മംഗലാപുരം റെയിൽവേ വിഭജനം പടിവാതിൽക്കൽ; മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകൾ സന്ദർശിച്ച് റെയിൽവേ ഉന്നതസംഘം: കോച്ചിങ് ടെർമിനലിന് സാധ്യത തേടുന്നു
കാസർകോട്: മംഗലാപുരം റെയിൽവേ മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപെടുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ, അടിസ്ഥാന സൗകര്യ വികസന സാധ്യതകൾ വിലയിരുത്താൻ ദക്ഷിണ റെയിൽവേ ഉന്നതതല സംഘം മഞ്ചേശ്വരം, കുമ്പള റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു. ഒക്ടോബർ ഒന്നിന് വിഭജനം പ്രാബല്യത്തിൽ വരാനിരിക്കെയാണ് പരിശോധന.
കർണാടകയിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തെത്തുടർന്ന് മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ, ബന്ദറിലെ മാർഷലിംഗ് യാർഡുകൾ, പോർട്ട് യാർഡുകൾ എന്നിവ പാലക്കാട് ഡിവിഷനിൽ നിന്നും ദക്ഷിണ റെയിൽവേയിൽ നിന്നും വേർപെടുത്താൻ റെയിൽവേ ബോർഡ് ഉത്തരവിടുകയായിരുന്നു. ദക്ഷിണ റെയിൽവേയുടെ ആദ്യ ഡിവിഷനായ പാലക്കാടിന്റെ വരുമാനത്തിൽ സിംഹഭാഗവും മംഗലാപുരം മേഖലയിലെ ചരക്ക്-യാത്രാ വരുമാനത്തിൽ നിന്നായിരുന്നു. വിഭജനത്തോടെ വൻ സാമ്പത്തിക നഷ്ടത്തോടൊപ്പം പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമുള്ള ടെർമിനൽ സൗകര്യങ്ങളും പാലക്കാടിന് അന്യമാകും. നിലവിൽ പാലക്കാട് ഒരു പിറ്റ്ലൈനും ഷൊർണൂരിലും കോഴിക്കോട്ടും ഏതാനും സ്റ്റേബ്ലിംഗ് ലൈനുകളും മാത്രമാണുള്ളത്.

കേരളത്തിന് കനത്ത തിരിച്ചടിയാകുന്ന റെയിൽവേ ബോർഡിന്റെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എം.പിമാരും ശക്തമായ പ്രതിഷേധമാണ് റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. ഇതേത്തുടർന്നാണ് കാസർകോട് ജില്ലയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി പുതിയ കോച്ചിങ് സൗകര്യങ്ങളും പിറ്റ്ലൈനുകളും സ്റ്റേബ്ലിംഗ് ലൈനുകളും ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയത്.
കുമ്പള സ്റ്റേഷൻ പരിസരത്ത് 33 ഏക്കറോളം ഭൂമിയും മഞ്ചേശ്വരത്തും ബേക്കലിലുമായി പത്തേക്കറിലധികം തരിശുഭൂമിയും റെയിൽവേയുടെ കൈവശമുണ്ടെന്ന് കാസർകോട് ജില്ലാ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും മഞ്ചേശ്വരം പാസഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു. സോണൽ അതിർത്തി അവസാനിക്കുന്ന പ്രദേശങ്ങളിൽ തന്നെയാണ് കോച്ചിങ് ടെർമിനലുകൾ വരേണ്ടതെന്നും, ഇടത്താവളങ്ങളായ കോഴിക്കോട്ടോ ഷൊർണൂരോ അല്ല ഇതിന് അനുയോജ്യമെന്നും യാത്രക്കാരുടെ സംഘടനകൾ വ്യക്തമാക്കുന്നു. ഭാവിയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ മംഗലാപുരത്ത് നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുമ്പോൾ ദക്ഷിണ റെയിൽവേയുടെ ട്രെയിനുകൾക്ക് മെയിന്റനൻസിനായി സ്വന്തം അധികാരപരിധിയിലുള്ള ടെർമിനലുകളിലേക്ക് മടങ്ങേണ്ടി വരുമെന്നതും കാസർകോട് ടെർമിനൽ യാഥാർത്ഥ്യമാക്കേണ്ടതിന്റെ അനിവാര്യത വർധിപ്പിക്കുന്നു.
വരുംദിവസങ്ങളിൽ സോണൽ ആസ്ഥാനത്തുനിന്നുള്ള കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ കാസർകോട്ടെത്തി വിശദമായ പരിശോധന നടത്തും. അതേസമയം, ഡിവിഷൻ മാറ്റം സംബന്ധിച്ച കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കി. നിലവിൽ മംഗലാപുരത്ത് ജോലി ചെയ്യുന്ന ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് ദക്ഷിണ റെയിൽവേയിലേക്ക് മടങ്ങുകയോ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമായി അവിടെത്തന്നെ തുടരുകയോ ചെയ്യാമെന്ന ഓപ്ഷനും നൽകിയിട്ടുണ്ട്.



