bncmalayalam.in

വിപ്പ് വലിച്ച് കീറി ‘കൈ’ കൊടുത്തു; പാലായിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയ്ക്ക് കസേര തെറിച്ചു

വിപ്പ് വലിച്ച് കീറി ‘കൈ’ കൊടുത്തു; പാലായിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയ്ക്ക് കസേര തെറിച്ചു

വിപ്പ് വലിച്ച് കീറി ‘കൈ’ കൊടുത്തു; പാലായിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയ്ക്ക് കസേര തെറിച്ചു

കോട്ടയം: അട്ടിമറികളും അപ്രതീക്ഷിത കൂറുമാറ്റങ്ങളും നിറഞ്ഞ ഹൈഡ്രാമയ്‌ക്കൊടുവിൽ പാലാ നഗരസഭയിൽ ചരിത്രപരമായ ഭരണമാറ്റം സംഭവിച്ചിരിക്കുകയാണ്. ഭരണപക്ഷത്തെ സ്വന്തം അംഗങ്ങൾ തന്നെ മറിച്ച് കുത്തിയതോടെ, രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന പദവിയോടെ കസേരയിലിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന് പദവി നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ് അംഗങ്ങളുടെ പരസ്യ പിന്തുണയോടെ പാസായതോടെയാണ് നഗരസഭയിൽ ഈ വൻ രാഷ്ട്രീയ അട്ടിമറി അരങ്ങേറിയത്.

ആകെ 26 കൗൺസിലർമാരുള്ള പാലാ നഗരസഭയിൽ നടന്ന നിർണായകമായ കൗൺസിൽ യോഗത്തിൽ 17 പേരാണ് ഹാജരായത്. ഇവർ 17 പേരും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 12 പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം 4 കോൺഗ്രസ് അംഗങ്ങളും 1 സ്വതന്ത്ര അംഗവും കൈകോർത്തതോടെ ഭരണപക്ഷത്തിന്റെ പ്രതിരോധം പൂർണ്ണമായും തകർന്നു. ഭരണം കൈവിട്ടുപോകുന്ന തരം തീരുമാനങ്ങൾ എടുക്കരുതെന്നും അവിശ്വാസത്തെ പിന്തുണയ്ക്കരുതെന്നും കാണിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം അംഗങ്ങൾക്ക് കർശനമായി വിപ്പ് നൽകിയിരുന്നെങ്കിലും പാർട്ടി നിർദേശത്തിന് പുല്ലുവില കൽപ്പിച്ചാണ് നാല് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നിവരാണ് പാർട്ടി നിർദേശം മറികടന്ന് അവിശ്വാസത്തെ പിന്തുണച്ചത്. ഇവർക്കൊപ്പം വിമതയായി വിജയിച്ച വൈസ് ചെയർപേഴ്സൺ മായാ രാഹുലും എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ചു.

പാർട്ടി വിപ്പ് ലംഘിച്ച സംഭവത്തിൽ വൻ രാഷ്ട്രീയ വിവാദമാണ് ഉയരുന്നത്. എന്നാൽ പാർട്ടി നേതൃത്വത്തോട് ബഹുമാനമുണ്ടെന്നും എല്ലാ പ്രശ്നങ്ങളും നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതാണെന്നുമാണ് പാർട്ടി ലീഡർ ടോണി തൈപ്പറമ്പിലിന്റെ പ്രതികരണം. പാർട്ടി തന്ന വിപ്പ് താൻ കണ്ടിട്ടില്ലെന്നും കൈപ്പറ്റിയിട്ടില്ലെന്നും വ്യക്തമാക്കിയ ടോണി, അണികളുടെയും പ്രദേശത്തെ കോൺഗ്രസിന്റെയും വികാരം നേതാക്കൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭാ ഭരണത്തിൽ ആദ്യമായി വിള്ളലുണ്ടാകുന്നത്. കോൺഗ്രസ് തന്നെ അധ്യക്ഷയ്ക്കെതിരെ പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ, ഈ രാഷ്ട്രീയ സാഹചര്യം മുതലാക്കാനാണ് ഇടതുപക്ഷം തന്ത്രപരമായി അവിശ്വാസ പ്രമേയം സഭയിലെത്തിച്ചത്. അവിശ്വാസം പാസായതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ ഭരണം നിലവിൽ വരുമെന്നാണ് വിമത കൗൺസിലർമാർ അവകാശപ്പെടുന്നത്. എങ്കിലും, നിലവിലെ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തിനൊപ്പമുള്ള കേരള കോൺഗ്രസ് എമ്മിനൊപ്പം ഇനി കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചേർന്ന് പുതിയ ഭരണം കെട്ടിപ്പടുക്കുമോ അതോ പാലായിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ പിറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *