ചികിത്സാ സഹായ തട്ടിപ്പ് ആരോപണം: ഗൂഢാലോചനയെന്ന് ‘മല്ലു ബോയ്‌സ്’; ബാങ്ക് രേഖകൾ പരിശോധിക്കാൻ വെല്ലുവിളി
തിരുവനന്തപുരം: ചികിത്സാ സഹായ വീഡിയോകളിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി യൂട്യൂബർ ‘മല്ലു ബോയ്‌സ്’. തന്നെ വ്യക്തിപരമായി തകർക്കാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും, കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയ പണത്തിൽ താൻ തിരിമറി നടത്തിയിട്ടില്ലെന്നും അദ്ദേഹം പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.
മല്ലു ബോയ്‌സിന്റെ പ്രധാന വിശദീകരണങ്ങൾ ഇങ്ങനെ ,കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങി നൽകിയ 1.80 ലക്ഷം രൂപ മാത്രമാണ് പിന്നീട് വീഡിയോ വഴി സമാഹരിച്ച തുകയിൽനിന്ന് ഘട്ടങ്ങളായി തിരികെ വാങ്ങിയത്. കുടുംബത്തിന് വേണ്ടി ഇതുവരെ എട്ട് വീഡിയോകൾ ചെയ്തു. 2025-ന്റെ തുടക്കം മുതലുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചാൽ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷത്തിലധികം രൂപ എത്തിയതായി വ്യക്തമാകും. ബാങ്ക് അക്കൗണ്ടും ക്യുആർ കോഡും പരിശോധിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.കുടുംബത്തിലെ പെൺകുട്ടി വിളിച്ച് ആത്മഹത്യയുടെ വക്കിലാണെന്ന് അറിയിച്ചപ്പോഴാണ് സഹായവുമായി എത്തിയത്. പഠനസാമഗ്രികളും വസ്ത്രങ്ങളും വാങ്ങി നൽകി തുടങ്ങിയ ഇടപെടൽ പിന്നീട് ചികിത്സാ സഹായ വീഡിയോകളിലേക്ക് എത്തുകയായിരുന്നു. തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ നയന മോഹനും സുഹൃത്തുക്കളുമടങ്ങുന്ന സംഘമാണെന്ന് ലഭിച്ച ശബ്ദസന്ദേശങ്ങളിൽനിന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, അക്കൗണ്ടിലെത്തിയ 15 ലക്ഷത്തോളം രൂപയിൽ ചികിത്സയ്ക്കായി എത്ര തുക വിനിയോഗിച്ചു എന്നതിലും യൂട്യൂബർക്ക് നേരിട്ട് പണം കൈമാറിയതിലും ഔദ്യോഗിക പരിശോധനകൾ ആവശ്യമാണ്.



