പതിനഞ്ചുകാരി ഗർഭിണി; പതിനഞ്ചുകാരനായ സഹപാഠിക്കെതിരെ പോക്സോ കേസ്
ബേഡകം: ശാരീരിക അസ്വസ്ഥതകളെയും ഛർദ്ദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനഞ്ചുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പതിനഞ്ചുകാരനായ ആൺസുഹൃത്തിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പെൺകുട്ടിക്ക് കടുത്ത ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയ്ക്കിടെ ഗർഭലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ കൂടുതൽ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി ഒരു മാസം ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്.

വിവരം ബോധ്യപ്പെട്ട ആശുപത്രി അധികൃതർ ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേഡകം പൊലീസ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ സഹപാഠി കൂടിയായ പതിനഞ്ചുകാരൻ, ബേഡകം സ്റ്റേഷൻ പരിധിയിലുള്ള ഒരു വാടകവീട്ടിൽ വെച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതി പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.



