ലൈസൻസുള്ളവന് ‘പിഴപ്പൂട്ടും’ മാഫിയയ്ക്ക് ‘പട്ടുവിരിച്ചും’ നഗരസഭ; കാസർകോട് തെരുവ് ഭരിക്കുന്നത് ‘മേൽവാടക’ തമ്പുരാക്കന്മാർ
കാസർകോട്: നിയമം എല്ലാവർക്കും ഒപ്പമാണെന്ന് ഭരണഘടന പറയുന്നുണ്ടെങ്കിലും, കാസർകോട് നഗരസഭയുടെ നിയമപുസ്തകത്തിൽ അതൊരല്പം വ്യത്യസ്തമാണ്. അവിടെ “നിയമം പാലിക്കുന്നവന് പിഴ, നിയമം ലംഘിക്കുന്നവന് കൊള്ളലാഭം” എന്നതാണ് പുതിയ നയം. കാസർകോട് നഗരത്തിലെ എം.ജി റോഡിൽ നടപ്പാത കൈയേറി സാധനങ്ങൾ വെച്ചെന്ന പേരിൽ, വിയർപ്പൊഴുക്കി കച്ചവടം നടത്തുന്ന 50-ലധികം ലൈസൻസുള്ള വ്യാപാരികൾക്ക് നഗരസഭ 2000 രൂപ വീതം പിഴയടിച്ച് നോട്ടീസ് നൽകിയതോടെയാണ് വലിയൊരു രാഷ്ട്രീയ-മാഫിയ ഒത്തുകളിയുടെ പുകമറ ഇപ്പോൾ പുറത്തുവരുന്നത്.
നികുതിയും ലൈസൻസ് ഫീസും കൃത്യമായി അടച്ച്, കടയിലെ ജീവനക്കാർക്ക് ശമ്പളവും നൽകി കഷ്ടപ്പെടുന്ന ചെറുകിട വ്യാപാരികളെ മാത്രം വേട്ടയാടാൻ നഗരസഭ കാണിക്കുന്ന ഈ ‘ഉത്സാഹം’ കാണുമ്പോൾ പൊതുജനം ചോദിക്കുന്നത് ഒന്നേയുള്ളൂ—“കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ കണ്ണ് ചിമ്മലിന് പിന്നിലെ കമ്മീഷൻ തുക എത്രയാണ് സാർ?”
വർഷങ്ങളായി നഗരത്തിലെ വഴിയോരങ്ങൾ കൈയേറി കച്ചവടം നടത്തുന്ന അനധികൃത ലോബികൾക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും നഗരസഭ മൗനവ്രതത്തിലാണ്. ഈ മൗനത്തിന്റെ രഹസ്യം ചെന്നുനിൽക്കുന്നത് ലക്ഷങ്ങളുടെ ‘മേൽവാടക’ ബിസിനസ്സിലാണ്. എം.ജി റോഡിലെ 90 ശതമാനം വഴിയോരക്കച്ചവടങ്ങളും നിയന്ത്രിക്കുന്നത് ചില പ്രമാണിമാരാണ്.
ഒരേ വ്യക്തിക്ക് തന്നെ അഞ്ചും ആറും വഴിയോര സ്റ്റാളുകളാണുള്ളത്! ഇവയൊക്കെയും ദിവസേന 300 മുതൽ 600 രൂപ വരെ വാടക ഈടാക്കിയാണ് മറ്റുള്ളവർക്ക് മറിച്ച് നൽകിയിരിക്കുന്നത്.
നഗരത്തിലെൽ അതിഥി തൊഴിലാളികളെപ്പോലും കൃത്യമായ ഒരൊറ്റ കേന്ദ്രത്തിൽ ഭീമമായ തുക ദിവസവാടക വാങ്ങി സ്ഥിരമായി തെരുവ് കച്ചവടം നടത്തുന്ന ഈ മാഫിയക്ക് വാടക നൽകിയാണ് . നഗരസഭയുടെ മൂക്കിന് താഴെ ഇവരൊക്കെ സുഖമായി വാഴുന്നു. ഈ ലക്ഷങ്ങളുടെ അനധികൃത വാടകപ്പണം കൃത്യമായ കമ്മീഷൻ വ്യവസ്ഥയിൽ ചില രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കീശയിലേക്കാണോ ഒലിച്ചിറങ്ങുന്നത് എന്ന് മുൻസിപ്പൽ ചെയർമാൻ വ്യക്തമാക്കണമെന്ന് വ്യാപാരികൾ വെല്ലുവിളിക്കുന്നു.
പകപോക്കലോ അതോ ‘കീശവീർപ്പിക്കൽ’ തന്ത്രമോ?
തെരുവ് കച്ചവടം വാടകയ്ക്ക് നൽകിയ ചില രാഷ്ട്രീയ പ്രമാണിമാരെ ചോദ്യം ചെയ്തതിന്റെ വ്യക്തിവൈരാഗ്യവും പകപോക്കലുമാണോ ലൈസൻസുള്ള വ്യാപാരികൾക്കെതിരെയുള്ള ഈ പെട്ടെന്നുള്ള ആക്ഷൻ എന്നാണ് വ്യാപാരികളുടെ പ്രധാന സംശയം. തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാനും, മാഫിയയ്ക്ക് വേണ്ടി വ്യാപാരികളെ ഭീഷണിപ്പെടുത്താനുമാണ് നഗരസഭ ഈ നോട്ടീസിനെ ആയുധമാക്കുന്നതെങ്കിൽ, അതിന് അതേ നാണയത്തിൽ മറുപടി നൽകാൻ തങ്ങൾക്ക് അറിയാമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.
എക്സിബിഷൻ എന്ന വ്യാജപ്പേരിൽ നികുതിയോ മറ്റ് മാനദണ്ഡങ്ങളോ പാലിക്കാതെ, സ്ക്രാപ്പ് ഉത്പന്നങ്ങൾ വിറ്റഴിച്ച് തടിച്ചുകൊഴുക്കുന്ന സംഘങ്ങൾ നഗരത്തിൽ പെരുകിയിട്ടും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ നഗരസഭയ്ക്ക് ത്രാണിയില്ല. നിയമം നടപ്പിലാക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ, ലക്ഷങ്ങൾ കൊയ്യുന്ന അനധികൃത തെരുവ് മാഫിയയ്ക്ക് കുടപിടിച്ച്, ഒടുവിൽ അവരുടെ കീശയിൽ നിന്ന് വീഴുന്ന പങ്ക് പറ്റി വയറുനിറയ്ക്കുന്ന രാഷ്ട്രീയ ശൈലി ഇനി കാസർകോട്ട് ചെലവാകില്ല എന്നും വ്യാപാരികൾ കൂടി ചേർത്തു .
സ്വന്തം അണികൾ തെരുവിൽ, നേതാക്കൾ എവിടെ? ഏകോപന സമിതിക്കെതിരെയും പ്രതിഷേധം
നഗരസഭയുടെ ഈ തലതിരിഞ്ഞ നയങ്ങൾക്കെതിരെ ശക്തമായി തെരുവിൽ ഇറങ്ങേണ്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത് എന്ന ചോദ്യവും വ്യാപാരികൾക്കിടയിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്. വ്യാപാരികൾ പ്രതിസന്ധിയിലാകുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് നേതാക്കൾക്കെങ്കിൽ, ആ സ്ഥാനം രാജിവെച്ച് പുറത്തുപോകാൻ തയ്യാറാകണമെന്ന് സ്വന്തം അണികൾ തന്നെ ആവശ്യപ്പെടുന്നു.
നിയമ ലംഘകരെ നെഞ്ചേറ്റുകയും നിയമം പാലിക്കുന്നവന്റെ നെഞ്ചത്ത് കയറുകയും ചെയ്യുന്ന നഗരസഭയുടെ ഈ ഇരട്ടത്താപ്പ് കാസർകോട് നഗരത്തെ വലിയൊരു ജനകീയ പ്രതിഷേധത്തിലേക്കാണ് തള്ളിവിടുന്നത്. പിഴ ഒഴിവാക്കി, അനധികൃത തെരുവ് കൈയേറ്റ മാഫിയയെ നിലക്കുനിർത്താൻ അധികൃതർ തയ്യാറായില്ലെങ്കിൽ നഗരം സ്തംഭിപ്പിക്കുന്ന സമര പരിപാടികളിലേക്ക് വ്യാപാരികൾ നീങ്ങുമെന്നുറപ്പാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിലും ഞങ്ങളും അതിന് വിധേയമാണെന്നാണ് വ്യാപാരികൾ പറയുന്നത് , പലരും മൂന്നോ നാലോ സ്ക്വയർ ഫീറ്റ് മാത്രമാണ് പുറത്തേക്ക് തള്ളി നിൽക്കേണ്ടി വരുന്നത് , കാലങ്ങളായി അങ്ങനെ തന്നെ ആയതുകൊണ്ട് അത് തുടരുന്നു ,, നടപടി ആണെങ്കിൽ എല്ലാം നടപടി ആകട്ടെ എന്നാണ് വ്യാപാരികൾ പറയുന്നത് .




