കാസർഗോഡ്: മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാൻ ആവശ്യപ്പെട്ട തുകയിൽ 200 രൂപ കുറഞ്ഞുപോയതിലുള്ള വിഷമത്തിൽ കൗമാരക്കാരി എലിവിഷം കഴിച്ച് മരിച്ചു. കാസർഗോഡ് സ്വദേശിനിയായ ആമിന നൂസ (18) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ജൂൺ 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ആ ഒരു വാക്ക് താങ്ങാനായില്ല…
ഉപ്പയോട് ജീവനായിരുന്നു ആമിനയ്ക്ക്. മകളെ ജീവനുതുല്യം സ്നേഹിച്ച പിതാവ്. ഫോൺ റീച്ചാർജ് ചെയ്യാനായി 1500 രൂപയാണ് ആമിന ഉപ്പയോട് ചോദിച്ചത്. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം 1300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഉള്ള തുക മകളുടെ കൈകളിൽ വെച്ചുകൊടുത്ത്, “ബാക്കി 200 രൂപ നാളെ തരാം മോളെ…” എന്ന് ആ പിതാവ് സ്നേഹത്തോടെ പറഞ്ഞു.
എന്നാൽ, ആ കൗമാരമനസ്സിന് ആ വാക്കുകൾ താങ്ങാനായില്ല. പുറമേക്ക് പരിഭവങ്ങളൊന്നും കാണിക്കാതെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആമിന, വഴിയരികിലെ കടയിൽ നിന്നും എലിവിഷം വാങ്ങുകയായിരുന്നു. തുടർന്ന് തളങ്കര മാലിക് ദിനാർ പള്ളിക്കടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിഷം കഴിച്ചു . അതിനുശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിനായി പോയി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് മുറിയിൽ വെച്ച് കഠിനമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് കൂടെയുള്ളവർ ആമിനയെ കാസർഗോട്ടെ ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് താൻ വിഷം കഴിച്ച കാര്യം കുട്ടി തന്നെ തുറന്നുപറയുകയായിരുന്നു.

രക്ഷിക്കാൻ പരമാവധി ശ്രമിച്ച് പിതാവ്; പക്ഷേ…
തന്റെ ജീവനായ മകളെ തിരികെ ലഭിക്കാൻ ആ പിതാവ് തന്നാലാകുന്നതിന്റെ പരമാവധി ശ്രമിച്ചിരുന്നു. സിങ്ക് ഫോസ്ഫേറ്റ് അടങ്ങിയ മാരക വിഷമാണ് ഉള്ളിൽച്ചെന്നതെന്ന് അറിഞ്ഞതോടെ, വിദഗ്ദ്ധ ചികിത്സയ്ക്കായി മകളെ പിന്നീട് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. കിഡ്നി മാറ്റിവെക്കൽ (Kidney Transplantation) ഉൾപ്പെടെ, തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എന്ത് ത്യാഗത്തിനും ആ പിതാവ് തയ്യാറായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു അത്യാധുനിക ചികിത്സകൾ നൽകിയും അവളെ തിരികെ കൊണ്ടുവരാൻ അദ്ദേഹം ആവതുശ്രമിച്ചു. എന്നാൽ, ഒരു നിമിഷത്തെ ബുദ്ധിമോശത്തിൽ ഉള്ളിൽച്ചെന്ന മാരക വിഷത്തിനു മുന്നിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ദിവസങ്ങളോളം മരണത്തോട് പോരാടിയ ശേഷം ഇന്നലെ അർദ്ധരാത്രിയോടെ ആമിന ഈ ലോകത്തോട് വിടപറഞ്ഞു.
കാസർകോട്ട് തുടരുന്ന കൗമാര ആത്മഹത്യകൾ; ആശങ്കയോടെ നാട്
നിസ്സാര കാര്യങ്ങൾക്ക് കൗമാരക്കാർ ജീവിതം അവസാനിപ്പിക്കുന്ന നടുക്കുന്ന വാർത്തകളാണ് കാസർഗോഡ് ജില്ലയിൽ നിന്നും തുടർച്ചയായി വരുന്നത്. കഴിഞ്ഞ ദിവസം നീലേശ്വരത്തും സമാന പ്രായമുള്ള മറ്റൊരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. നിലേശ്വരത്തെ കുട്ടി ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നെങ്കിൽ ശരിയായ രീതിയിൽ യഥാസമയം അത് ഉപയോഗിച്ചിരുന്നില്ല . വീട്ടുകാരും ഇത് വലിയൊരു ഗൗരവത്തിൽ കണ്ടില്ല,ഒടുവിൽ വിഷാദം കൂടിയപ്പോൾ ഒരു കഷണം അവളും ജീവിതം അവസാനിപ്പിച്ചു . കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം ജില്ലയിൽ പന്ത്രണ്ടോളം ആളുകളാണ് നിസ്സാരമായ മാനസിക വിഷമങ്ങളുടെ പേരിൽ സ്വന്തം ജീവൻ ഒടുക്കിയത്.
മാതാപിതാക്കളുടെ സ്നേഹപൂർവ്വമായ നിയന്ത്രണങ്ങളെയോ, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണമുള്ള താൽക്കാലിക പരിമിതികളെയോ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം ഇന്നത്തെ തലമുറയുടെ മാനസികാരോഗ്യം ദുർബലപ്പെടുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ സംഭവങ്ങൾ. ഒരു നിമിഷത്തെ വൈകാരിക എടുത്തുചാട്ടം തകർത്തെറിയുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ആമിനയുടെ വിയോഗം. ആമിനയുടെ വിയോഗവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭിച്ച കൃത്യമായ വിവരങ്ങളാണ് ഈ വാർത്തയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് , . മരണത്തിന് മറ്റ് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നുള്ളത് പോലീസ് പരിശോധിക്കുന്നുണ്ട് . നിലവിൽ അത്തരത്തിലുള്ള ഒരു കാരണങ്ങളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല
ശ്രദ്ധിക്കുക: മാനസിക പിരിമുറുക്കങ്ങൾക്കോ വിഷാദരോഗങ്ങൾക്കോ അടിമപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അതിജീവിക്കാൻ മനസ്സ് കാണിച്ചാൽ ഏത് പ്രതിസന്ധിയും മറികടക്കാം. സഹായത്തിനായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടുക.
സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്പ്ലൈൻ നമ്പറുകൾ:
- 1056 (ടോൾ ഫ്രീ)
- 0471-2552056
കൂടാതെ കേന്ദ്ര സർക്കാരിന്റെ മാനസികാരോഗ്യ സഹായ കേന്ദ്രമായ ‘കിരൺ’ (KIRAN) നമ്പറിലും ബന്ധപ്പെടാം: 1800-599-0019 (24 മണിക്കൂറും ലഭ്യമാണ്).



