കാസർകോട്: അർധരാത്രിയിലെ ഇരുട്ടിൽ കാടും കുറ്റിക്കാടും തകർത്തെറിഞ്ഞുള്ള കാർ പാച്ചിൽ, പോലീസ് വാഹനം കുറുകെയിട്ട് വഴി തടയൽ, കാട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വിടാതെ പിന്തുടർന്ന് കീഴ്പ്പെടുത്തൽ… സിനിമകളിലെ ആക്ഷൻ രംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കാണ് കാസർകോട് വിദ്യാനഗറും ചേർക്കളയും സാക്ഷ്യം വഹിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം നടത്തിയ വൻ ലഹരിവേട്ടയിൽ 20.730 ഗ്രാം എംഡിഎംഎയും (MDMA) ആഡംബര കാറുകളും ഉപകരണങ്ങളുമായി മൂന്ന് പേർ പിടിയിലായി.
ജില്ലയിലെ മയക്കുമരുന്ന് ശൃംഖലകളുടെ വേരറുക്കാൻ ലക്ഷ്യമിട്ട് വിദ്യാനഗർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസഫ്) ചേർന്നാണ് മണിക്കൂറുകൾ നീണ്ട ഈ മിന്നൽ പരിശോധന സംഘടിപ്പിച്ചത്.

ചെർക്കളയിൽ നാടകീയ ചേസിംഗ്: മരങ്ങൾ തകർത്ത് കാർ പാച്ചിൽ
ആദ്യ കേസിന്റെ തുടക്കം ചേർക്കളയിൽ നിന്നായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ എസ്.ഐ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസഫ് സ്ക്വാഡും ചേർക്കളയിൽ വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരു മാരുതി ആൾട്ടോ കാർ ആ വഴി വന്നത്. പോലീസ് കൈകാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വണ്ടി നിർത്താതെ അതിവേഗത്തിൽ മുന്നോട്ട് ഓടിച്ചുപോയി. ഇതോടെ പോലീസ് സംഘം വണ്ടിയെടുത്ത് പ്രതിയെ പിന്തുടർന്നു.
നാടകീയമായ ചേസിംഗിനൊടുവിൽ പ്രതി സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് പോലീസ് വാഹനം കുറുകെയിട്ട് തടയാൻ ശ്രമിച്ചു. എന്നാൽ അത്രയും എളുപ്പത്തിൽ വഴങ്ങാൻ പ്രതി തയ്യാറായില്ല. വാഹനം പെട്ടെന്ന് വെട്ടിച്ച് റോഡരികിലെ മരങ്ങളും കുറ്റിക്കാടുകളും തകർത്ത് കാർ മുന്നോട്ട് പായിച്ചു. ഒടുവിൽ മറ്റൊരു പോലീസ് വാഹനം ഉപയോഗിച്ച് കാറിന്റെ സഞ്ചാരം പൂർണമായി തടസ്സപ്പെടുത്തിയതോടെ, പ്രതി വാഹനം ഉപേക്ഷിച്ച് സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറാകാതെ കാട്ടിലേക്ക് വച്ചുപിടിച്ചു. മത്സര ഓട്ടം കാഴ്ചവച്ച പ്രതിയെ സാഹസികമായി പ്രതിയെ പോലീസ് കീഴടക്കി. പിടിവലിക്കിടെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കള പഞ്ചായത്തിലെ കുഞ്ഞിക്കര കുണ്ടടുക്കം സ്വദേശിയായ ഉണ്ണികൃഷ്ണൻ പി. ആണ് ഈ കേസിൽ പിടിയിലായത്. ഇയാളിൽ നിന്ന് 2.730 ഗ്രാം എംഡിഎംഎ, അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസ്, രണ്ട് ഗ്ലാസ് ഹുക്കകൾ, മൊബൈൽ ഫോൺ, കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ NDPS ആക്ട് സെക്ഷൻ 22(b) പ്രകാരം വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹിദായത്ത് നഗറിൽ അർധരാത്രി റെയ്ഡ്: രണ്ടുപേർ കൂടി വലയിൽ
ആദ്യ കേസിന്റെ ചൂട് ആറുന്നതിനു മുൻപാണ് അതേ രാത്രി തന്നെ രണ്ടാമത്തെ രഹസ്യവിവരം പോലീസിന് ലഭിക്കുന്നത്. ഡാൻസഫ് അംഗം സി.പി.ഒ. ഉണ്ണികൃഷ്ണൻ കെ. നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ എസ്.ഐ. അനൂപ് എസ്.യുടെ നേതൃത്വത്തിൽ പോലീസിന്റെ മറ്റൊരു സംഘം ഉടനടി രംഗത്തിറങ്ങി.
എസ്.ഐ. ഉമേശൻ, എ.എസ്.ഐ. പ്രദീപ് കുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, പ്രജിത്ത് എന്നിവരടങ്ങിയ സംഘം ഹിദായത്ത് നഗറിന് സമീപം പ്രത്യേക വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ KL 14 AF 1312 നമ്പർ മാരുതി സ്വിഫ്റ്റ് കാർ തടഞ്ഞുനിർത്തി. കാറിലുണ്ടായിരുന്ന മുഹമ്മദ് അൻഷീദ് എ.സി, അബ്ദുൽ ഖാദർ സി എന്നിവർ പോലീസിനെ കണ്ടതോടെ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉണർന്നു പ്രവർത്തിച്ച പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിശോധനയിൽ മുഹമ്മദ് അൻഷീദിന്റെ കൈവശത്തുനിന്ന് വാണിജ്യ അളവിലുള്ള 18 ഗ്രാം എംഡിഎംഎ, രണ്ട് മൊബൈൽ ഫോണുകൾ, ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന ₹10,630 രൂപ എന്നിവ കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന അബ്ദുൽ ഖാദറിന്റെ പക്കൽ നിന്ന് ഒരു മൊബൈൽ ഫോണും ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും പ്രതികളാക്കി വിദ്യാനഗർ പോലീസ് NDPS ആക്ട് സെക്ഷൻ 22(c) പ്രകാരം ഗുരുതരമായ കുറ്റം ചുമത്തി കേസെടുത്തു.
അന്വേഷണം വൻ ശൃംഖലകളിലേക്ക്
ഒറ്റ രാത്രിയിൽ രണ്ട് വെവ്വേറെ ഓപ്പറേഷനുകളിലൂടെ 20.730 ഗ്രാം എംഡിഎംഎ പിടികൂടിയതോടെ ജില്ലയിലെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. പിടിക്കപ്പെട്ട പ്രതികൾക്ക് ഈ മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചത്, ജില്ലയിൽ ആർക്കൊക്കെയാണ് ഇവർ ഇത് എത്തിച്ചുനൽകുന്നത് എന്നതിനെക്കുറിച്ചെല്ലാം പോലീസ് വ്യക്തമായ സൂചനകൾ ശേഖരിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.



