കൊല്ലം: ശാസ്താംകോട്ടയിലെ 100 വർഷത്തിലധികം പാരമ്പര്യമുള്ള എയ്ഡഡ് സ്കൂളായ ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസ്.എസിലെ (Dr. C.T. Eapen Memorial RHS) പ്രധാനാധ്യാപിക ബെസ്സി ജോർജിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രക്ഷകർത്താക്കളും അധ്യാപകരും രംഗത്ത്. ദർസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുപ്പതോളം മുസ്‌ലിം കുട്ടികൾക്ക് മതത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ അഡ്മിഷൻ നിഷേധിച്ചതായാണ് പരാതി.
ജൂൺ ഒന്നിന് സ്കൂൾ തുറന്ന ദിവസം അഡ്മിഷനായി എത്തിയ കുട്ടികളോടാണ് പ്രധാനാധ്യാപിക വിവേചനപരമായ നിലപാട് സ്വീകരിച്ചത്. വെള്ളവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കാൻ കഴിയില്ലെന്ന് ഹെഡ്മിസ്ട്രസ് വ്യക്തമാക്കിയതായി പി.ടി.എ വൈസ് പ്രസിഡന്റും രക്ഷകർത്താക്കളും സാക്ഷ്യപ്പെടുത്തുന്നു. അഡ്മിഷനായി മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളം പോലും നൽകാൻ പ്രധാനാധ്യാപിക തയ്യാറായില്ലെന്നും, ഇവരെ ആക്ഷേപിച്ച് മടക്കി അയക്കുകയാണുണ്ടായതെന്നും ആരോപണമുണ്ട്.
സ്കൂളിൽ നിലവിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആകെ 63 കുട്ടികൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം തൊണ്ണൂറിലധികം കുട്ടികളുണ്ടായിരുന്ന സ്ഥാനത്താണിത്. കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പാർട്ട് ടൈം അധ്യാപകർക്ക് ഉൾപ്പെടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് അധ്യാപകർ ചക്കുവള്ളിയിലെ ദർസിലും സമീപ പ്രദേശങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങി സ്ക്വാഡ് വർക്ക് നടത്തിയാണ് 30 ഓളം കുട്ടികളെ സ്കൂളിൽ അഡ്മിഷൻ എടുക്കുന്നതിനായി കണ്ടെത്തിയത്. ഇതിൽ 22 ഓളം കുട്ടികൾ ദർസിൽ നിന്നുള്ളവരായിരുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ ഈ സ്കൂളിൽ ഒരേയൊരു മുസ്‌ലിം വിദ്യാർത്ഥി മാത്രമാണുള്ളത്. ഈ കുട്ടിയുടെ കൂടി നിർദ്ദേശപ്രകാരമാണ് ദർസിലെ കുട്ടികൾ ഇവിടെ ചേരാൻ താല്പര്യം കാണിച്ചത്. അഡ്മിഷൻ നടപടികൾക്കായി ഓൺലൈൻ ടി.സിയുമായി എത്തിയവരോട് ഹാർഡ് കോപ്പി വേണമെന്ന് നിർബന്ധം പിടിച്ച് ബുദ്ധിമുട്ടിച്ചതായും പറയപ്പെടുന്നു. എന്നാൽ പിന്നീട് ഹാർഡ് കോപ്പിയുമായി എത്തിയപ്പോഴും വെള്ളിയാഴ്ചകളിൽ ക്ലാസ് മുടങ്ങുമെന്ന കാരണം പറഞ്ഞും, വസ്ത്രധാരണത്തെ ചോദ്യം ചെയ്തും അഡ്മിഷൻ നിഷേധിക്കുകയായിരുന്നു. സ്കൂളിലെ പഠന സൗകര്യങ്ങളും അധ്യാപകരും മോശമാണെന്ന് പറഞ്ഞ് കുട്ടികളെ മടക്കി അയക്കാൻ ഹെഡ്മിസ്ട്രസ് ശ്രമിച്ചതായും പരാതിയുണ്ട്.
പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്നും മുൻപും സമാനമായ മാനസിക പീഡനങ്ങൾ ഉണ്ടായിട്ടുള്ളതായി മറ്റ് അധ്യാപകരും വെളിപ്പെടുത്തുന്നു. ഹെഡ്മിസ്ട്രസിന്റെ പീഡനം കാരണം മുൻപ് ഒരു അധ്യാപിക ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നതായി സഹപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായില്ല. ഇതിനെത്തുടർന്ന് കൊട്ടാരക്കര ഡി.ഇ.ഒ (DEO)-യ്ക്ക് രക്ഷകർത്താക്കളും അധ്യാപകരും പരാതി നൽകിയിട്ടുണ്ട്. സ്കൂൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് പല വിദ്യാർത്ഥികളും മറ്റ് സ്കൂളുകളിൽ അഡ്മിഷൻ നേടിപ്പോയി. വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ട് വിഷയത്തിൽ പരിഹാരം കാണണമെന്നാണ് നിലവിലെ ആവശ്യം.



