കാസർകോട് ലോഡ്ജിൽ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം , ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു ; നായന്മാർമൂല അക്കരപ്പുള്ളത്തെ അമീലി , മധൂർ എസ്.പി നഗറിലെ സാബിത്ത് എന്നിവർ അറസ്റ്റിൽ
കാസർകോട് നഗരത്തിൽ പെൺസുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിന് നേരെ സദാചാര ഗുണ്ടാ സംഘത്തിന്റെ ക്രൂരമായ ആക്രമണവും കവർച്ചയും. പനത്തൂർ കോളിച്ചാൽ പാറക്കടവിലെ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് ഉദൈഫാണ് (22) ഈ ഞെട്ടിക്കുന്ന സംഭവത്തിന് ഇരയായത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഉദൈഫും പെൺസുഹൃത്തും മുറിയെടുത്തത്. എന്നാൽ, വൈകുന്നേരം 4.30നും രാത്രി 8 മണിക്കും ഇടയിൽ മൂന്നംഗ സംഘം ഇവർ താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. നായന്മാർമൂല അക്കരപ്പുള്ളത്തെ അമീലി (30), മധൂർ എസ്.പി നഗറിലെ സാബിത്ത് (30), ഒപ്പം ഒരു പതിനേഴുകാരൻ എന്നിവരടങ്ങുന്ന സംഘമാണ് ഈ അതിക്രമത്തിന് പിന്നിൽ.

മുറിയിൽ അതിക്രമിച്ചു കയറിയ അമീലി ഉദൈഫിനെ മർദ്ദിക്കുകയും, ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കമ്മൽ ഊരിവാങ്ങുകയും ചെയ്തു. തുടർന്ന് സാബിത്ത് യുവാവിന്റെ എ.ടി.എം കാർഡ് പിടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തി പിൻ നമ്പർ കൈക്കലാക്കി അക്കൗണ്ടിൽ നിന്ന് 10,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ യുവാവ് ഉടൻ തന്നെ കാസർകോട് ടൗൺ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുകയും, മണിക്കൂറുകൾക്കുള്ളിൽ അമീലിനെയും സാബിത്തിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കവർച്ചാ സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പതിനേഴുകാരനായ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ സാബിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്



