പാപമോചനം നേടി ദൈവ സന്നിധിയിലേക്ക് പുറപ്പെട്ടു , സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു; ലോറിയും ക്രൂസറും കൂട്ടിയിടിച്ച് ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം
ഉത്തര കന്നഡ/ഹുബ്ബള്ളി: കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഏഴ് യുവാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് റോഡിൽ പൊലിഞ്ഞുതീർന്നു. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂർ താലൂക്കിലുള്ള അരബൈൽ എന്ന സ്ഥലത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ദൈവസന്നിധിയിലേക്കുള്ള യാത്ര ദുരന്തമായി
ധാർവാഡ് നിന്ന് ഒമ്പത് സുഹൃത്തുക്കൾ ഒന്നിച്ച് ധർമ്മസ്ഥല, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി ഏറെ സന്തോഷത്തോടെ പുറപ്പെട്ടതായിരുന്നു. എന്നാൽ വിധി അവർക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ക്രൂസർ വാഹനം, അമിതവേഗതയിൽ പാഞ്ഞുവന്ന ഒരു ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രൂസർ വാഹനം പൂർണ്ണമായും തകർന്നുതരിപ്പണമായി. ക്രൂസറിലുണ്ടായിരുന്ന ഏഴ് യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു .സഞ്ജീവ് അങ്കടി,ബസവരാജ് , അഭിഷേക്, ഈശ്വർ ,അക്ഷയ് ,അഭിഷേക് മഞ്ജുനാഥ് ,സച്ചിൻ ഹെബ്ബള്ളി എന്നിവരാണ് മരണപ്പെട്ടത്. ഒപ്പം യാത്രയിലുണ്ടായിരുന്ന ശിവരാജു, ചന്നബസവ എന്നീ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നിലവിൽ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഴയും മൊബൈൽ നെറ്റ്വർക്കില്ലായ്മയും; രക്ഷാപ്രവർത്തനം ദുഷ്കരമായി
അപകടം നടക്കുമ്പോൾ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നുവെന്ന് പരിക്കേറ്റ ശിവരാജ് പറയുന്നു . ശക്തമായ മഴ പെയ്യുന്ന സമയത്തായിരുന്നു ഈ വലിയ ദുരന്തം സംഭവിച്ചത്. അപകടം നടന്ന സ്ഥലത്ത് മൊബൈൽ നെറ്റ്വർക്ക് ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് നാട്ടുകാരുടെ കൃത്യമായ ഇടപെടലും കഠിനശ്രമവും കൊണ്ടാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റും സാധിച്ചത്.

seven-youths-killed-lorry-cruiser-collision-yellapur-uttara-kannada-dharmasthala-pilgrimage-tragedy-bnc malayalam
അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേരും നിത്യജീവിതത്തിനായി കഠിനാധ്വാനം ചെയ്യുന്ന സ്വിഗ്ഗി ഡെലിവറി പാർട്ണർമാരായിരുന്നു.ഇവരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം , സ്വന്തം കുടുംബങ്ങളുടെ ഏക ആശ്രയവും തുണയുമായിരുന്നു ഈ യുവാക്കൾ. തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനും മാതാപിതാക്കളെ നന്നായി നോക്കാനും ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച മക്കളുടെ വേർപാട് ഈ കുടുംബങ്ങളെ വലിയൊരു പ്രതിസന്ധിയിലേക്കും കണ്ണീരിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്
ഒറ്റ നിമിഷം കൊണ്ട് ഏഴ് കുടുംബങ്ങളുടെ വെളിച്ചമാണ് ആ റോഡിൽ അണഞ്ഞുപോയത്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ നാടൊന്നാകെ ദുഃഖത്തിലാണ്.



