തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്തതിന് പിന്നാലെ 2.73 ലക്ഷം രൂപ നഷ്ടം; ആദൂർ പോലീസ് കേസെടുത്തു,ഐ.ആർ.സി.ടി.സി. ആപ്പ് വഴി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്തത്
കാസർകോട്: ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഐ.ആർ.സി.ടി.സി. ആപ്പ് വഴി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്ത യുവാവിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 2,73,260 രൂപ നഷ്ടപ്പെട്ടതായി പരാതി. ഇരിയണ്ണി കാട്ടിപ്പുള്ളത്തെ സ്വരൂപ് (29) ആണ് പണം നഷ്ടമായതായി പരാതിപ്പെട്ടത്. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒക്ടോബർ 4-ന് രാവിലെ 11.05 മുതൽ ഒക്ടോബർ 5-ന് രാവിലെ എട്ട് മണി വരെയുള്ള സമയത്തിനിടെയാണ് യുവാവ് ഐ.ആർ.സി.ടി.സി. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. ഗൂഗിൾ പേയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽനിന്നാണ് പണം നഷ്ടമായതെന്നാണ് പരാതി.

തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്തതിന് പിന്നാലെ വിവിധ ഓൺലൈൻ ആപ്പുകൾ വഴി അറിയിപ്പുകൾ ലഭിച്ചതോടെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം സ്വരൂപിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 2,73,260 രൂപ നഷ്ടമായതായി കണ്ടെത്തിയത്.
ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്തതിന് പിന്നാലെ പണം നഷ്ടമായെന്ന പരാതി ഗൗരവത്തോടെയാണ് കാണുന്നത്. പണം നഷ്ടപ്പെട്ടതിന്റെ കൃത്യമായ കാരണവും ഇടപാടുകൾ നടന്ന രീതിയും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
യുവാവിന്റെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിന് പിന്നിൽ സൈബർ തട്ടിപ്പുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.



