bncmalayalam.in

സ്റ്റോപ്പ് മെമ്മോ വെറും ഒത്തുകളി പുകമറ; റാണിപുരത്തെ സിപ്‌ലൈൻ ദുരന്തം തുറന്നുകാട്ടുന്നത് തദ്ദേശ ഭരണകൂടങ്ങളുടെ ഒത്താശയും നിയമലംഘനങ്ങളുടെ പരമ്പരയും

571: സ്റ്റോപ്പ് മെമ്മോ വെറും ഒത്തുകളി പുകമറ; റാണിപുരത്തെ സിപ്‌ലൈൻ ദുരന്തം തുറന്നുകാട്ടുന്നത് തദ്ദേശ ഭരണകൂടങ്ങളുടെ ഒത്താശയും നിയമലംഘനങ്ങളുടെ പരമ്പരയും

സ്റ്റോപ്പ് മെമ്മോ വെറും ഒത്തുകളി പുകമറ; റാണിപുരത്തെ സിപ്‌ലൈൻ ദുരന്തം തുറന്നുകാട്ടുന്നത് തദ്ദേശ ഭരണകൂടങ്ങളുടെ ഒത്താശയും നിയമലംഘനങ്ങളുടെ പരമ്പരയും

കാസർകോടിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രമായ റാണിപുരത്ത് ഒരു ചെറുപ്പക്കാരന്റെ ജീവൻ പൊലിഞ്ഞത് വെറുമൊരു സാങ്കേതിക തകരാറുകൊണ്ടല്ല, മറിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാരികൾ കുടപിടിച്ചു കൊടുത്തതുകൊണ്ട് മാത്രമാണ്. ചാമുണ്ടിക്കുന്ന് വാതിൽമാടി സ്വദേശിയായ സനൂപ് കൃഷ്ണൻ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ട സിപ്‌ലൈൻ അപകടം, ടൂറിസത്തിന്റെ മറവിൽ സംസ്ഥാനത്തുടനീളം നടക്കുന്ന വൻ സുരക്ഷാ തട്ടിപ്പുകളുടെയും ഉദ്യോഗസ്ഥ അഴിമതിയുടെയും ജീവിക്കുന്ന തെളിവാണ്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും കൃത്യമായ എൻജിനീയറിങ് പരിശോധനകൾ നടത്താതെയും പ്രവർത്തിച്ച ഈ സാഹസിക വിനോദ കേന്ദ്രത്തിന് ബന്ധപ്പെട്ട ഒരു വകുപ്പിന്റെയും സാധുവായ അനുമതിയുണ്ടായിരുന്നില്ല.

ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നിരാക്ഷേപപത്രം (NOC), മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി, പനത്തടി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് എന്നിവയൊന്നുമില്ലാതെയാണ് ഗ്ലാസ് ബ്രിഡ്ജും സിപ്‌ലൈനും അടക്കമുള്ള അപകടകരമായ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയത്. എം.എസ്.എം.ഇ. (MSME) രജിസ്ട്രേഷൻ ഉണ്ടെന്ന വ്യാജേനയും, പുതിയ സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന ഇളവുകളെ ദുരുപയോഗം ചെയ്തുമാണ് ഈ നിയമലംഘനങ്ങളെല്ലാം ന്യായീകരിക്കപ്പെട്ടത്. പദ്ധതി പ്രദേശത്ത് വ്യാപകമായി അനധികൃത മണ്ണെടുപ്പ് നടന്നപ്പോഴും പരിസ്ഥിതിലോല പ്രദേശത്തെ നിയമങ്ങൾ കാറ്റിൽ പറത്തിയപ്പോഴും അധികൃതർ തികഞ്ഞ നിസ്സംഗത പാലിക്കുകയായിരുന്നു.

ranipuram-ropeway-accident-technician-death-illegal-operation-kasaragod

ഇവിടെ ചോദ്യങ്ങൾ ഉയരേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ‘സ്റ്റോപ്പ് മെമ്മോ’ നാടകത്തിന് നേരെയാണ്. ആറുമാസം മുൻപ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു എന്നത് അധികാരികളുടെ ജാഗ്രതയല്ല, മറിച്ച് അപകടമുണ്ടായാൽ തലയൂരാൻ മുൻകൂട്ടി തയ്യാറാക്കുന്ന ഒരു സുരക്ഷിത പുകമറ മാത്രമാണ്. നിർമ്മാണം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിൽ, തുടർനടപടിയായി എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല? നിർമ്മാണം തടയാനോ കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാനോ പഞ്ചായത്ത് അധികൃതർ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്?

സ്റ്റോപ്പ് മെമ്മോ കൈമാറിയെന്ന രേഖയുണ്ടാക്കി, പിന്നാമ്പുറത്ത് കൈക്കൂലിയും ഒത്തുകളികളും നടത്തി ഇത്തരം അപകടകരമായ പദ്ധതികൾക്ക് യഥേഷ്ടം പ്രവർത്തിക്കാൻ മൗനാനുവാദം നൽകുന്നതാണ് തദ്ദേശ സ്ഥാപനങ്ങളുടെ പതിവുരീതി. അതുകൊണ്ടുതന്നെ, കേവലം കമ്പനി നടത്തിപ്പുകാരെ മാത്രം പ്രതികളാക്കി ഈ കേസ് ഒതുക്കിത്തീർക്കാൻ കഴിയില്ല. ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്ന പഞ്ചായത്ത്-റവന്യൂ ഉദ്യോഗസ്ഥരെയും ഈ ദാരുണമരണത്തിൽ കൂട്ടുപ്രതികളാക്കി നിയമത്തിന് മുന്നിൽ കൊണ്ടുവരുമ്പോൾ മാത്രമേ ഇത്തരം നിയമവിരുദ്ധമായ തെമ്മാടിത്തരത്തിന് അറുതിയാകൂ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *