bncmalayalam.in

വേട്ടക്കാരൻ തുടങ്ങി,കോടികളുടെ കമ്മീഷൻ കട്ടിങ് ഇനി നടക്കില്ല; ടെൻഡറുകളിൽ പൂട്ടുവീണതോടെ തമിഴകത്ത് വിജയക്കൊടി പാറിച്ച് ‘വിജയ് സ്റ്റൈൽ’ ഭരണം..

വേട്ടക്കാരൻ തുടങ്ങി,കോടികളുടെ കമ്മീഷൻ കട്ടിങ് ഇനി നടക്കില്ല; ടെൻഡറുകളിൽ പൂട്ടുവീണതോടെ തമിഴകത്ത് വിജയക്കൊടി പാറിച്ച് ‘വിജയ് സ്റ്റൈൽ’ ഭരണം..

വേട്ടക്കാരൻ തുടങ്ങി,കോടികളുടെ കമ്മീഷൻ കട്ടിങ് ഇനി നടക്കില്ല; ടെൻഡറുകളിൽ പൂട്ടുവീണതോടെ തമിഴകത്ത് വിജയക്കൊടി പാറിച്ച് ‘വിജയ് സ്റ്റൈൽ’ ഭരണം..

ചെന്നൈ: തമിഴ്‌നാടിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ ഇപ്പോൾ നടക്കുന്നത് അഭൂതപൂർവ്വമായ ഒരു ഭരണവിപ്ലവമാണ്. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ അഴിമതിക്കെതിരെയും സുദാര്യതയ്ക്ക് വേണ്ടിയും എടുത്ത കർശന നിലപാടുകൾ ദ്രാവിഡ രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രമെഴുതുകയാണ്. മുൻ ഭരണകാലങ്ങളിൽ തമിഴ്‌നാടിനെ വരിഞ്ഞുമുറുക്കിയിരുന്ന കമ്മീഷൻ സംസ്കാരവും രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടും പൂർണ്ണമായും പൂട്ടിക്കെട്ടാൻ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് പുതിയ സർക്കാരിന് സാധിച്ചിരിക്കുന്നു.

സംസ്ഥാനത്തിന്റെ 10 ലക്ഷം കോടിയിലധികം വരുന്ന ഭീമമായ കടബാധ്യതകൾ വ്യക്തമാക്കുന്ന ധനകാര്യ ധവളപത്രം പൊതുജനങ്ങൾക്കായി തുറന്നുകാട്ടിക്കൊണ്ടാണ് വിജയ് ഭരണം തുടങ്ങിയത്. മുൻകാലങ്ങളിൽ ഖജനാവിലെ പണം അനാവശ്യമായി ചോർന്നുപോയിരുന്ന പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ടെൻഡർ നടപടികളിലാണ് മുഖ്യമന്ത്രി ആദ്യം തന്നെ കടുത്ത ശുദ്ധീകരണം നടത്തിയത്. ചെറിയ തദ്ദേശീയ പദ്ധതികൾ മുതൽ വൻകിട വികസന പ്രവർത്തനങ്ങൾ വരെ തികച്ചും സുദാര്യമായ ‘ഓപ്പൺ കോമ്പറ്റിറ്റീവ് ബിഡിങ്’ രീതിയിലേക്ക് മാറ്റിയതോടെ തമിഴ്‌നാട് വലിയൊരു സാമ്പത്തിക ലാഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

മുമ്പ് 40 ശതമാനം വരെ കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ടെൻഡർ രീതികൾ മാറിയതോടെ, കരാറുകാർ ഔദ്യോഗികമായി നിശ്ചയിച്ച തുകയേക്കാൾ വളരെ കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തി മുന്നോട്ടുവരുന്ന അത്ഭുതകരമായ കാഴ്ചയാണിപ്പോൾ. ഉദാഹരണത്തിന്, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ പരിധിയിൽ റോഡ് പുനരുദ്ധാരണ ജോലികൾക്കായി നൽകിയ ടെൻഡറുകളിൽ ഔദ്യോഗിക കണക്കുകളെക്കാൾ 25 മുതൽ 35 ശതമാനം വരെ കുറഞ്ഞ തുകയാണ് കരാറുകാർ ആവശ്യപ്പെട്ടത്. അമ്പത്തൂർ സോണിൽ 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച ഒരു ചെറിയ പ്രവർത്തിക്കായി ഒൻപത് കരാറുകാർ മത്സരിക്കുകയും ഒടുവിൽ 25 ശതമാനത്തിലധികം തുക കുറച്ച് ഏകദേശം 16 ലക്ഷം രൂപയ്ക്ക് ഈ കരാർ ഉറപ്പിക്കുകയും ചെയ്തു. ഒരൊറ്റ ടെൻഡറിലൂടെ മാത്രം ഖജനാവിന് ലഭിച്ചത് 9 ലക്ഷം രൂപയുടെ ലാഭമാണ്! തൊണ്ടയാർപ്പേട്ടിലും ഷോളിങ്കനല്ലൂരിലും ഇതേ മാതൃക ആവർത്തിച്ചു. സ്വകാര്യ വ്യക്തികൾക്കോ ഉദ്യോഗസ്ഥർക്കോ വൻതുക കൈക്കൂലിയായി നൽകേണ്ടി വരാത്തതിനാലാണ് തങ്ങൾക്ക് ഇത്രയും കുറഞ്ഞ നിരക്കിൽ സുദാര്യമായി പണികൾ ഏറ്റെടുക്കാൻ കഴിയുന്നതെന്ന് കരാറുകാരുടെ അസോസിയേഷൻ പ്രതിനിധികൾ തന്നെ പരസ്യമായി സമ്മതിക്കുന്നു.

ചെറിയ നിർമ്മാണ പ്രവർത്തനങ്ങളിൽ മാത്രമല്ല, വൻകിട കോർപ്പറേറ്റ് പ്രോജക്ടുകളിലും ജനപക്ഷത്തുനിന്നുള്ള കർശനമായ നിലപാടാണ് വിജയ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുൻ ഭരണകാലത്ത് കേന്ദ്ര സർക്കാരിന്റെ ആർഡിഎസ്എസ് പദ്ധതിയുടെ ഭാഗമായി അദാനി എനർജി സൊല്യൂഷൻസിന് നൽകാൻ നിശ്ചയിച്ചിരുന്ന 20,000 കോടി രൂപയുടെ മെഗാ സ്മാർട്ട് മീറ്റർ പ്രൊജക്റ്റ് വിജയ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയത് ഭരണാധികാരി എന്ന നിലയിൽ വിജയ്‌യുടെ ആർജ്ജവം വ്യക്തമാക്കുന്നു. വിപണി നിരക്കുകളേക്കാൾ അമിതമായ തുകയാണ് ഈ പദ്ധതിക്കായി അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതെന്ന് സർക്കാർ നടത്തിയ ആഭ്യന്തര പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഈ വൻ തുകയുടെ അധിക ബാധ്യത ഒടുവിൽ വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സാധാരണക്കാരായ ജനങ്ങളുടെ തലയിൽ വന്നുചേരുമെന്ന സാഹചര്യം ഒഴിവാക്കാനും, മുൻ കരാറിലെ സുദാര്യതക്കുറവ് പരിഹരിക്കാനുമാണ് സർക്കാർ ഈ കടുത്ത തീരുമാനമെടുത്തത്. സ്വകാര്യ കുത്തകകൾക്ക് വലിയ ലാഭമുണ്ടാക്കുന്ന ഈ പദ്ധതിക്ക് പകരം, ഖജനാവിനും ജനങ്ങൾക്കും ബാധ്യതയാകാത്ത രീതിയിൽ കുറഞ്ഞ ചിലവിലുള്ള പുതിയൊരു ബദൽ മാതൃക കൊണ്ടുവരാൻ സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്.

കൂടാതെ മുൻപ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് വകുപ്പ് വഴി അനുവദിച്ചിരുന്ന 246 കോടി രൂപയുടെ 46 പദ്ധതികളും സർക്കാർ റദ്ദാക്കുകയുണ്ടായി. കാഞ്ചീപുരത്ത് വെറും ആറു മണിക്കൂർ മാത്രം സമയം നൽകി ധൃതിപിടിച്ചിറക്കിയ വാട്ടർ ടാങ്ക് ടെൻഡർ വിവാദമായപ്പോൾ ഉടനടി അത് റദ്ദാക്കാനും അന്വേഷണം നടത്താനും മുഖ്യമന്ത്രി കാണിച്ച ജാഗ്രത പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

ഭരണപരമായ സുദാര്യതയും അഴിമതി വിരുദ്ധ പോരാട്ടവും ഒരുവശത്ത് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമ്പോഴും, മുൻകാലങ്ങളിൽ നിന്നുണ്ടായ 2000 കോടിയുടെ കുടിശിക ബില്ലുകൾ കാരണം ചെന്നൈ കോർപ്പറേഷനിലെ ചില വികസന പ്രവർത്തനങ്ങൾക്ക് താൽക്കാലിക തടസ്സങ്ങൾ നേരിടുന്നുണ്ട്. വസ്തു നികുതി പിരിവ് ശക്തമാക്കാനും അതുവഴി സാമ്പത്തിക സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമാണ് കോർപ്പറേഷൻ ഇപ്പോൾ ശ്രമിക്കുന്നത്.

ഇത്തരം പ്രതിസന്ധികൾക്കിടയിലും ജപ്പാനിലെ ഹിറ്റാച്ചി കമ്പനിയുമായി ചെന്നൈ പോരൂരിലും ചെങ്കൽപേട്ടിലുമായി ആയിരം കോടി രൂപയുടെ പുതിയ നിക്ഷേപ കരാറിൽ ഒപ്പുവെക്കാനും ആയിരത്തോളം പേർക്ക് ഉയർന്ന സാങ്കേതിക മേഖലകളിൽ ജോലി നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് തമിഴ്‌നാടിനെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്ന നടപടിയാണ്. കമ്മീഷൻ രാജ് പൂർണ്ണമായും ഇല്ലാതാക്കി പൊതുപണം സംരക്ഷിക്കുന്ന വിജയ് സർക്കാരിന്റെ ഈ സുദാര്യതയുടെ മാതൃക ഇന്ത്യൻ ഭരണരംഗത്ത് തന്നെ വലിയൊരു പ്രത്യാശയാണ് നൽകുന്നത്. വരും ദിവസങ്ങളിലും ഇതേ വേഗതയും നിർമ്മാണ പ്രവർത്തനങ്ങളിൽ മികച്ച ഗുണനിലവാരവും നിലനിർത്താൻ കഴിഞ്ഞാൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്ന ഏറ്റവും മികച്ച ജനകീയ ഭരണ മാതൃകയായി ‘ദളപതി’യുടെ ഈ ഭരണം മാറും എന്നതിൽ സംശയമില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *