റീലുകളെ പേടിക്കുന്ന ഡെമോക്രസി: അക്കൗണ്ട് പൂട്ടിച്ചാൽ യുവാക്കൾ നിശബ്ദരാകുമോ ? ഇതൊരൊന്നര ‘ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്ക്’ വൈറൽ താരത്തിന്റെ അക്കൗണ്ട് പൂട്ടി
ഡൽഹി: ഡൽഹി പൊലീസിന്റെ “വീരസാഹസങ്ങൾ” കാണുമ്പോൾ ഏത് മലയാളിയുടെ മനസ്സിലും ആദ്യം ഓടിയെത്തുക ആ പഴയ പഴഞ്ചൊല്ല് തന്നെയാണ്“ഈറ്റില്ലം ചുട്ട് എലിപിടിക്കുക” പത്തെൺപത് കോടി വോട്ടർമാരുള്ള, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കേന്ദ്ര ഭരണകൂടവും അവരുടെ പൊലീസും ചേർന്ന് ഇപ്പോൾ പോരാടുന്നത് ആകെ 19 ഉം 20 വയസ്സു മാത്രം പ്രായമുള്ള ഒരു യുവാക്കളോടാണ് . ആലോചിച്ചു നോക്കൂ, വൻ തോക്കുകളും സായുധ സേനയുമുള്ള ഒരു പൊലീസ് വ്യൂഹം, വെറുമൊരു ഇൻസ്റ്റഗ്രാം പേജ് കണ്ടു പേടിച്ച് അതിന്റെ പ്ലഗ് ഊരിയെടുത്തിരിക്കുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രിയുടെ രാജിക്ക് കാരണമായ സിജെപി യുടെ സമരവേദിയിൽ നിന്ന് റീലുകളെടുത്ത് വൈറലായ അഭിനവ് ബിഷ്ട് എന്ന ആ 19-കാരനാണ് ഇപ്പോൾ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്. കോടികൾ മുടക്കി നടത്തുന്ന കാവി ഭരണകൂടത്തിന്റെ പിആർ പ്രചാരണങ്ങളെ മുഴുവൻ കാറ്റിൽപ്പറത്തിക്കൊണ്ട്, ജനറേഷൻ സി-യുടെ സ്വന്തം ഭാഷയിൽ ഈ ചെറുപ്പക്കാരൻ ചെയ്ത കുഞ്ഞു വിഡിയോകൾ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിച്ചേർന്നത്. സത്യം ജനങ്ങളിലേക്ക് എത്തുന്നതിനേക്കാൾ വലിയ അപകടം വേറെന്താണുള്ളത്? അതുകൊണ്ടുതന്നെ, ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം, ചോദ്യം ഉന്നയിച്ച സോഷ്യൽ മീഡിയ അക്കൗണ്ട് കളയുക എന്ന വളരെ “ബുദ്ധിപരമായ” തന്ത്രമാണ് ഡൽഹി പൊലീസ് പുറത്തെടുത്തിരിക്കുന്നത്. @issac1rl എന്ന ആ ഇൻസ്റ്റഗ്രാം അക്കൗണ്ട് അങ്ങ് സസ്പെൻഡ് ചെയ്തു കളഞ്ഞാൽ തീരുന്ന പ്രശ്നമേ രാജ്യത്തെ നീറ്റ് തട്ടിപ്പിനുള്ളൂ എന്ന മട്ടിലാണ് അധികാരികളുടെ പോക്ക്.
വിരോധാഭാസം അവിടെയും തീരുന്നില്ല. അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും രണ്ടു എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ശബ്ദമുയർത്തിയാൽ കേസ്, പ്രധാനമന്ത്രി വിമർശിച്ചാൽ കേസ് , ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ ലാത്തിയടി , മിണ്ടാത്ത ഉരിയാടാതെ എല്ലാം അങ്ങ് സഹിച്ചു മുന്നോട്ടു പോകണം എന്നാണോ കാവി ഭരണകൂടം പറയുന്നത് . രാജ്യത്തെ യുവാക്കൾ ഇതൊക്കെ കണ്ട് ഭയന്ന് പിന്മാറുമെന്നാണ് കരുതുന്നതെങ്കിൽ അത് ഭരണകൂടത്തിന്റെ ശുദ്ധ അബദ്ധം മാത്രമാണ്. ഇത്തരം അനാവശ്യ ഭയവും അടിച്ചമർത്തലുകളും യുവാക്കളെ കൂടുതൽ പ്രകോപിപ്പിക്കാനും പോരാടാൻ പ്രേരിപ്പിക്കാനുമേ ഉപകരിക്കൂ. ഏതായാലും, റീലുകളെ പേടിച്ച് അക്കൗണ്ട് പൂട്ടിക്കുന്ന ഈ “ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്ക്” കണ്ടു ചിരിക്കണോ അതോ രാജ്യത്തെ ജനാധിപത്യത്തിന്റെ അവസ്ഥയോർത്ത് കരയണോ എന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ.



