരുന്നുവെന്നാണ് റെഡ്ഡിയുടെ ആരോപണം. മുഖ്യമന്ത്രി നേരിട്ട് രണ്ട് തവണ ഇക്കാര്യം ഉറപ്പുനൽകിയിരുന്നുവെന്നും പിന്നീട് ആ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു.
“എന്റെ മനസ്സാക്ഷിക്കെതിരെ പ്രവർത്തിക്കാൻ കഴിയില്ല. പലതവണ അപമാനിക്കപ്പെട്ടു. വാഗ്ദാനം നൽകിയ വകുപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിന് അർത്ഥമില്ല” എന്നാണ് രാജിക്കു പിന്നാലെ റെഡ്ഡി പ്രതികരിച്ചത്.

കർണാടക കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളും ബെംഗളൂരു രാഷ്ട്രീയത്തിലെ ശക്തനായ മുഖവുമാണ് രാമലിംഗ റെഡ്ഡി. അതിനാൽ അദ്ദേഹത്തിന്റെ രാജി ഒരു വ്യക്തിപരമായ പ്രതിഷേധമായി കാണാൻ സാധിക്കില്ല. പുതിയ സർക്കാരിനുള്ളിലെ അസ്വാരസ്യങ്ങളുടെ ആദ്യ പരസ്യപ്രകടനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മന്ത്രിസഭാ വകുപ്പുവിഭജനം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ചില മന്ത്രിമാർക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡി.കെ. ശിവകുമാറിന് ഇത് ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിന്റെ തുടക്കത്തിൽ തന്നെ വിശ്വസ്തനായി കരുതപ്പെട്ട നേതാവിന്റെ രാജി കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, “ആശങ്കപ്പെടേണ്ട സാഹചര്യമില്ല” എന്ന് പറഞ്ഞ് ഡി.കെ. ശിവകുമാർ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും, മന്ത്രിസഭയ്ക്കുള്ളിലെ അസംതൃപ്തി ഇനി കൂടുതൽ നേതാക്കളിലേക്ക് പടരുന്നുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം .
ഡി.കെ. ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ രൂപീകരിച്ച മന്ത്രിസഭയിൽ ധനകാര്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ അദ്ദേഹം തന്നെ കൈവശം വച്ചിരുന്നു. ബെംഗളൂരു വികസനം പോലുള്ള സുപ്രധാന വകുപ്പുകൾ ചുറ്റിപ്പറ്റി അവസാന നിമിഷം വരെ ശക്തമായ ലോബിയിംഗ് നടന്നിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടയിൽ, ” മന്ത്രിസ്ഥാനത്തേക്കാൾ ആത്മാഭിമാനത്തിന് വില കൊടുത്താണ് രാജി” എന്ന രീതിയിലാണ് രാമലിംഗ റെഡ്ഡിയുടെ നടപടി അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിക്കുന്നത്.



