തിരുവനന്തപുരം: “മോഡിഫിക്കേഷൻ അനുവദിക്കും… കുട്ടികൾ ആഘോഷിക്കട്ടെ…” എന്ന തെരഞ്ഞെടുപ്പ് കാല വാഗ്ദാനം കേട്ട് സ്വപ്നലോകത്ത് സഞ്ചരിച്ചിരുന്ന ജെൻസി യുവാക്കൾക്ക് ഒടുവിൽ കിട്ടിയത് പൊളിച്ചടുക്കൽ അല്ല, പൊളിഞ്ഞടിയാണെന്ന് സോഷ്യൽ മീഡിയ. ഏറെ കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ വണ്ടി ഭ്രാന്തന്മാർ കൂട്ടത്തോടെ ട്രോൾ പേജുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.
ടയറുകൾ ട്രാക്ടറിന്റെ വലിപ്പത്തിലാക്കാം, സസ്പെൻഷൻ ഉയർത്തി ഒന്നാം നിലയിൽ നിന്ന് നേരെ കാറിൽ കയറാം, പുകക്കുഴൽ വളച്ച് ഹെലികോപ്റ്ററിന്റെ ശബ്ദം ഉണ്ടാക്കാം, ഡിജെ ലൈറ്റിട്ട് നാട്ടുകാരുടെ ഉറക്കം കളയാം എന്നൊക്കെയായിരുന്നു യുവാക്കളുടെ പ്രതീക്ഷ. എന്നാൽ സർക്കാർ അനുവദിച്ച ലിസ്റ്റ് കണ്ടപ്പോൾ പലരും “ഇതൊക്കെ ഞങ്ങൾ നേരത്തേ ചെയ്തിരുന്നതല്ലേ?” എന്ന നിലയിലാണ്.

അനുവദിച്ച 18 മോഡിഫിക്കേഷനുകളിൽ പ്രധാനപ്പെട്ടത് സ്റ്റിക്കറുകൾ, സീറ്റ് കവർ, ഫ്ലോർ മാറ്റ്, ഡാഷ് ക്യാം, പാർക്കിംഗ് സെൻസർ, ജിപിഎസ് ട്രാക്കർ, അധിക സ്പീക്കർ, സൺഫിലിം തുടങ്ങിയവ. ഇതോടെ നിരവധി യുവാക്കൾ “ഞങ്ങൾക്ക് വേണ്ടിയിരുന്നത് കാറിന്റെ ആത്മാവിനെ മാറ്റാനായിരുന്നു, നിങ്ങൾ അനുവദിച്ചത് സീറ്റ് കവറാണ്” എന്ന നിലയിൽ നിരാശ പങ്കുവെക്കുന്നു.
ഇതിനിടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്. “റിവേഴ്‌സ് ഗിയർ ഇടുമ്പോൾ രംഭ ഹൊ…ഹൊ… എന്ന് പറയുന്ന മ്യൂസിക് കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മികൾ ഫേക്ക് ന്യൂസ് ഇറക്കിയിട്ടുണ്ട്, അതിൽ ആരും വീഴരുത്” എന്ന ട്രോൾ പോസ്റ്റ് വൈറലായി.
മറ്റൊരു ട്രോളിൽ, “വണ്ടിയുടെ മേൽ മയിൽപ്പീലി ഒട്ടിക്കാം, പക്ഷേ ടയർ വലുതാക്കരുത്; ഇതാണ് പുതിയ വിപ്ലവം” എന്നാണ് പരിഹാസം. ചിലർ “ഞങ്ങൾ പ്രതീക്ഷിച്ചത് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, കിട്ടിയത് സീറ്റ് കവർ ആൻഡ് ഫ്ലോർ മാറ്റ്” എന്നും കുറിച്ചു.

വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം വന്ന ദിവസം ആഘോഷിക്കാൻ തയ്യാറായി നിന്ന ചില യുവാക്കൾ ഇപ്പോൾ തങ്ങളുടെ വാങ്ങിയ LED ലൈറ്റുകളും വലിയ ടയറുകളും ഓൺലൈൻ റീസെയിലിന് വെച്ചിരിക്കുകയാണെന്നാണ് ട്രോൾ ലോകത്തെ പുതിയ വാർത്ത.
ഇതിനിടെ തെരഞ്ഞെടുപ്പ് കാലത്ത് ഈ പ്രഖ്യാപനം വിശ്വസിച്ച് ആവേശംകൊണ്ടിരുന്ന ചില യുവാക്കൾ “ഇമ്മാതിരി പണി തരാൻ പാടില്ലായിരുന്നു” എന്ന വികാരത്തിലാണ്. “ഞങ്ങൾ കരുതിയത് ജീപ്പ് മോൺസ്റ്റർ ട്രക്കാക്കാമെന്നാണ്; കിട്ടിയത് സ്റ്റിയറിംഗ് വീൽ കവറിന് സർക്കാർ അംഗീകാരം” എന്നാണ് ഒരു യുവാവിന്റെ സങ്കടം.
അതേസമയം, ട്രോൾ ലോകം പുതിയ ആവശ്യവുമായി രംഗത്തെത്തി. അടുത്ത ഭേദഗതിയിൽ റിവേഴ്‌സ് ഗിയറിനൊപ്പം “ഹൊ…ഹൊ…” ശബ്ദവും, ഹോൺ അടിക്കുമ്പോൾ സിനിമ ഡയലോഗുകളും, മഴ പെയ്യുമ്പോൾ കാറിന്റെ മുകളിൽ കൃത്രിമ മിന്നലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ക്യാംപയിൻ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.



