കല്യാണാലോചന നിരസിച്ചതിന് റബ്ബർ തോട്ടത്തിൽ അച്ഛനും മകനും നേരെ ക്രൂര പീഡനം; നിലവിളി പുറത്തുകേൾക്കാതിരിക്കാൻ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ‘സൗണ്ട് പ്രൂഫ്’ തടവറ! മാസ്റ്റർമൈൻഡ് സുധീഷും കൂട്ടാളികളും പൊലീസിന്റെ പിടിയിൽ
കിളിമാനൂർ: മകളെ വിവാഹം കഴിച്ചു നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുഖ്യസൂത്രധാരനടക്കം മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ ഈ ക്രൂരകൃത്യം നടത്തിയത്.
വട്ടവിളയിലെ റബ്ബർ തോട്ടത്തിന് നടുവിലുള്ള, പണി പൂർത്തിയാകാത്ത ഒറ്റപ്പെട്ട വീടാണ് അതിക്രമത്തിനായി പ്രതികൾ തിരഞ്ഞെടുത്തത്. ആക്രമണത്തിനിടെയുള്ള നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പ്രതിയായ സുധീഷ് മുത്തശ്ശിയുടെ പേരിലുള്ള ഈ വീട്ടിലെ ഒരു മുറി രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് സൗണ്ട് പ്രൂഫ് ആക്കി മാറ്റിയിരുന്നു

കെണിയൊരുക്കിയത് വീടുപണിയുടെ പേരിൽ
മേസ്തിരിയായ അനിൽകുമാറിനെ വീടുപണി സംസാരിക്കാനെന്ന വ്യാജേനയാണ് പ്രതികൾ ഇവിടേക്ക് വിളിച്ചുവരുത്തിയത്. വിദേശത്തുള്ള വീടുടമ പണം അയച്ചിട്ടുണ്ടെന്നും പണി തുടങ്ങാമെന്നും വിശ്വസിപ്പിച്ച് വ്യാഴാഴ്ച അനിൽകുമാറിനെ വട്ടവിളയിലെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന്, സൗണ്ട് പ്രൂഫ് മുറിയിലെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.
അതിനുശേഷമാണ് അനിൽകുമാറിന്റെ മകനെയും അവിടെ എത്തിച്ച് മർദ്ദിച്ചത്. തുടർന്ന്, അനിൽകുമാറിന്റെ ഭാര്യ സ്വപ്നയെക്കൂടി ഈ തടങ്കലിലേക്ക് എത്തിക്കാനായി പ്രതികളിൽ ഒരാൾ മകനെയും കൂട്ടി സ്വപ്നയുടെ വീട്ടിലെത്തി. എന്നാൽ, വീട്ടിനുള്ളിൽ കയറിയ സമയത്ത് മകൻ അമ്മയോട് രഹസ്യമായി വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ വർക്കല പൊലീസ്, റബ്ബർ തോട്ടത്തിലെ വീട്ടിൽ നിന്ന് അനിൽകുമാറിനെ മോചിപ്പിച്ച് ആശുപത്രിയിലാക്കി.
ഒളിവുജീവിതവും പൊലീസിന്റെ വലവീശലും
സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്.
കല്ലമ്പലം സ്വദേശിയായ മുഖ്യപ്രതി സുധീഷ്, കൂട്ടുപ്രതികളായ ആരോമൽ, അരുൺ, ലാൽ കൃഷ്ണ എന്നിവരെ കൊല്ലം ചിതറയിലെ പാറ ക്വാറിയിൽ ഒളിവ് കഴിയവെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സുധീഷിനെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ തന്ത്രപൂർവ്വം രക്ഷപ്പെട്ടിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരെ ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കേസിലെ ഒന്നാം പ്രതിയും ഗൂഢാലോചനയുടെ സൂത്രധാരനുമായ സുധീഷും പിടിയിലാകുന്നത്.
ഇതോടെ, സംഭവത്തിൽ ഉൾപ്പെട്ട നാലു പ്രതികളെയും പിടിയിലാക്കാൻ പൊലീസിന് കഴിഞ്ഞു.



