കേരളത്തിന്റെ പേരിൽ മയക്കുമരുന്ന് കടത്ത്; ഉപ്പളയിലെ യുവാക്കളെ പിടികൂടാൻ തമിഴ്നാട് പോലീസിന് കേരളത്തിലെത്തേണ്ടിവന്നു – കേരള പോലീസിന് നാണക്കേട്, കാസർഗോഡിന് വീണ്ടും അപമാനത്തിന്റെ കറുത്ത അധ്യായം
മഞ്ചേശ്വരം : മറ്റു സംസ്ഥാനങ്ങളിൽ പോയി കേരള പോലീസ് മിടുക്കന്മാരായി പ്രതികളെ പിടികൂടി വരുന്ന സംഭവങ്ങൾ നമ്മൾ സ്ഥിരം കേൾക്കാറുണ്ട് കാണാറുണ്ട് , നമ്മുടെ പോലീസിനെ കുറിച്ച് ഒരുപാട് അഹങ്കരിക്കാറുണ്ട് , എന്നാൽ ഇന്ന് നാണക്കേടിന്റെ ഒരു ദിവസമാണ്
തലസ്ഥാന നഗരികളിലും മറുനാടുകളിലും കേരളത്തിന്റെ പേര് കളങ്കപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ പരമ്പരയിൽ കാസർഗോഡിനും വീണ്ടും കറുത്ത അധ്യായം ഉണ്ടായിരിക്കുകയാണ് . ഉപ്പളയിൽ നിന്നും ചെന്നൈയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് മലയാളികൾ കൂടി പിടിയിലായത് കേരളീയ സമൂഹത്തിന് കനത്ത അപമാനവുമാണ് സമ്മാനിച്ചിരിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ വേരുകൾ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് തമിഴ്നാട് പോലീസിന്റെ ഈ അന്തർസംസ്ഥാന വേട്ട.

ചെന്നൈ ചെട്പേട്ട് സർക്കിൾ ഇൻസ്പെക്ടർ തിരുമലയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മഞ്ചേശ്വരം പോലീസിന്റെ സഹായത്തോടെ ഉപ്പള സ്വദേശികളായ മുഹമ്മദ് ഹൻസുദ്ദീൻ (25), സാഹിദ് (25) എന്നിവരെ കഴിഞ്ഞ രാത്രിയാണ് അതീവ രഹസ്യമായി പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് 164 ഗ്രാം എംഡിഎംഎയുമായി കന്യാകുമാരി പുതുക്കളിവിള സ്വദേശി മണികണ്ഠനെ ചെട്പേട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ മാരക മയക്കുമരുന്ന് ശേഖരം ഉപ്പള സ്വദേശികളാണ് കൈമാറിയതെന്ന നിർണായക വിവരം പുറത്തുവന്നത്. തുടർന്ന് നടത്തിയ നീക്കങ്ങളിലാണ് തമിഴ്നാട് പോലീസ് കേരളത്തിലേക്ക് വണ്ടി കയറി പ്രതികളെ വളഞ്ഞത്.
സ്വന്തം സംസ്ഥാനത്തിന്റെ അതിരുകൾ ഭേദിച്ചു മറുനാടുകളിൽ ചെന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും, ഒടുവിൽ മറ്റൊരു സംസ്ഥാനത്തെ പോലീസ് വന്ന് നമ്മുടെ നാട്ടിൽ കയറി പ്രതികളെ പിടിച്ചുകൊണ്ടുപോകേണ്ടി വരികയും ചെയ്യുന്നത് കേരളത്തിന് അപമാനകരമാണ്. അന്യസംസ്ഥാനങ്ങളിൽ പോയി മലയാളികൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും, പ്രത്യേകിച്ചും മയക്കുമരുന്ന് കടത്തലുകളിൽ പങ്കാളികളാകുന്നതും കേരളത്തിന്റെ സംസ്കാരത്തിനും സത്പേരിനും മേൽ പതിക്കുന്ന കനത്ത പ്രഹരമാണ്. മറുനാടൻ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഈ വാർത്തകൾ തലക്കെട്ടുകളാകുമ്പോൾ മലയാളികളുടെ പ്രതിച്ഛായയാണ് തകർന്നടിയുന്നത്.
ഇവർക്ക് മയക്കുമരുന്ന് നൽകിയത് ഒരു നൈജീരിയൻ സ്വദേശിയാണെന്ന ഞെട്ടിക്കുന്ന മൊഴിയാണ് പ്രതികൾ പോലീസിന് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണികളായി നമ്മുടെ യുവത്വം മാറുന്നു എന്നതിന്റെ നേർസാക്ഷ്യമാണിത്. പ്രാദേശിക തലത്തിൽ വേരുറപ്പിച്ച ഇത്തരം ലഹരി റാക്കറ്റുകളെ അമർച്ച ചെയ്യാൻ നമ്മുടെ പോലീസിന് തന്നെ സാധിക്കണം .



