മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിൽ സ്വന്തം പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച സംഭവത്തിൽ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പയുടെയും മകനും ഗോവിന്ദരാജനഗർ എം.എൽ.എയുമായ പ്രിയാകൃഷ്ണയുടെയും അനുയായികൾക്കെതിരെയാണ് നടപടി.
മന്ത്രിസഭാ രൂപീകരണത്തിൽ പ്രിയാകൃഷ്ണയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വിജയനഗർ, മാഗഡി റോഡ്, മൈസൂരു റോഡ്, ബ്യാഡരഹള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. ടയറുകൾ കത്തിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സോഷ്യൽ മീഡിയയിലും പ്രതിഷേധത്തിന്റെ നിരവധി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

പ്രതിഷേധത്തിനിടെ ചന്ദ്രാ ലേഔട്ടിന് സമീപത്തുവെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂട്ടി സ്ഥിതിഗതികൾ മനസ്സിലാക്കി വാഹനവ്യൂഹം മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.
സംഭവത്തെ തുടർന്ന് മാഗഡി റോഡ്, വിജയനഗർ, ബ്യാഡരഹള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങളും വീഡിയോ തെളിവുകളും പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
മന്ത്രിസഭാ വികസനത്തിൽ പ്രിയാകൃഷ്ണയെ കൃഷ്ണപ്പയും പ്രിയാകൃഷ്ണയും ശക്തമായ ജനകീയ സ്വാധീനമുള്ള നേതാക്കളായതിനാൽ ഇവരെ അവഗണിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്



