bncmalayalam.in

ഒരു മൺചട്ടിയും കുറച്ചു മണ്ണും: കുഞ്ഞു മീനുവിന്റെ വലിയ ലോകം

ഇടവപ്പാതിയുടെ കരിമേഘങ്ങൾ ആകാശത്ത് കനത്തുനിന്ന ഒരു ജൂൺ അഞ്ചിന്റെ പുലർച്ചെ. എട്ടുവയസ്സുകാരി മീനു ഫ്ലാറ്റിന്റെ നാലാം നിലയിലെ ബാൽക്കണിയിലെ ഇരുമ്പ് അഴികളിൽ മുഖംചേർത്തു നിൽക്കുകയായിരുന്നു. താഴെ റോഡിലൂടെ കുടചൂടി പോകുന്ന മനുഷ്യരും, ഹോൺ മുഴക്കി പായുന്ന വണ്ടികളും മാത്രം. എവിടെയും മണ്ണില്ല, മരങ്ങളില്ല, പക്ഷികളുടെ പാട്ടില്ല. സിമന്റും കോൺക്രീറ്റും കൊണ്ട് തീർത്ത ഒരു വലിയ കൂട്; അതായിരുന്നു അവളുടെ ലോകം.

അന്ന് സ്കൂളിൽ പരിസ്ഥിതി ദിനമാണ്.  ക്ലാസ്സിൽ ടീച്ചർ വികാരാധീനയായി സംസാരിക്കുന്നുണ്ടായിരുന്നു: “കുട്ടികളേ, ഭൂമി നമ്മുടെ അമ്മയാണ്. ശ്വാസം മുട്ടുന്ന ഭൂമിയമ്മയ്ക്ക് ഇന്ന് നമ്മൾ ഓരോരുത്തരും ഓരോ തൈകൾ നട്ടുനൽകണം. അത് നാളത്തെ ലോകത്തിനായുള്ള നമ്മുടെ കരുതലാണ്…”

Zuhara Shareef articles and book
Zuhara Shareef articles and book

ടീച്ചറുടെ വാക്കുകൾ കേട്ടതും മീനുവിന്റെ കുഞ്ഞുഹൃദയം ഒന്നു പിടഞ്ഞു. അവൾ വൈകുന്നേരം ഓടിച്ചെന്ന് അമ്മയുടെ കൈകളിൽ തൂങ്ങി, അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

“അമ്മേ… നമ്മുടെ ഫ്ലാറ്റിൽ എവിടെയാ അമ്മേ മണ്ണുള്ളത്? ഞാനൊരു ചെടി നട്ടില്ലെങ്കിൽ ഭൂമിയമ്മയ്ക്ക് ശ്വാസം മുട്ടുമോ അമ്മേ? എനിക്ക് ഫോട്ടോ എടുക്കാനല്ല അമ്മേ… എനിക്കും ഒരു ജീവനെ വളർത്തണം…”

അവളുടെ വാക്കുകളിലെ ആകുലതയും നിഷ്കളങ്കതയും അമ്മയുടെ ഉള്ളുലച്ചു. ഈ നഗരജീവിതം തന്റെ കുഞ്ഞിന് നഷ്ടപ്പെടുത്തിയത് പ്രകൃതിയുടെ പച്ചപ്പും അതിന്റെ ആത്മാവുമാണെന്ന് അമ്മ വേദനയോടെ തിരുച്ചറിഞ്ഞു.

അമ്മ മോളെ ചേർത്തുപിടിച്ച് ഉമ്മറത്തെ ആ പഴയ പ്ലാസ്റ്റിക് പെട്ടി എടുത്തു. അതിൽ അമ്മൂമ്മ നാട്ടിൽ നിന്നും കൊടുത്തുവിട്ട ചക്കരക്കിഴങ്ങിന്റെ ഒരു ചെറിയ കഷണം ഉണ്ടായിരുന്നു. അടുക്കളത്തോട്ടം ഉണ്ടാക്കാൻ വാങ്ങി വെച്ച ചെറിയൊരു കവർ മണ്ണും. അവ രണ്ടും ബാൽക്കണിയിലേക്ക് കൊണ്ടുവന്ന് അമ്മ പറഞ്ഞു: “ദേ നോക്കിക്കേ മോളേ, വിസ്താരമുള്ള മുറ്റമില്ലെങ്കിലും ഈ കുഞ്ഞു മൺചട്ടിയിൽ നമുക്കൊരു ജീവനെ ഒളിപ്പിച്ചു വെക്കാം. മണ്ണ് എവിടെയുണ്ടോ, അവിടെ പ്രകൃതിയുണ്ട്.”

മീനുവിന്റെ കണ്ണുകളിൽ വെളിച്ചം പടർന്നു. അവൾ വിറയ്ക്കുന്ന കുഞ്ഞുവിരലുകൾ കൊണ്ട് ആ മണ്ണിൽ തൊട്ടു. ഒരു കിളിക്കൂട് കൂട്ടുന്നതുപോലെ വാല്സല്യത്തോടെ അവൾ ആ കിഴങ്ങുകഷണം മണ്ണിനടിയിൽ വെച്ചു. ജീവന്റെ ആദ്യത്തെ തുള്ളി വെള്ളം അതിലേക്ക് തളിക്കുമ്പോൾ, ഒരു കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്. അവൾ അതിന് ‘പച്ചു’ എന്ന് പേരിട്ടു.

Zuhara Shareef articles and book
Zuhara Shareef articles and book

പിന്നീടുള്ള ദിവസങ്ങളിൽ മീനുവിന്റെ ലോകം ആ മൺചട്ടിക്ക് ചുറ്റുമായിരുന്നു. രാവിലെ കണ്ണുതുറന്നാലുടൻ അവൾ ഓടിച്ചെല്ലുക ബാൽക്കണിയിലേക്കാണ്.

നാലാം ദിവസം പുലർച്ചെ, ആകാശത്ത് സൂര്യന്റെ ആദ്യകിരണങ്ങൾ പതിച്ചപ്പോൾ മീനു കണ്ടത് ആ അത്ഭുതമായിരുന്നു! ഇരുണ്ട മണ്ണിന്റെ നെഞ്ചുപിളർന്ന്, വെളിച്ചത്തിലേക്ക് രണ്ട് കുഞ്ഞു പച്ചിലകൾ തലയുയർത്തി നിൽക്കുന്നു. പ്രകൃതിയുടെ ആദ്യത്തെ പുഞ്ചിരി!

“അമ്മേ… ഓടിവായോ… എന്റെ പച്ചുവിന് ജീവൻ വച്ചേ! അവൻ എന്നെ നോക്കി ചിരിക്കുന്നേ…” മീനുവിന്റെ ആഹ്ലാദപ്രകടനം ആ ഫ്ലാറ്റിലാകെ മുഴങ്ങി.

അവൾ ആ ഇലകളിൽ പതുക്കെ വിരലോടിച്ചു. അവളുടെ ഉള്ളിലെ സ്നേഹം മുഴുവൻ ആ ഇലപ്പച്ചയിലേക്ക് പകരുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ‘പച്ചു’ വളർന്നു, ഇലകൾ പടർത്തി ആ ഇരുമ്പഴികളെ പച്ചപ്പുകൊണ്ട് മൂടി. ആ സിമന്റ് കാടിന്റെ നാലാം നിലയിൽ അതൊരു കൊച്ചു വസന്തമായി മാറി.

ഒരു വൈകുന്നേരം, ആ ബാൽക്കണിയിൽ മീനു ഇരിക്കുമ്പോൾ എവിടെ നിന്നോ പറന്നുവന്ന ഒരു മഞ്ഞച്ചിത്രശലഭം ആ ചെടിയുടെ ഇലകളിൽ വന്നിരുന്നു. നഗരത്തിന്റെ പുകച്ചുരുളുകളിൽ പെട്ടുപോയ ഒരു കുഞ്ഞുജീവൻ, തന്റെ ചെടിയുടെ തണലിൽ അഭയം തേടിയത് കണ്ടപ്പോൾ മീനുവിന്റെ കണ്ണുകൾ സങ്കടം കൊണ്ടും സന്തോഷം കൊണ്ടും നിറഞ്ഞു. അവൾ അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് പറഞ്ഞു:

“അമ്മേ… ഭൂമിയമ്മയ്ക്ക് ഇപ്പോൾ ശ്വാസം മുട്ടുന്നുണ്ടാവില്ലല്ലേ? എന്റെ പച്ചു ഉള്ളതുകൊണ്ട് ഒരു ശലഭത്തിനെങ്കിലും ജീവിക്കാൻ പറ്റിയല്ലോ…”

ഒരു എട്ടുവയസ്സുകാരിയുടെ ആ വലിയ തിരിച്ചറിവിന് മുന്നിൽ അമ്മയുടെ വാക്കുകൾ ഇടറി.

പ്രിയപ്പെട്ട കൂട്ടുകാരേ, മുതിർന്നവരേ… കുഞ്ഞു മീനുവിന്റെ ഈ കഥ നമ്മുടെ ഉള്ളിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം നമ്മുടെ ഉള്ളിലെ മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്നാണ്. കോൺക്രീറ്റ് ചുവരുകൾക്കുള്ളിൽ നമ്മൾ സുരക്ഷിതരാണെന്ന് കരുതുമ്പോഴും, പുറത്ത് ഒരു തുള്ളി പച്ചപ്പിനായി, ഒരു ശ്വാസത്തിനായി ഭൂമി പിടയുകയാണ്.

പ്രകൃതിയെ സ്നേഹിക്കാൻ നമുക്ക് വലിയ പുരയിടങ്ങളുടെ ആവശ്യമില്ല; കുഞ്ഞു മീനുവിനെപ്പോലെ സ്നേഹമുള്ള ഒരു മനസ്സും, ഒരു പിടി മണ്ണും മാത്രം മതി.

ഈ പരിസ്ഥിതി ദിനത്തിൽ വെറുതെ ഒരു ഫോട്ടോയ്ക്ക് വേണ്ടി മാത്രം നമ്മൾ ഒരു തൈ നടരുത്. നമ്മുടെ ശ്വാസത്തിനായി, വരുംതലമുറയുടെ ആയുസ്സിനായി, ഈ ഭൂമിയുടെ നിലനിൽപ്പിനായി ഒരു ചെടിയെങ്കിലും നടാം.ഓർക്കുക, നിങ്ങൾ ഇന്ന് മണ്ണിലേക്ക് വെക്കുന്ന ഒരു ചെറിയ വിത്ത്, നാളെ ഈ ലോകത്തിന് നൽകുന്നത് ഒരു വലിയ ജീവനാണ്. ഇന്ന് തന്നെ തുടങ്ങാം, ഒരു കുഞ്ഞു ചെടിയിലൂടെ നമ്മുടെ പ്രകൃതിയെ നമുക്ക് തിരികെപ്പിടിക്കാം.

Celebrating the empowering pen of Suhara Shareef
Celebrating the empowering pen of Suhara Shareef

എഴുത്തുകാരിയെ പരിചയപ്പെടാം…

കാസർകോടിന്റെ സാംസ്കാരിക ഹൃദയമായ തളങ്കര ബാങ്കോടിന്റെ മണ്ണിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് പെയ്തിറങ്ങിയ അക്ഷരപുണ്യമാണ് സുഹറ ഷരീഫ് ചുങ്കത്തിൽ. തളങ്കരയുടെ സാഹിത്യ പാരമ്പര്യത്തിന് എന്നും അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന ഒരു വലിയ മുതൽക്കൂട്ടാണ് ഈ എഴുത്തുകാരി.

മനുഷ്യ മനസ്സിന്റെ ആഴങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും ഒപ്പിയെടുത്തുകൊണ്ട് സുഹറ ഷരീഫ് എഴുതിയ നിരവധി ലേഖനങ്ങൾ വായനക്കാരുടെ ചിന്തകളെ സ്വാധീനിച്ചവയാണ്. കേവലം വാക്കുകൾക്കപ്പുറം വായനക്കാരുമായി വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കാൻ അവരുടെ ലളിതവും മനോഹരവുമായ സാഹിത്യശൈലിക്ക് കഴിഞ്ഞിട്ടുണ്ട്. ലേഖനങ്ങൾക്ക് പുറമെ, സാഹിത്യലോകം ഏറെ താല്പര്യത്തോടെ വരവേറ്റ ഒരു മികച്ച പുസ്തകവും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.“തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, സ്വന്തം തൂലികയിലൂടെ അതിന് ജീവൻ നൽകുകയും ചെയ്യുന്ന അപൂർവ്വം പ്രതിഭകളിൽ ഒരാളാണ് അവർ.”

ഒരു സ്ത്രീ എന്ന നിലയിൽ, സാമൂഹിക ബോധമുള്ള ഒട്ടനവധി ചിന്തകൾ വായനക്കാരിലേക്ക് എത്തിക്കാൻ സുഹറ ഷരീഫിന് സാധിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *