തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കേരളപ്പിറവി ദിനമായ നാളെ മുതൽ കേരളത്തിൽ പവർ കട്ടിനും ലോഡ് ഷെഡിംഗിനും സാധ്യതയെന്ന് സൂചന. പീക്ക് അവറിൽ 1280 മെഗാവാട്ടിന്റെ വലിയ കുറവാണ് വൈദ്യുതി മേഖലയിലുള്ളത്. മറ്റ് ആറ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തിവരുന്നുണ്ടെങ്കിലും വൈദ്യുതി ലഭ്യത പൂർണ്ണമായി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി-ക്ക് (KSEB) ഇതുവരെ കഴിഞ്ഞിട്ടില്ല. റിയൽ മാർക്കറ്റിലെ ലഭ്യതയെയും സ്വാപ്പ് അടിസ്ഥാനത്തിലുള്ള വൈദ്യുതിയെയും ആശ്രയിച്ചാണ് നിലവിലെ മുന്നോട്ട് പോക്ക്. നവംബർ ഒന്നു മുതൽ തന്നെ മലയാളികൾ ലോഡ് ഷെഡിങ് പ്രതീക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാൻ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും ശരാശരി വീടുകളിലെ എസി (AC) ഉപയോഗത്തിലെ വൻ വർദ്ധനവുമാണ്. തുലാമഴ ചതിച്ചതും കനത്ത ചൂടും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൂടാതെ, രാത്രികാലങ്ങളിൽ വീടുകളിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) ഒന്നിച്ച് ചാർജ് ചെയ്യുന്നത് ഗ്രിഡിന്മേൽ വലിയ ഭാരമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണമില്ലാത്തതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ഇവയുടെ രാത്രികാല ചാർജിംഗ് ക്രമീകരിക്കാത്തത് പ്രതിസന്ധി കൂടുതൽ വഷളാക്കുന്നു.
ഉത്തരേന്ത്യയിൽ ദീപാവലി പ്രമാണിച്ച് താപവൈദ്യുതി നിലയങ്ങളോട് പരമാവധി ഉൽപാദനം നടത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ, എക്സ്ചേഞ്ചുകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമാകുന്നത് തടസ്സപ്പെടാൻ ഇടയുണ്ട്. സോളാർ ഊർജ്ജ ഉൽപാദനത്തിൽ കേരളം മുന്നിലുണ്ടെങ്കിലും, അത് ശേഖരിച്ചു വെക്കുന്നതിനുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുടെ അപര്യാപ്തത വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ജലവൈദ്യുത പദ്ധതികളിലെ പാരിസ്ഥിതിക പ്രശ്നങ്ങളും മുൻകാലങ്ങളിലെ ദീർഘവീക്ഷണമില്ലാത്ത ആസൂത്രണവുമാണ് കേരളത്തെ ഇത്തരമൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത് . നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി സർക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.



