ചേരാനല്ലൂർ ബെൻസ് കാറപകടം: പൊലീസിനും നീതിന്യായ സംവിധാനത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജിന്റോ ജോൺ,‘പാതിരാത്രി ആ ചെറുക്കൻ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷ വൃദ്ധകളേയും കാണുന്നില്ല
എറണാകുളം ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ നീതിനിഷേധം ആരോപിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ രംഗത്ത്. പണത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കിൽ ഉന്നതർ നടത്തുന്ന നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന പൊലീസ് നടപടിയെയും വ്യവസ്ഥിതിയെയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി വിമർശിച്ചു.
കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ശരീരം കുടുംബത്തിന് വിട്ടുകിട്ടും മുൻപ് തന്നെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകാൻ പൊലീസ് കാണിച്ച വ്യഗ്രത നീതിബോധത്തിന് നിരക്കാത്തതാണെന്ന് ഡോ. ജിന്റോ ജോൺ കുറ്റപ്പെടുത്തി. അധികാരവും പണവുമുള്ളവരെ കാണുമ്പോൾ കാക്കിയിട്ടവർ കവാത്ത് മറക്കുകയാണെന്നും സാധാരണക്കാരുടെ കാര്യത്തിൽ നൂലാമാലകൾ തീർക്കുന്നവർ ഉന്നതരുടെ മക്കൾക്കായി വാതിൽ തുറന്നിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വന്നത് പൊലീസ് സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമായാണ് വിലയിരുത്തപ്പെടേണ്ടത്. മന്ത്രിക്ക് എത്ര കേസുകളിൽ ഇങ്ങനെ ഇടപെടാനാകുമെന്ന് ചോദിച്ച അദ്ദേഹം, മന്ത്രിയോ സർക്കാരോ ഇടപെടാതെ തന്നെ നീതി നടപ്പാക്കാൻ പൊലീസ് ശീലിക്കണമെന്നും അലംഭാവം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
പാതിരാത്രി ബെൻസെടുത്ത് കറങ്ങാനിറങ്ങിയ പ്രായപൂർത്തിയാകാത്ത മകന്റെ വിവരങ്ങൾ പോലും അറിയാത്ത പിതാവ് ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലെ അഡീഷണൽ ജഡ്ജിയാണെന്നത് വലിയൊരു വിരോധാഭാസമാണ്. മകന്റെ പ്രവർത്തനങ്ങൾ അറിയാത്ത അയാൾക്ക് ആ സ്ഥാനത്തിരിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നും, ആ ജഡ്ജി വാങ്ങുന്ന ശമ്പളം പാവപ്പെട്ട തട്ടുകടക്കാരന്റെ നികുതിപ്പണത്തിൽ നിന്നുകൂടിയാണെന്നും ജിന്റോ ജോൺ ഓർമിപ്പിച്ചു.
രാത്രികാലങ്ങളിൽ കുടുംബം പോറ്റാൻ പണിയെടുക്കുന്ന സാധാരണക്കാരുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ, പണത്തിന്റെ ഹുങ്കിൽ ആളെക്കൊല്ലുന്ന ആഡംബര വാഹനങ്ങളിൽ കറങ്ങുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ അപകടമായാലും ചേരാനല്ലൂരിലെ ബെൻസ് അപകടമായാലും കൊലയാളികളെ രക്ഷിക്കാൻ അപ്പന്മാർ ഒപ്പമുണ്ട്.
മക്കളെ സഹാനുഭൂതിയോടെ വളർത്താനാകാത്ത പരാജയപ്പെട്ട അച്ഛന്മാർ ഇനിയുമിവിടെ ഒരുപാട് പാവങ്ങൾക്ക് നടുറോഡിൽ മരണം സമ്മാനിച്ചേക്കാം. എന്നാൽ, അവരുടെ നീതിബോധമില്ലായ്മക്ക് നിയമത്തിന്റെ കവചമൊരുക്കാൻ പൊലീസോ നീതിന്യായ സംവിധാനങ്ങളോ നിന്നുകൊടുക്കുന്നത് ഒരുതരത്തിലും ക്ഷമിക്കാവുന്നതല്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പൊലീസിലും കോടതിയിലും വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും കർശന നടപടികൾ ഉണ്ടാകണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.



