bncmalayalam.in

‘ഓള് അങ്ങനെയല്ലേ, ജോള് ഇങ്ങനെയല്ലേ…’ വികസനം പോയി പണിനോക്കട്ടെ; കാസർകോട് നഗരസഭയുടെ മെഗാ അജണ്ട പരദൂഷണം തന്നെ

‘ഓള് അങ്ങനെയല്ലേ, ജോള് ഇങ്ങനെയല്ലേ…’ വികസനം പോയി പണിനോക്കട്ടെ; കാസർകോട് നഗരസഭയുടെ മെഗാ അജണ്ട പരദൂഷണം തന്നെ

‘ഓള് അങ്ങനെയല്ലേ, ജോള് ഇങ്ങനെയല്ലേ…’ വികസനം പോയി പണിനോക്കട്ടെ; കാസർകോട് നഗരസഭയുടെ മെഗാ അജണ്ട പരദൂഷണം തന്നെ

കാസറഗോഡ് : സോഷ്യൽ മീഡിയയിൽ 1980-കളിലെ ചിത്രങ്ങൾ കണ്ട് ജെൻസി പിള്ളേർ വാ പൊളിക്കുമ്പോൾ, കാസർകോട്ടുകാർക്ക് അതൊരു പുത്തരിയേ അല്ല. കാരണം, 2026-ലും സ്വന്തം നഗരത്തെ ലൈവായി എൺപതുകളിൽ തന്നെ ഫ്രീസ് ചെയ്തുവെച്ച ‘ടൈം മെഷീൻ’ ഭരണം നേരിട്ടനുഭവിക്കുന്നവരാണവർ, വികസനമെന്ന അന്യഗ്രഹജീവി എവിടെയെന്ന് ചോദിച്ചാൽ, വാർഡ് തോറും മാലയിട്ട് ആനയിച്ച ജനങ്ങളെ നോക്കി ‘എന്തിന്റെ കേടായിരുന്നു ഞങ്ങളെ ജയിപ്പിച്ചത്’ എന്ന മട്ടിൽ കൈമലർത്തുന്ന കാസർകോട് നഗരസഭ, തെരഞ്ഞെടുപ്പ് വരുമ്പോൾ ഭരണപക്ഷത്തിന് ‘ബിജെപി ബന്നൂറു’, പ്രതിപക്ഷത്തിന് ‘മുസ്ലിം ലീഗ് ബന്നൂറു’ എന്ന സ്ഥിരം സ്ക്രിപ്റ്റിൽ ഭയം വിറ്റ് വോട്ട് കീശയിലാക്കാൻ ഇരുകൂട്ടർക്കും ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. പരസ്പരം പേടിപ്പിച്ച് കാര്യം കാണുന്ന ഈ ‘സൗഹൃദ മത്സര’ത്തിനിടയിൽ വികസനത്തെക്കുറിച്ച് ചോദിക്കാൻ ഇവിടെ ആർക്കാണ് നേരം? ആഴ്ചയിൽ നാല് ഫോട്ടോ വെള്ളയും വെള്ളയുമിട്ട് ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ് ചെയ്ത് ലൈക്ക് വാങ്ങിക്കൂട്ടുന്നതിനപ്പുറം മറ്റൊരു സ്വപ്നവും അലട്ടാത്ത പാവം ജനപ്രതിനിധികൾ, പോരാത്തതിന് ഇവിടെ അഴിമതി ആരോപണങ്ങൾ ഉയരാൻ പോലും ഒരു സാധ്യതയുമില്ല; കാരണം വല്ലതും തട്ടിക്കൂട്ടണമെങ്കിൽ ആദ്യം ഇവിടെ എന്തെങ്കിലും നടക്കണ്ടേ? ഒന്നും ചെയ്യാതിരുന്നാൽ ഒരു അന്വേഷണവും പേടിക്കണ്ട എന്ന ‘സേഫ് സോൺ’ ബുദ്ധിയിലാണ് ഇവരുടെ സകല നീക്കങ്ങളും.

അപ്പോൾപ്പിന്നെ ഓഫീസിലെ കസേര ചൂടാക്കുന്നവർക്കും പുറത്തുനിന്ന് ചരടുവലിക്കുന്ന നേതാക്കന്മാർക്കും എന്താണ് പ്രധാന പണി? “ഓള് അങ്ങനെയല്ലേ, ജോള് ഇങ്ങനെയല്ലേ…” എന്ന മട്ടിലുള്ള ശുദ്ധ പരദൂഷണവും നാട്ടുകാരുടെ അടുക്കളക്കഥകളുടെ പോസ്റ്റ്‌മോർട്ടവുമാണ് അവിടുത്തെ പ്രധാന ഔദ്യോഗിക അജണ്ട. നാട്ടിലെ സകല മനുഷ്യരുടെയും സ്വകാര്യ ജീവിതം എക്സ്-റേ എടുത്ത് ചായയും ബിസ്കറ്റും ചവച്ചരച്ച് സമയം കളയുമ്പോൾ, സ്വന്തം മൂക്കിൻതുമ്പിലെ റോഡിലേക്ക് നോക്കാൻ ആർക്കാണ് സമയം? കാസർകോടിന്റെ മുഖശ്രീയാകേണ്ട റെയിൽവേ സ്റ്റേഷൻ റോഡിലിപ്പോൾ ഒരിഞ്ച് കയ്യേറ്റം നടത്താൻ ബാക്കിയില്ല. വരുംതലമുറകൾക്ക് കൂടി സഞ്ചരിക്കാൻ പറ്റാത്ത വിധം ഈയൊരു വർഷം കൊണ്ട് ഈ റോഡിനെ പൂട്ടിക്കെട്ടിയ നഗരസഭയ്ക്ക് ‘കാസർകോടിനെ വഞ്ചിച്ചവർ’ എന്ന അവാർഡ് അല്ലാതെ മറ്റെന്താണ് നൽകേണ്ടത്, മന്ത്രിമാർക്കും കളക്ടർമാർക്കും ഒപ്പം ചിരിച്ച് പോസ് ചെയ്യുന്നതല്ലാതെ നഗരത്തിലേക്ക് ഒരു ഫണ്ട് കൊണ്ടുവരാൻ ത്രാണിയില്ലാത്ത ഇവർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയും അപാരം തന്നെ. പുതിയ ബസ് സ്റ്റാൻഡിൽ കടമുറി കിട്ടിയ വിരുതന്മാർ പഴയ നടപ്പാത മറ്റൊരാൾക്ക് മറിച്ചുവാടകയ്ക്ക് നൽകി കാശുണ്ടാക്കുമ്പോൾ, കാൽനടക്കാർ ജീവൻ കയ്യിൽപിടിച്ച് റോഡിലെ വാഹനങ്ങൾക്ക് മുന്നിലേക്ക് ഡൈവ് ചെയ്യേണ്ട ഗതികേടിലാണ്.

കുറച്ചെങ്കിലും ആശ്വാസം റോഡുകളിലാണെന്ന് കരുതി ഇറങ്ങിയാൽ അസ്ഥി ഒടിഞ്ഞത് തന്നെ മിച്ചം. ഒരടിയകലത്തിൽ ഇത്തിരി ടാർ, തൊട്ടടുത്ത് സ്വൽപ്പം കോൺക്രീറ്റ്, അത്ഭുത ‘പാച്ച് വർക്ക് വികസന’മാണ് നഗരസഭയുടെ എൻജിനീയറിങ് വിസ്മയം. റോഡിലൂടെ ഒഴുകേണ്ട ഡ്രെയിനേജാണെങ്കിൽ ഹോട്ടലുകാരുടെ മാലിന്യം കൊണ്ട് സമ്പന്നമാണ് . നഗരത്തിന്റെ നിരവധി ഇടങ്ങളിൽ ഓടങ്ങളിൽ നിന്നും മാലിന്യം റോഡുകളിൽ ഇറങ്ങി ജനം മൂക്കുപൊത്തി നടക്കുന്നു . മാലിന്യ സംസ്കരണത്തിന്റെ കഥയാണെങ്കിൽ അതിലും ഗംഭീരം; കവലകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പെട്ടിയിൽ പ്ലാസ്റ്റിക് മലകൾ കുന്നുകൂടുമ്പോൾ പാവം ജനങ്ങൾക്ക് ‘ഉറവിട മാലിന്യ സംസ്കരണ’ത്തിന്റെ ക്ലാസെടുത്ത് സ്വയം രക്ഷപ്പെടാനാണ് തിടുക്കം. ചിട്ടയായ ഒരു പാർക്കിംഗ് ഏരിയയോ, അമ്മമാർക്കും സ്ത്രീകൾക്കും കയറാൻ കൊള്ളാവുന്ന ഒരു വൃത്തിയുള്ള ശൗചാലയമോ, മഴ നനയാതെ നിൽക്കാൻ ഒരു ബസ് ഷെൽട്ടറോ ഉണ്ടാക്കാൻ താല്പര്യമില്ലാത്തവർ മാസം തോറും കൗൺസിൽ യോഗം കൂടി ചായകുടിച്ച് പിരിയുകയാണ്. ചുരുക്കത്തിൽ, നാടിനെ എൺപതുകളിലെ കാടത്തത്തിൽ തന്നെ പിടിച്ചിരുത്തി പരദൂഷണത്തിൽ ഡോക്ടറേറ്റ് നേടുന്ന ഭരണസമിതി, സ്വന്തം ജനതയുടെ ക്ഷമയെയാണ് ഓരോ ദിവസവും വലിപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്. നഗരസഭയുടെ കടുകാര്യസ്ഥത ചൂണ്ടിക്കാട്ടി നാട് നന്നാകണമെന്ന് ആഗ്രഹിക്കുന്ന പൊതുപ്രവർത്തകർ കുറിപ്പുകൾ വീഡിയോകളും പങ്കുവെച്ചാൽ നാടുമായി പുരബന്ധമില്ലാത്ത വർഷങ്ങളായി അന്യനാടുകളിൽ കഴിയുന്നവർ തലച്ചോറിനു പകരം രാഷ്ട്രീയം മാത്രം ക്രമീകരിച്ചിരിക്കുന്ന ആളുകള് സോഷ്യൽ മീഡിയയിൽ വാളും പരിചയമായി ഇറങ്ങും . വിമർശനമുന്നയിച്ചവരെ പരമാവധി പരിഹസിക്കാൻ ആയിരിക്കും ഇവർ ശ്രമിക്കുന്നത് ,ഇനി വിമർശനവുമായി ഈ വഴിക്ക് വരരുത് എന്നതാണ് ഇവരുടെ ചട്ടം .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *