bncmalayalam.in

നീതിയുടെ വഴിയിൽ നടന്ന എളിമയുടെ മനുഷ്യൻ; റിട്ട. ജില്ലാ ജഡ്ജി സി.പി.യു. ഫാറൂഖ് ഷാഫി അന്തരിച്ചു

275: നീതിയുടെ വഴിയിൽ നടന്ന എളിമയുടെ മനുഷ്യൻ; റിട്ട. ജില്ലാ ജഡ്ജി സി.പി.യു. ഫാറൂഖ് ഷാഫി അന്തരിച്ചു

കാസർകോട്: കേരള ന്യായവ്യവസ്ഥയിൽ ദീർഘകാലം മാതൃകാപരമായ സേവനം അനുഷ്ഠിച്ച റിട്ട. ജില്ലാ ജഡ്ജിയും കാസർകോട് പുലിക്കുന്ന് സ്വദേശിയുമായ സി.പി.യു. ഫാറൂഖ് ഷാഫി (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.30ഓടെ കാസർകോട്ടെ മാലിക് ആശുപത്രിയിലായിരുന്നു അന്ത്യം.

 

RETD JUDGE FAROOQ SHAFI PASSES AWAY
RETD JUDGE FAROOQ SHAFI PASSES AWAY

കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിൽ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, കോഴിക്കോട് കുടുംബ കോടതിയിലെ ജഡ്ജിയായും പ്രവർത്തിച്ചിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ പ്രസിഡന്റായും പൊതുസേവന രംഗത്ത് സജീവ സാന്നിധ്യമായി തുടരുകയായിരുന്നു.

തളങ്കര ഗവൺമെന്റ് മുസ്ലിം ഹൈസ്കൂളിലും മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. തുടർന്ന് നിയമബിരുദം നേടി ന്യായവ്യവസ്ഥയിൽ പ്രവേശിച്ച അദ്ദേഹം, സത്യസന്ധതയും നീതിബോധവും ഉയർത്തിപ്പിടിച്ച ജഡ്ജിയായി സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ആദരവ് നേടി.

മിതഭാഷിയും അതീവ ലളിതജീവിതം നയിച്ച വ്യക്തിയുമായിരുന്ന ഫാറൂഖ് ഷാഫിയെക്കുറിച്ച് നാട്ടുകാർ പറയുന്നത്, “വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പോലും ആരെയും വേദനിപ്പിക്കാത്ത മനുഷ്യൻ” എന്നതാണ്. ഔദ്യോഗിക പദവികളുടെ ഉയരങ്ങളിൽ എത്തിയിട്ടും എളിമ കൈവിടാതെ ജീവിച്ച അദ്ദേഹം സന്ദർശകരെ സ്നേഹത്തോടെയും ആദരവോടെയും സ്വീകരിച്ചിരുന്ന സൗമ്യ വ്യക്തിത്വമായിരുന്നു.

RETD JUDGE FAROOQ SHAFI PASSES AWAY

പരേതനായ ഹസ്സൻ കുട്ടിയുടെ മകനാണ്.ഭാര്യ: സി.പി. ആയിഷ.മക്കൾ: മുഹമ്മദ് അർഷാദ് (ചാർട്ടേഡ് അക്കൗണ്ടന്റ്, ബിസിനസ് മേഖല, എറണാകുളം) ഫരീദ അലി (റിയാ ഫുഡ്) ഷബിനാസ് സി.പി. (എഞ്ചിനീയർ, അബുദാബി) മരുമക്കൾ: ഫൗസത്ത് അർഷാദ് ,അഹമ്മദ് അലി (ശോഭ മെറ്റൽസ്) ഷിയാഫ് റംലാൻ (എഞ്ചിനീയർ, അമേരിക്ക) സഹോദരങ്ങൾ:സി.പി. ജമീല, പരേതരായ സി.പി. അബ്ബാസ് അലി (ചാർട്ടേഡ് അക്കൗണ്ടന്റ്), പി.എച്ച്. മുഹമ്മദ്, ബീഫാത്തിമ. ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് രാവിലെ 11 മണിയോടെ ഖബറടക്കം നടന്നു. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, നിയമരംഗത്തെ സഹപ്രവർത്തകർ, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങി നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. നീതിയെയും മാനുഷിക മൂല്യങ്ങളെയും ഒരുപോലെ ചേർത്തുപിടിച്ച ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു സി.പി.യു. ഫാറൂഖ് ഷാഫി. ഔദ്യോഗിക ജീവിതത്തിലെ കർക്കശതയ്ക്കപ്പുറം, മനുഷ്യസ്നേഹവും എളിമയും നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം സമൂഹത്തിന്റെ ഓർമ്മകളിൽ എന്നും നിലനിൽക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *