കണ്ണീർമഴയിൽ റിപ്പബ്ലിക് സ്റ്റുഡിയോ; വിദ്യാഭ്യാസമന്ത്രിയുടെ രാജിയിൽ ‘ഉരുകിപ്പോയി’ അർണാബും നിരഞ്ജനും
ന്യൂഡൽഹി: ടിവി സ്‌ക്രീനിൽ നിന്ന് പ്ലാസ്റ്റിക് ഉരുകിയൊലിക്കുന്ന നാറ്റമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. മറ്റൊന്നുമല്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മന്തൻ പദാന്റെ പെട്ടെന്നുള്ള രാജി വാ വാർത്ത കേട്ട് റിപ്പബ്ലിക് ടിവി സ്റ്റുഡിയോയിൽ അർണാബ് ഗോസ്വാമിയും നിരഞ്ജൻ നാരായണസ്വാമിയും ചേർന്ന് നടത്തുന്ന ‘മെഴുകൽ മഹോത്സവ’ത്തിന്റെ മണമാണത്. മന്ത്രി രാജിവെച്ച ദുഃഖത്തിൽ അർണാബിന്റെ ശരീരഭാരം ഒറ്റ മണിക്കൂർ കൊണ്ട് പത്ത് കിലോയോളം കുറഞ്ഞ മട്ടാണ്. മുഖത്താകെ അമർഷവും സങ്കടവും പതഞ്ഞുപൊന്തുന്നു!
രാജി വാർത്ത പുറത്തുവന്ന നിമിഷം മുതൽ ശാന്തമായി വാദമുഖങ്ങൾ നിരത്തുന്നതിന് പകരം, സ്റ്റുഡിയോയിലിരുന്ന് ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞു മെഴുകാനാണ് റിപ്പബ്ലിക് ടീം സമയം കണ്ടെത്തുന്നത്. നാളെ പാർലമെന്റിലേക്ക് സി.ജെ.പി (CJP) നടത്താനിരുന്ന കൂറ്റൻ മാർച്ച് ഒഴിവാക്കാൻ വേണ്ടി മാത്രം ‘അതീവ സഹാനുഭൂതിയോടെ’ കേന്ദ്രം നടത്തിയ ഒരു തന്ത്രപരമായ നീക്കം മാത്രമാണ് ഈ രാജിയെന്നാണ് അർണാബിന്റെ കണ്ടെത്തൽ. അതായത്, രാജിവെച്ചത് തെറ്റുകാരനായതുകൊണ്ടല്ല, മറിച്ച് പ്രതിപക്ഷത്തോട് തോന്നിയ ‘വലിയ മനസ്സ്’ കൊണ്ടാണെന്ന്

സമരമല്ല, രാജ്യത്തെ തകർക്കാനുള്ള ‘കലാപം’
രാജ്യത്തെ ജനങ്ങളും വിദ്യാർത്ഥികളും നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സാധാരണ ഭാഷയിൽ ‘സമരം’ എന്നാണ് വിളിക്കാറുള്ളതെങ്കിൽ, അർണാബിന്റെ നിഘണ്ടുവിൽ അതിന് പുതിയൊരു പേരുണ്ട്—‘വയലൻസ്!’ സി.ജെ.പി പ്രവർത്തകർ തെരുവിലിറങ്ങിയത് അവകാശങ്ങൾക്കായല്ലെന്നും, പകരം രാജ്യത്തെ ആകെ വ്യാപിപ്പിക്കുന്ന ഒരു വൻ കലാപത്തിന് തീ കൊളുത്താനായിരുന്നു എന്നുമാണ് റിപ്പബ്ലിക് ചാനലിന്റെ അതിഭീകരമായ കണ്ടെത്തൽ.
“ഞാൻ കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന നേതാക്കളുമായി നേരിട്ട് സംസാരിച്ചതാണ്…” എന്ന സ്ഥിരം ഡയലോഗോടെയാണ് അർണാബ് തന്റെ അടിയന്തര അന്വേഷണ റിപ്പോർട്ട് അവതരിപ്പിച്ചത്. സി.ജെ.പിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആ ‘കറുത്ത കൈകൾ’ ഏതാണെന്ന് കൃത്യമായി അന്വേഷിക്കണമെന്നും, ഇതിന് പിന്നിലുള്ളവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് മൂപ്പരുടെ ആഹ്വാനം. എന്നാൽ മന്ത്രി എന്തുകൊണ്ട് രാജിവെച്ചു എന്നതിനെക്കുറിച്ചോ, ഭരണഘടനയും നിയമങ്ങളും എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല എന്നതിനെക്കുറിച്ചോ ഒരു വാക്ക് പോലും മിണ്ടാൻ അവതാരകർ തയ്യാറായിട്ടില്ല.
സ്റ്റുഡിയോയിലെ സഹതാപ തരംഗം
ധർമ്മന്തൻ പദാന്റെ രാജി റിപ്പബ്ലിക് ചാനലിന്റെ ഹൃദയത്തെ എത്രത്തോളം പിടിച്ചുലച്ചു എന്നത് അവരുടെ തത്സമയ ചർച്ച കാണുന്ന ഏതൊരാൾക്കും വ്യക്തമാകും. സ്വന്തം വീട്ടിലെ ആരെങ്കിലും പടിയിറങ്ങിപ്പോയ പോലെയുള്ള സങ്കടമാണ് അർണാബിന്റെയും നിരഞ്ജന്റെയും മുഖത്ത്. കേന്ദ്ര സർക്കാരിന് പോലും ഇത്രയും സങ്കടമുണ്ടോ എന്ന് സംശയമാണ്.
എന്തായാലും, സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ വസ്‌തുതകളെ വളച്ചൊടിച്ച് വാർത്ത നിർമ്മിക്കുന്ന മാധ്യമപ്രവർത്തനത്തിന്റെ ‘തത്സമയ മെഴുകൽ’ കണ്ട് ചിരിക്കണോ അതോ നാടിന്റെ അവസ്ഥയോർത്ത് കരയണോ എന്നറിയാത്ത അവസ്ഥയിലാണ് പ്രേക്ഷകർ.



